ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ഉപാധികളോടെ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം. അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ട് 106ാം ദിവസമാണ് ജാമ്യം. രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെയ്ക്കണം, രാജ്യം വിടരുത്, പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം, അന്വേഷണത്തോട് സഹകരിക്കണം, കേസ് സംബന്ധിച്ച് പ്രസ്താവനകള്‍ പാടില്ല തുടങ്ങിയവയാണ് ഉപാധികള്‍. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് പരമോന്നത കോടതി ജാമ്യം അനുവദിച്ചത്.സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തേ സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു. ഒക്ടോബര്‍ 16 നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മുന്‍ ആഭ്യന്തര-ധനകാര്യ മന്ത്രിയായ ചിദംബരത്തെ അറസ്റ്റ് ചെയ്തത്.
അതിനിടെ ഡല്‍ഹി റോസ് അവന്യൂ കോടതി ചിദംബരത്തിന്റെ റിമാന്‍ഡ് അടുത്തമാസം 11 വരെ നീട്ടിയിരുന്നു. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിച്ച്, ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് ന്യൂസില്‍ അനധികൃതമായി വിദേശനിക്ഷേപം കൊണ്ടുവരാന്‍ കൂട്ടുനിന്നുവെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇതിന് പ്രതിഫലമായി കമന്‍ കാര്‍ത്തി ചിദംബരത്തിന് പണവും പദവിയും ലഭിച്ചുവെന്നുമാണ് കേസ്. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷാ ചിദംബരത്തിനെതിരെ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. പി ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ അറസ്റ്റിലാവുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തിരുന്നു.
2010 ല്‍ മന്‍മോഹന്‍ മന്ത്രിസഭയില്‍ പി ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെയായിരുന്നു ഇത്. 2005 ലാണ് സൊറാബുദ്ധീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. സൊറാബുദ്ധീനും ഭാര്യ കൗസര്‍ബിയും മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്ക് യാത്ര ചെയ്യവെ ഹൈദരാബാദില്‍ നിന്ന് ഗുജറാത്ത് പൊലീസ് സംഘം തട്ടിക്കൊണ്ടുപോയെന്നും നവംബറില്‍ ഗാന്ധിനഗറില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്. ഇതില്‍ 2010 ജൂലൈയില്‍ സിബിഐ അമിത്ഷായെ അറസ്റ്റ് ചെയ്തു. 97 ദിവസത്തിന് ശേഷം ശേഷം 2010 ഒക്ടോബര്‍ 29 നാണ് അമിത്ഷായ്ക്ക് ജാമ്യം ലഭിച്ചത്. ഇതിന് പ്രതികാരമായി ചിദംബരത്തെ കുടുക്കിയെന്നാണ് കോണ്‍ഗ്രസ് വാദം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം