രാജ്യം അതിന്റെ ചരിത്രത്തിലെ നിര്‍ണായക ദശാസന്ധിയിലൂടെ കടന്നുപോവുകയാണെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് മഹാത്മാഗാന്ധി പറഞ്ഞതുപോലുള്ള സാഹചര്യമാണിത്. കാത്തിരിക്കാന്‍ ഇനി സമയമില്ല. കരയ്ക്കിരിക്കാതെ കളത്തിലിറങ്ങേണ്ട അവസരമാണിതെന്നും ടി പത്മനാഭന്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഭരണപ്രതിപക്ഷങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച സത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭയം എന്ന വികാരമാണ് നമ്മെ ഇന്ന് നയിക്കുന്നത്. അവിശ്വാസത്തില്‍ നിന്നാണ് ഈ ഭയം ഉയരുന്നത്. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് യൂറോപ്പില്‍ നാസിസത്തിന്റെയും ഫാസിസത്തിന്റെയും വിഷജ്വാലകള്‍ ഉയര്‍ന്നപ്പോള്‍ വിളക്കുകള്‍ കെടുകയാണെന്നാണ് ദാര്‍ശനികര്‍ വിലപിച്ചത്. എന്നാല്‍ നമ്മുടെ നാട്ടില്‍ വിളക്കുകള്‍ കെടുകയല്ല, തല്ലിക്കെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിന്റെ മുഖ്യമന്ത്രി തന്റെ സംസ്ഥാനത്ത് ഈ നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞു. നടപ്പാക്കാതിരിക്കാന്‍ പറ്റുമോ എന്നതിന്റെ സാംഗത്യമൊക്കെ നിയമവിദഗ്ധരും കോടതിയും തീരുമാനിക്കട്ടെ. എന്നാല്‍ ആ പ്രഖ്യാപനം ഏറെ സന്തോഷിപ്പിക്കുന്നതാണ്. കോണ്‍ഗ്രസ്സുകാരനും സ്വാതന്ത്ര്യ സമരത്തില്‍ ചെറിയൊരു പങ്കു വഹിച്ചവനുമായ തനിക്ക് സന്തോഷം പകരുന്നതാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇതിന്റെ ഭാഗമായി എന്നുള്ളതെന്നും ടി പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം