ലിവിങ് ടുഗദര്‍ ബന്ധത്തിലായിരുന്ന യുവാവില്‍ നിന്ന് അത്രമേല്‍ ആക്രമണ ഭീഷണിയുള്ളതിനാലാണ് ദുരവസ്ഥ തുറന്നുപറഞ്ഞതെന്ന് നടി അഞ്ജലി അമീര്‍ ദ ക്യുവിനോട്. എന്തെങ്കിലും പറ്റുന്നതിന് മുന്‍പ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തുകയായിരുന്നുവെന്നും അഞ്ജലി പറഞ്ഞു. കടുത്ത മാനസിക പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തന്റെ പഠനത്തെയും ഇത് ബാധിക്കുന്നുവെന്നും അഞ്ജലി സാക്ഷ്യപ്പെടുത്തുന്നു. അനസ് വി.സി എന്നയാള്‍ക്കെതിരെയാണ് അഞ്ജലി കഴിഞ്ഞദിവസങ്ങളില്‍ എഫ് ബി പോസ്റ്റുകളിലൂടെ രംഗത്തെത്തിയത്. ഇയാളില്‍ നിന്ന് ഭീഷണി നേരിടുന്നതായി കോഴിക്കോട് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ലിവിങ് ടുഗദര്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചതോടെ കൊല്ലുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നുമാണ് അഞ്ജലി വെളിപ്പെടുത്തിയത്.
താന്‍ നല്‍കിയ പരാതിയില്‍ ചേവായൂര്‍ പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച മൊഴി രേഖപ്പെടുത്താന്‍ ചെല്ലാനാവശ്യപ്പെട്ടിട്ടുണ്ട്. അനസിനെയും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അവര്‍ ദ ക്യുവിനോട് പറഞ്ഞു. തെറ്റിദ്ധാരണമൂലമാണ് അഞ്ജലിയുടെ പ്രതികരണമെന്ന അനസിന്റെ വാദം നടി തള്ളി. തനിക്ക് ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് കാലുപിടിച്ച് പറഞ്ഞതാണ്. എന്നാല്‍ ഇയാള്‍ ഭീഷണി തുടരുകയാണ്. നേരത്തേ ഗള്‍ഫിലായിരുന്നു ജോലി. എന്നാല്‍ ഒന്നരവര്‍ഷമായി ഇയാള്‍ ജോലിക്കൊന്നും പോകുന്നില്ലെന്നും അഞ്ജലി പറയുന്നു. ഇയാളില്‍ നിന്ന് ഇപ്പോള്‍ മാറിത്താമസിക്കുകയാണെന്നും കോഴിക്കോട് ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ത്ഥിയായ അഞ്ജലി പറഞ്ഞു. കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇയാളെ പരിചയപ്പെടുന്നത്. രണ്ടേകാല്‍ വര്‍ഷത്തെ പരിചയമാണുള്ളത്. കൊടുവള്ളിയാണ് യുവാവിന്റെ വീടെന്നും കുടുംബവുമായി നേരത്തേയും ഇയാള്‍ അത്ര അടുപ്പത്തിലല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ജലി വീഡിയോയിലൂടെ വെളിപ്പെടുത്തിയത്
ഒരാള്‍ വല്ലാതെ മാനസികമായി ഉപദ്രവിക്കുന്നുവെന്നും ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങള്‍കൊണ്ടും ലിവിങ് ടുഗദറില്‍ ഏര്‍പ്പെടേണ്ടിവന്നു. അയാളുടെ കൂടെ ജീവിച്ചില്ലെങ്കില്‍ കൊന്നുകളയും, ആസിഡ് മുഖത്തൊഴിക്കും എന്നൊക്കെ ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ്. അയാള്‍ക്കൊപ്പം ജീവിക്കാന്‍ ഒരുതരത്തിലും താന്‍ ആഗ്രഹിക്കുന്നില്ല. ലോകത്ത് ഒരാളെ വെറുക്കുന്നുണ്ടെങ്കില്‍ അയാളെയാണ്. വിഷയത്തില്‍ കമ്മീഷണര്‍ക്ക് പരാതി കൊടുത്തിട്ടുണ്ട്. ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഇയാള്‍ മൂലമായിരിക്കുമെന്നാണ് പരാതി. അഞ്ച് ലക്ഷം രൂപയോളം തരാനുണ്ട്. മാനസികമായ അടുപ്പമില്ലെങ്കിലും ഞങ്ങള്‍ ഒരു വീട്ടിലായിരുന്നു താമസം. ഒരുതരത്തിലും യോജിച്ച് പോകാന്‍ കഴിയുന്നതിന് അപ്പുറമുള്ള സ്വഭാവമാണ് അയാളുടേത്. കോളജില്‍ ഡ്രോപ് ചെയ്താല്‍ അവിടെ തന്നെ നിന്ന് നീരീക്ഷിക്കും, എവിടെ പോകുന്നു, ആരോട് സംസാരിക്കുന്നു എന്നെല്ലാം നോക്കും. ഫ്രണ്ട്‌സിനെ വിളിച്ച് എന്നെക്കുറിച്ച് അന്വേഷിക്കും. കോളജിലെ ശിങ്കിടികളെ വിളിച്ച് ചോദിക്കും. ഓരോന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കും. ഞാന്‍ ജോലിയെടുത്ത് നേടുന്ന പണം മുഴുവന്‍ മേടിക്കും. ഒന്നര വര്‍ഷമായി ജോലിക്ക് പോകാറില്ല. ഒരുമിച്ച് ജീവിക്കാന്‍ ഒട്ടും താല്‍പ്പര്യമില്ലെന്ന് ഒന്നരവര്‍ഷമായി കാലുപിടിച്ച് പറയുന്നു. അയാളോട് ഒരു പ്രണയവുമില്ലെന്ന് പറഞ്ഞു. എനിക്ക് മാതാപിതാക്കളില്ലാത്തതുകൊണ്ട് ചോദിക്കാനും പറയാനും ആരുമില്ലെന്നാണ് കരുതുന്നത്. താനിപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. അത്രയ്ക്ക് മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുന്ന അവസ്ഥയാണ്. എനിക്ക് എന്തെങ്കിലും പറ്റിയാല്‍ വേറാരുമില്ല പറയാന്‍. പേഴ്‌സണല്‍ ലൈഫിനെക്കുറിച്ചൊക്കെ ഇങ്ങനെ വന്ന് പറയുന്നത് മോശമാണെന്ന് അറിയാം. വേറൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ്. കാലും കയ്യും പിടിച്ച് എന്നെ ഒഴിവാക്കാന്‍ പറഞ്ഞാണ്. ഞാന്‍ അയാള്‍ക്കോ, അയാളുടെ കുടുംബത്തിനോ ഒരു പ്രശ്‌നവുമുണ്ടാക്കുന്നില്ല. അനസ് വി.സിയെന്നാണ് അയാളുടെ പേര്, കൊടുവള്ളിയാണ് വീട്. ദയവ് ചെയ്ത് എന്നെയൊന്ന് ഒഴിവാക്കിത്താ. ഞാന്‍ വേറെവിടെയെങ്കിലും വീടെടുത്ത് താമസിച്ചോളാം എന്നുമായിരുന്നു പൊട്ടിക്കരഞ്ഞുകൊണ്ടുള്ള അഞ്ജലിയുടെ വാക്കുകള്‍.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം