പാലാരിവട്ടത്ത് മേല്‍പ്പാലം നിര്‍മ്മിച്ചത് ദേശീയപാത അതോറിറ്റിയുടെ അനുമതിയില്ലാതെ.മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ദേശീയപാതാ അതോറിറ്റി സുരക്ഷാ പരിശോധനയും നടത്തിയിട്ടില്ലെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. യുപിഎ സര്‍ക്കാരിന്റെ ഭരണ കാലയളവില്‍ 2014 സെപ്റ്റംബറിലാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. ഈ കാലയളവില്‍ സംസ്ഥാനത്ത് യുഡിഎഫ് ഭരണവുമാണ്. ഈ അനുകൂല സാഹചര്യത്തിന്റെ ബലത്തില്‍ ദേശീയ പാത അതോറിറ്റിയുടെ അനുമതിയില്ലാതെ നിര്‍മ്മാണം നടത്തുകയായിരുന്നു.
അതേസമയം വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് അനുമതി തേടിയിട്ടുമുണ്ട്. ഇതില്‍ ദേശീയ പാത അതോറിറ്റി അംഗീകാരം നല്‍കുകയും ചെയ്തു. 2016 ഫെബ്രുവരിയിലാണ് ഇതുസബന്ധിച്ച് കത്ത് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ അനുമതി ലഭിച്ചു. ഇവിടങ്ങളില്‍ മേല്‍പ്പാലം ഒരുക്കുമ്പോള്‍ ആ ഭാഗത്തെ റോഡിന്റെ അറ്റക്കുറ്റപ്പണി പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്വമായിരിക്കും എന്നും സംസ്ഥാനത്തോട് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പാലാരിവട്ടത്തിന്റെ കാര്യത്തില്‍ ഇതൊന്നും ഉണ്ടായിട്ടില്ല. ദേശീയ പാത ആതോറിറ്റിയുടെ അനുമതിയോടെയല്ല പാലം നിര്‍മ്മിച്ചതെന്ന് വ്യക്തമായതിനാല്‍ അഴിമതിയില്‍ സിബിഐ അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡിബി ബിനു ആവശ്യപ്പെട്ടു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം