ബിഹാറിലെ മുസഫര്‍പൂരില്‍ ബലാത്സംഗം ചെറുത്ത 26 കാരിയെ ജീവനോടെ തീക്കൊളുത്തി. ഞായറാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. 80 ശതമാനത്തിലേറെ പൊളളലേറ്റ് ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരമാണ്. അയല്‍വാസിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. യുവതി വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ അതിക്രമിച്ചുകയറി ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.
പെണ്‍കുട്ടി ഇത് ചെറുത്തതോടെ ഇയാള്‍ തീക്കൊളുത്തി. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി അഹിയാപൂര്‍ പൊലീസ് അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയായ അമ്മ ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. മൂന്ന് വര്‍ഷമായി ഇയാള്‍ തന്റെ മകളെ ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്ന് 26 കാരിയുടെ അമ്മ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അവര്‍ വിശദീകരിച്ചു.
ഹൈദരാബാദ്, ഉന്നാവോ സംഭവങ്ങള്‍ക്ക് പിന്നാലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രാജ്യത്ത് ജനരോഷം ശക്തമായിരിക്കെയാണ് തുടര്‍ സംഭവങ്ങളുണ്ടാകുന്നത്. കഴിഞ്ഞ ദിവസം, തൃപുരയില്‍ 17 കാരിയെ രണ്ട് മാസത്തോളം മുറിയില്‍ തടവിലാക്കി ബലാത്സംഗം ചെയ്തശേഷം പ്രതിയായ കാമുകനും അയാളുടെ അമ്മയും ചേര്‍ന്ന് തീക്കൊളുത്തി കൊലപ്പെടുത്തിയിരുന്നു. ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മുസഫര്‍പൂരില്‍ പെണ്‍കുട്ടിയുടെ മുഖത്ത് പ്രതികള്‍ ആസിഡ് ഒഴിച്ച സംഭവവും ഞായറാഴ്ച പുറത്തുവന്നിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം