News n Views

ഗുജറാത്ത് കലാപക്കേസ് തള്ളിയതാണ് മോഡിയുടെ ഏറ്റവും വലിയ വിജയം: അമര്‍ത്യാ സെന്‍

THE CUE

ഗുജറാത്ത് കലാപക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും വലിയ വിജയമെന്ന് നൊബേല്‍ സമ്മാനജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്‍. യുഎസ് മാധ്യമമായ 'ദ ന്യൂയോര്‍ക്കറിന്' നല്‍കിയ അഭിമുഖത്തിലാണ് അമര്‍ത്യാ സെന്നിന്റെ പ്രതികരണം. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട 2002 ഗുജറാത്ത് കലാപത്തില്‍ മോഡിയ്ക്ക് പങ്കില്ലേയെന്നും ഇപ്പോഴും തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കുറിച്ചും മാധ്യമപ്രവര്‍ത്തകന്‍ ഐസക് കോട്ടിനര്‍ ചോദിച്ചപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ നല്‍കിയ മറുപടിയിങ്ങനെ.

2002 ഗുജറാത്ത് കൊലകളില്‍ തനിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെയുള്ള കേസ് തള്ളിക്കളയുന്ന കോടതിയെ ലഭിച്ചതാണ് മോഡിയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്.
അമര്‍ത്യാ സെന്‍

കോടതി കേസ് തള്ളിക്കളഞ്ഞതിനാല്‍ മോഡിയ്ക്ക് കലാപത്തില്‍ പങ്കില്ലെന്നാണ് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല മതങ്ങളേയും ജനവിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന ബഹുസ്വര ഇന്ത്യയ്ക്കായുള്ള വിശാല കാഴ്ച്ചപ്പാട് മോഡിക്കില്ല. ചെറുപ്പം മുതല്‍ ആര്‍എസ്എസുമായാണ് മോഡിയുടെ ബന്ധം. കാഴ്ച്ചപ്പാടും ആ പ്രൊപ്പഗാണ്ടയ്ക്ക് അനുസരിച്ചാണെന്ന് അമര്‍ത്യ സെന്‍ പറഞ്ഞു.

മോഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ഗുജറാത്ത് വംശഹത്യയില്‍ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. 2002 ഫെബ്രുവരി 27ന് വിളിച്ചുചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ രോഷം പ്രകടിപ്പിക്കാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് മോഡി പറഞ്ഞതായി സഞ്ജീവ് ഭട്ട് ഐപിഎസ് വെളിപ്പെടുത്തിയിരുന്നു.  
ഭരണഘടനാ സമിതിയുടെ വിശകലനങ്ങളില്‍ ഊന്നിയുള്ളതാണ് ഇന്ത്യന്‍ ഭരണഘടന. ബിജെപി പോലെ ശക്തമായ അധികാരമുള്ള ഒരു പാര്‍ട്ടിക്ക് സാഹചര്യങ്ങള്‍ എളുപ്പത്തില്‍ അട്ടിമറിക്കാന്‍ കഴിയുമെന്ന വസ്തുത അവര്‍ കാണാതെ പോയി.
അമര്‍ത്യാ സെന്‍

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച പാര്‍ട്ടി ബിജെപിയാണ്. ബിസിനസ് ലോകത്തിന്റെ വന്‍ പിന്തുണ ബിജെപിക്കുണ്ടായിരുന്നു. വലിയ ഭൂരിപക്ഷത്തോടെ ബിജെപിയാണ് ജയിച്ചത്. പക്ഷെ, തെരഞ്ഞെടുപ്പ് വ്യവസ്ഥയ്ക്ക് അതിന്റേതായ ന്യൂനതകളുണ്ട്. അമേരിക്കന്‍ സാഹചര്യത്തില്‍ പോലും അത് കാണാവുന്നതാണ്. മോഡി നേടിയ വന്‍ ഭൂരിപക്ഷം 40 ശതമാനത്തില്‍ താഴെയുള്ള വോട്ടുകള്‍ കൊണ്ടായിരുന്നെന്നും അമര്‍ത്യാ സെന്‍ വ്യക്തമാക്കി.

ഇന്ന് എല്ലാം നിയന്ത്രിക്കുന്നത് എന്തും നിരീക്ഷിക്കാനും എല്ലാറ്റിലും ഇടപെടാനും ആഗ്രഹിക്കുന്ന തീവ്ര ഹിന്ദുത്വ ഗവണ്‍മെന്റാണ്.
അമര്‍ത്യാ സെന്‍

ഇന്ന് ബീഫ് കഴിച്ചു എന്നതിന്റെ പേരില്‍ ഒരു മുസ്ലീമിനെ ക്രൂശിക്കാം എന്ന അവസ്ഥയായി. ബീഫ് നിരോധനത്തിന് പോലും വേദകാലത്തിന്റെ പിന്തുണയില്ല. ബീഫ് കഴിക്കല്‍ പതിവായിരുന്നു എന്നതിന് വേദങ്ങള്‍ അടക്കമുള്ള പല പുരാതനഗ്രന്ഥങ്ങളിലും തെളിവുണ്ട്. ഇടിവ് സംഭവിച്ചിരിക്കുന്നത് മതേതരത്വത്തിനും ജനാധിപത്യത്തിനും മാത്രമല്ല, ഹൈന്ദവ പാരമ്പര്യങ്ങളേക്കുറിച്ച് അവര്‍ക്ക് തന്നെയുള്ള അവബോധത്തിന് കൂടിയാണെന്നും അമര്‍ത്യാ സെന്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ് സംവാദം. അതിനെ ഭീതിജനകമാക്കിയാല്‍ പിന്നെ ജനാധിപത്യമില്ല.
അമര്‍ത്യാ സെന്‍

എത്ര ശതമാനം വോട്ട് കിട്ടി എന്ന് അവകാശപ്പെട്ടാലുംം സംവാദത്തെ ഭീതിജനകമാക്കിയാല്‍ ജനാധിപത്യത്തിലേക്ക് എത്തില്ല. ഇന്ത്യയില്‍ ആ സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി മുന്‍പും അമര്‍ത്യാ സെന്‍ രംഗത്തെത്തിയിട്ടുണ്ട്. മോഡിയുടെ നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ നോബേല്‍ ജേതാവിനെതിരെ സംഘ്പരിവാര്‍ അനുകൂലികളില്‍ നിന്ന് അധിക്ഷേപമുണ്ടായി. 'ജയ് ശ്രീറാം' ആളുകളെ തല്ലാന്‍ വേണ്ടിയുള്ള ഉപായമാണെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. അമര്‍ത്യാ സെന്‍ ഇന്ത്യയിലേക്ക് വരാതെ വിദേശത്ത് തന്നെ നിന്നാല്‍ മതിയെന്നായിരുന്നു ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രതികരണം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT