പഞ്ചാബ് സന്‍ഗ്രൂരില്‍ സവര്‍ണരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ ദളിത് യുവാവ് മരിച്ചു. 37 കാരനായ ജഗ്മൈല്‍ സിംഗാണ് മരിച്ചത്. ഈ മാസം 7 നാണ് ഇയാളെ ഒരു സംഘം ക്രൂരമായി വേട്ടയാടിയത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവാവിനെ നാലംഗസംഘം തൂണില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വെള്ളം ചോദിച്ചപ്പോള്‍ നിര്‍ബന്ധപൂര്‍വം മൂത്രം കുടിപ്പിക്കുകയും ചെയ്ത് തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒടുവില്‍ ചണ്ഡീഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജഗ്മൈലിന്റെ രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടിയുംവന്നു.. തല്ലിച്ചതച്ചതിനെ തുടര്‍ന്നുണ്ടായ അണുബാധ പടരാതിരിക്കാനായിരുന്നു ഇത്. ഒരു കാല്‍ മുട്ടിന് മുകളില്‍ വെച്ചും ഒരു കാല്‍ തുടയില്‍ വെച്ചും നീക്കുകയായിരുന്നു.
പിന്നാലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച മരണം സംഭവിച്ചു. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്നതായിരുന്നു ജഗ്മൈല്‍ സിംഗിന്റെ കുടുംബം. സംഭവത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. റിങ്കു, അമര്‍ജീത് സിംഗ്, ലക്കി, ബീറ്റ എന്നിവരാണ് ജഗ്മൈലിനെ നിഷ്ഠൂരമായി മര്‍ദ്ദിച്ചത്. കൊലപാതകമടക്കം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഒക്ടോബറില്‍ ജഗ്മൈലും ഇവരും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഇത് അപ്പോള്‍ തന്നെ പരിഹരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നവംബര്‍ 7 ന് ജഗ്മൈലിനെ നിര്‍ബന്ധപൂര്‍വം അക്രമികളിലൊരാളുടെ വീട്ടിലെത്തിച്ചു. ശേഷം കെട്ടിയിട്ട് ഇരുമ്പുവടികൊണ്ടടക്കം പ്രഹരിച്ചു. വെള്ളം ചോദിച്ചപ്പോള്‍ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലാണ് 37 കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ശനിയാഴ്ച നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. വിഷയത്തില്‍ ഇടപെട്ട പഞ്ചാബ് പട്ടികജാതി കമ്മീഷന്‍, എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പൊലീസിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ദളിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആഹ്വാനം ചെയ്തു. പൊലീസ് യഥാസമയം മതിയായ ചികിത്സ ലഭ്യമാക്കാതെ ഗുരുതര വീഴ്ച വരുത്തിയെന്ന് സംഘടനകള്‍ ആരോപിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം