കൊച്ചി പാലാരിവട്ടത്ത് റോഡിലെ മാസങ്ങളായി മൂടാതിരുന്ന കുഴി മൂലം യുവാവ് അപകടത്തില്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അപകടകരമായ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി നാല് പിഡബ്ലിയുഡി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ഇ പി സൈനബ, സൂസന്‍ സോളമന്‍ തോമസ് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ കെ എന്‍ സുര്‍ജിത്, പികെ ദീപ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വകുപ്പ് മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പിഡബ്ലിയുഡി വിജിലന്‍സ് വിഭാഗത്തോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം അപകടത്തില്‍ മരിച്ച യദുലാലിന്റെ (23) കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. യുവാവിന്റെ മരണത്തേത്തുടര്‍ന്ന് ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് പണം ഈടാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു.
ഉദ്യോഗസ്ഥര്‍ കൃത്യമായി ശമ്പളം വാങ്ങുകയും വിരമിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ജനങ്ങളുടെ കാര്യത്തില്‍ മാത്രം ഉത്തരവാദിത്തമില്ല.ഹൈക്കോടതി
വഴി വിളക്കുകള്‍ പോലും തെളിയാത്ത അവസ്ഥയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുഴി അടക്കും എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ സര്‍ക്കാര്‍ കുഴി അടയ്ക്കാന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി ശകാരിച്ചിരുന്നു. ചെറുപ്രായത്തിലാണ് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്. മരിച്ച യുവാവിന്റെ മാതാപിതാക്കളോട് മാപ്പ് പറയുന്നു. നാണക്കേട് കൊണ്ട് തലകുനിഞ്ഞുപോകുന്നു. എത്ര ജീവന്‍ ബലികൊടുത്താലാണ് ഈ നാട് നന്നാകുക? കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് മനസിലാകില്ല. മരിച്ച യദുലാലിന്റെ കുടുംബത്തിന്റെ അവസ്ഥ ആരും മനസിലാക്കാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.
കൂനമ്മാവ് സ്വദേശി യദുലാല്‍ (23) ആണ് ഇന്നലെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. പൈപ്പ് പൊട്ടിയുണ്ടായ കുഴിയുടെ സമീപത്ത് അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി ബൈക്ക് യാത്രികന്‍ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നിലൂടെ വന്ന ടാങ്കര്‍ ലോറി യദുവിന്റെ ദേഹത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായ പരുക്കേറ്റ യദുവിനെ പിന്നാലെ വന്ന കാറില്‍ പാലാരിവട്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച്ച രാവിലെ എട്ട് മണിക്കായിരുന്നു അപകടം. ആഴ്ച്ചകള്‍ക്ക് മുമ്പ് കടവന്ത്ര-വൈറ്റില റോഡിലെ കുഴി ഇരുചക്രവാഹന യാത്രക്കാരന്റെ ജീവനെടുത്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ്, കാക്കനാട് കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ യുവാവിന് ജീവന്‍ നഷ്ടമായ സംഭവമുണ്ടായി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം