എന്‍സിപി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ അജിത് പവാറിനെ തള്ളി കേരളത്തിലെ നേതാക്കള്‍. മഹാരാഷ്ട്രയില്‍ എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സഖ്യസര്‍ക്കാര്‍ രൂപീകരണത്തെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തില്‍ അജിത് പവാര്‍ വീണുപോയെന്ന് കേരളത്തിലെ നേതാക്കള്‍ പ്രതികരിച്ചു. പാര്‍ട്ടിയുടെ നയപരിപാടികളില്‍ ഉറച്ചുനില്‍ക്കുമെന്ന് എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി പി പീതാംബരന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ ഒരു ചെറിയ വിഭാഗത്തെ അടര്‍ത്തിയെടുത്ത് അധികാരം പിടിക്കുകയാണ് ബിജെപി ചെയ്തത്. അജിത് പവാറിന് അദ്ദേഹത്തിന്റേതായ താല്‍പര്യങ്ങള്‍ ഉണ്ടാകുമായിരിക്കും. ബിജെപിയുടെ ജനാധിപത്യവിരുദ്ധമായ നടപടികളുടെ മറ്റൊരു ഉദാഹരണമാണിതെന്നും ടി പി പീതാംബരന്‍ ചൂണ്ടിക്കാട്ടി.
കുറച്ചുപേര്‍ കൂറുമാറിപ്പോയാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന് പറയാനാകില്ല. വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോയവരെ തള്ളിപ്പറയും. ജനങ്ങള്‍ അവര്‍ക്കെതിരാണ്.ടി പി പീതാംബരന്‍
അജിത് പവാറും കൂടെയുള്ളവരും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ സംഭവവികാസങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗതമന്ത്രിയുമായ എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ പാര്‍ട്ടി കൈക്കൊണ്ട നിലപാടുമായി കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒട്ടും യോജിപ്പില്ല. കേരളത്തിലെ എന്‍സിപി എന്നും സ്വീകരിച്ചിട്ടുള്ളത് ഇടതുപക്ഷ രാഷ്ട്രീയമാണ്. അത് തുടരും. നിലപാടില്‍ മാറ്റമില്ലാതെ ഇപ്പോഴത്തെ രാഷ്ട്രീയവുമായി മുന്നോട്ട് പോകുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. ഇടതുപക്ഷത്തോടൊപ്പം തന്നെ നില്‍ക്കുമെന്ന് എംഎല്‍എ മാണി സി കാപ്പനും ആവര്‍ത്തിച്ചു.
കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ബിജെപിയുമായുള്ള ഒരു ബാന്ധവത്തെയും അനുകൂലിക്കാനാവുകയില്ല. ഒരിക്കലും ബിജെപിയെ അനുകൂലിക്കുകയും ഇല്ല.മാണി സി കാപ്പന്‍
എന്‍സിപിയെ ഇടത് മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് മതനിരപേക്ഷത ഉയര്‍പ്പിടിക്കുന്നെങ്കില്‍ എന്‍സിപിയെ പുറത്താക്കണം. വിഷയത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം