നോട്ട് നിരോധനം ഭരണനേതൃത്വത്തിന്റെ ആനമണ്ടത്തരമായിരുന്നെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ സി രംഗരാജന്‍. കള്ളപ്പണം തടയാനായാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്. അത് കൈകാര്യം ചെയ്തതും ശരിയായല്ല. പഴയ നോട്ടുകള്‍ ബാങ്കില്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ നോട്ടുകളുടെ ലഭ്യതക്കുറവാണ് പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള കാരണം. ചെറിയ വരുമാനമുണ്ടായിരുന്ന ധാരാളം ആളുകളുടെ ജോലി നഷ്ടപ്പെട്ടെന്നും രംഗരാജന്‍ ചൂണ്ടിക്കാട്ടി. ഡെക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ ആര്‍ബിഐ ഗവര്‍ണറുടെ പ്രതികരണം.
നോട്ട് നിരോധനം കള്ളപ്പണം തടയുമായിരുന്നെങ്കിലും ഇല്ലെങ്കിലും അതിന്റെ നിര്‍വ്വഹണം വളരെ മോശമായിരുന്നു. ഇത് വലിയൊരു ദുരന്തമാണെന്നാണ് ഞാന്‍ കരുതുന്നത്. സി രംഗരാജന്‍
കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ റിസര്‍വ് ബാങ്കിന് ദോഷകരമാകുന്നുണ്ടോ എന്ന ചോദ്യത്തിന്, ആര്‍ബിഐയുടെ സ്വയംഭരണ അവകാശങ്ങള്‍ എന്തൊക്കെയെന്ന് സര്‍ക്കാര്‍ ആദ്യം തീരുമാനിക്കണമെന്ന് രംഗരാജന്‍ പറഞ്ഞു. ഒരിക്കല്‍ ആ അവകാശങ്ങള്‍ നല്‍കിയാല്‍ എല്ലായിപ്പോഴും ആ അധികാരങ്ങള്‍ റിസര്‍വ് ബാങ്കിന് നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് കള്ളപ്പണം തുടച്ചുനീക്കാനെന്ന പേരില്‍ നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്ത് തൊഴില്‍ നഷ്ടങ്ങള്‍ക്ക് ആക്കംകൂട്ടിയെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. അസീം പ്രേംജി സര്‍വ്വകലാശാല പുറത്തിറക്കിയ സര്‍വ്വേയിലാണ് 2016ല്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം രണ്ടു വര്‍ഷം കൊണ്ട് ഏകദേശം അമ്പത് ലക്ഷംപേരുടെ തൊഴില്‍ നഷ്ടമാക്കിയതെന്ന് വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ ഉന്നതവിദ്യാഭ്യാസമുള്ളവരിലെ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു. തൊഴില്‍ ലഭ്യതയില്ലാതെ വലഞ്ഞവരില്‍ സ്ത്രീകളുടെ സാന്നിധ്യം വളരെയേറെയാണെന്നും സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2019 എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
45 വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന ശതമാനം രേഖപ്പെടുത്തിയ കാലയളവ് 2017-18 ആണ്. 20 നും 24നും ഇടയിലുള്ള വിദ്യാസമ്പന്നരായ യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ ഉയര്‍ന്ന നിരക്കിലാണ്. നഗരങ്ങളില്‍ 60 ശതമാനത്തോളം പേരാണ് തൊഴിലില്ലായ്മയോ തൊഴില്‍ അസ്ഥിരതയോ നേരിടുന്നത്. വിദ്യാസമ്പന്നരില്‍ നിന്നും അധികം വ്യത്യസ്തരല്ല വിദ്യാഭ്യാസം കുറഞ്ഞവരുടെയും അവസ്ഥ. 2016 മുതല്‍ അസംഘടിത തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരും കടുത്ത തൊഴില്‍ അസ്ഥിരതയാണ് നേരിടുന്നത്. സ്ത്രീകള്‍ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നുവെന്നും ഇവരുടെ തൊഴില്‍ പങ്കാളിത്തം കുറയുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
500,1000 രൂപയുടെ നോട്ടുകളുടെ ഉപയോഗവും അച്ചടിയും നിര്‍ത്തലാക്കിക്കൊണ്ട് 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. കള്ളപ്പണം കണ്ടെത്തുന്നതിനുള്ള ഏറ്റവും പ്രായോഗിക മാര്‍ഗമെന്ന നിലയിലാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് എത്രമാത്രം വിജയകരമായി എന്നു വ്യക്തമാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം