പാലക്കാട് മെഡിക്കല്‍ കോളേജില്‍ അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നു. മെയ് 29ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. താല്‍ക്കാലികാധ്യപകരില്‍ മെഡിക്കല്‍ കൊണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരെ പ്രത്യേക കേസായി പരിഗണിച്ച് സ്ഥിരപ്പെടുത്താനാണ് തീരുമാനമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ഇത് പ്രകാരം 153 താല്‍ക്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്തും.
പി എസ് സി വഴിയല്ലാതെ നിയമനം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. പട്ടികജാതി വകുപ്പിന് കീഴിലാണ് പാലക്കാട് മെഡിക്കല്‍ കോളേജ്. മുഖ്യമന്ത്രി ചെയര്‍മാനും പട്ടികജാതി ക്ഷേമമന്ത്രി വൈസ്‌ചെയര്‍മാനുമായി ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഭരണചുമതല. 800 കോടി ചിലവഴിച്ചാണ് കോളേജ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാന്‍ 224 തസ്തികകള്‍ വേണമെന്നതാണ് സ്ഥിരനിയമനം നടത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഇതേ കോളേജില്‍ നടത്തിയ നിയമനം വിവാദമാകുകയും വിജിലന്‍സ് കേസെടുക്കുകയും ചെയ്തിരുന്നു. നിയമനത്തിന് കോഴ വാങ്ങിയെന്നാരോപിച്ച് സിപിഎമ്മും ഡിവൈഎഫ്‌ഐയും സമരം നടത്തി. നിയമസഭയില്‍ ഇതിനെതിരെ പോരാട്ടം നടത്തിയ എ കെ ബാലന്‍ വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ തന്നെ ഡോക്ടര്‍മാരെ സ്ഥിരപ്പെടുത്തുന്നതാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. അധ്യാപകഅനധ്യാപക തസ്തികകളിലായി 170 താല്കാലിക ജിവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്.
താല്‍ക്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാനുള്ള പരീക്ഷയില്‍ നേരത്തെ ക്രമക്കേട് കണ്ടെത്തിയിരുന്നു. 12 തസ്തികകളിലേക്കായിരുന്നു അന്ന് നിയമനം. 400 പേര്‍ അപേക്ഷിച്ചു. റാങ്ക് ലിസ്റ്റില്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു പരാതി. നിയമനത്തില്‍ പരാതി ഉയര്‍ന്നഘട്ടത്തിലാണ് പ്രതിപക്ഷത്തായിരുന്ന സി പി എം പി എസ് സിക്ക് വിടാന്‍ ആവശ്യപ്പെട്ടത്. വിജിലന്‍സ് അന്വേഷണത്തില്‍ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന എസ് സുബ്ബയ്യയെ പ്രതി ചേര്‍ത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും മുന്‍ മുഖ്യമന്ത്രി എ പി അനില്‍കുമാറിനും എതിരെ തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.