ഉള്ളിവില സാധാരണക്കാരനെ പൊളളിക്കുമ്പോള്‍ ലോക്‌സഭയില്‍ നിഷേധ പ്രതികരണവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍.
ഞാന്‍ അധികം ഉള്ളിയും വെളുത്തുള്ളിയും കഴിക്കാറില്ല. അതുകൊണ്ട് വിഷമിക്കേണ്ട കാര്യമില്ല. ഉള്ളിയും വെളുത്തുള്ളിയും അധികം ഉപയോഗിക്കുന്ന കുടുംബത്തില്‍ നിന്നല്ല വരുന്നത്.
ഇങ്ങനെയായിരുന്നു നിര്‍മലയുടെ പ്രതികരണം. എന്‍സിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തിനായിരുന്നു മറുപടി. ഉള്ളിവില വര്‍ധന വ്യക്തിപരമായി തന്നെ ബാധിക്കില്ലെന്ന് പറഞ്ഞുവെയ്ക്കുകയായിരുന്നു നിര്‍മല.
മന്ത്രിയുടെ പരാമര്‍ശം സഭാംഗങ്ങളില്‍ സമ്മിശ്രപ്രതികരണമാണുണ്ടാക്കിയത്. ഈ പരാമര്‍ശം ഒരു വിഭാഗം അംഗങ്ങളില്‍ ചിരിപടര്‍ത്തി. ഉള്ളിവില നിയന്ത്രണം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു നിര്‍മലയുടെ അസാധാരണ പരാമര്‍ശം. കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്നും വിദേശത്തുനിന്നുള്ള ഇറക്കുമതി സജീവമാക്കിയെന്നും മന്ത്രി പറഞ്ഞു.
സ്റ്റോക്ക് പരിധി നടപ്പിലാക്കിയെന്നും കൂടുതലുള്ള ഇടങ്ങളില്‍ നിന്ന് കുറവുള്ള സ്ഥലങ്ങളിലേക്ക് ഉള്ളി മാറ്റുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇടപാടുകളില്‍ നിന്ന് ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു. നിലവില്‍ 110 മുതല്‍ 160 വരെയാണ് രാജ്യത്ത് ഉള്ളിവില.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം