രാജ്യത്തെ ബിസ്‌കറ്റ് നിര്‍മ്മാതാക്കളില്‍ ഒന്നാം സ്ഥാനമുള്ള പാര്‍ലേ ജി പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യവും ആവശ്യക്കാരുടെ കുറവുമാണ് പ്രതികൂലമായി ബാധിച്ചത്. ഒരു ലക്ഷത്തോളം പേരാണ് പാര്‍ലേജിയില്‍ തൊഴിലെടുക്കുന്നത്. നേരിട്ടുള്ള 10 ഉല്‍പ്പാദനകേന്ദ്രങ്ങളും കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 125 സ്ഥാപനങ്ങളുമുണ്ട്. ഉല്‍പ്പാദനം ഗണ്യമായ തോതില്‍ കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എട്ടായിരം മുതല്‍ പതിനായിരം തൊഴിലാളികളെയെങ്കിലും പിരിച്ചുവിടേണ്ടി വരുമെന്ന് മായങ്ക് ഷാ എന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
സ്ഥിതി വളരെ ഗുരുതരമാണ്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണം, ഇല്ലെങ്കില്‍ കൂട്ടപ്പിരിച്ചുവിടല്‍ അനിവാര്യമാകുമെന്നും അദ്ദേഹം പറഞ്ഞു.2017 ല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി)) അവതരിപ്പിച്ചതുമുതലാണ് കമ്പനി പ്രതിസന്ധിയിലേക്ക് നീങ്ങിയത്. നികുതി ഭാരമുണ്ടായതോടെ പായ്ക്കുകളില്‍ ബിസ്‌കറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധിതമായി. ഇതോടെ ഗ്രാമീണ ഇന്ത്യക്കാരില്‍ പാര്‍ലേ ജിയോടുള്ള പ്രതിപത്തി കുറഞ്ഞു. 5 രൂപയുടെ പായ്ക്കിന്റെ വില്‍പ്പനയില്‍ പോലും വലിയ ഇടിവാണുണ്ടായത്. കമ്പനിയുടെ വരുമാനത്തിന്റെ പകുതിയിലേറെയും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നാണ്. തങ്ങള്‍ നല്‍കുന്ന തുകയ്ക്ക് എത്ര ബിസ്‌കറ്റുകള്‍ ലഭിക്കുമെന്ന കാര്യത്തില്‍ ആളുകള്‍ ബദ്ധശ്രദ്ധരാണെന്നും മായങ്ക് ഷാ പറയുന്നു.
1.4 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം രേഖപ്പെടുത്തിയിരുന്നു പാര്‍ലേ ജി. എന്നാല്‍ ജിഎസ്ടി പ്രഹരമേല്‍പ്പിച്ചപ്പോള്‍ നികുതിയില്‍ പുനര്‍വിചിന്തനം വേണമെന്ന് കമ്പനി ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. 1929 ലാണ് പാര്‍ലേ ജി ആരംഭിചിച്ചത്. 1880,90 കാലഘട്ടങ്ങളില്‍ കമ്പനി വന്‍ പ്രചാരം നേടി. 2003 ല്‍ ലോകത്തെ ഏറ്റവും വലിയ ബിസ്‌കറ്റ് നിര്‍മ്മാതാക്കളായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി വിവിധ മേഖലകളില്‍ തൊഴില്‍നഷ്ടം രൂക്ഷമാക്കുന്നതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണിത്. രാജ്യത്തിന്റെ ഓട്ടോമൊബൈല്‍ മേഖല തകര്‍ച്ച നേരിടുന്നതിന്റെ വാര്‍ത്തകള്‍ ഇക്കഴിഞ്ഞയിടെ പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് മാന്ദ്യം പ്രകടമാണെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.