അധികാരത്തില്‍ തുടരാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്തും ചെയ്യുമെന്ന അവസ്ഥയാണെന്ന് രാഹുല്‍ ഗാന്ധി. മോഡി കാരണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കത്തിയെരിയുകയാണെന്ന് കോണ്‍ഗ്രസ് എംപി ചൂണ്ടിക്കാട്ടി. റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. മോഡിയാണ് രാജ്യത്തോട് മാപ്പ് ചോദിക്കേണ്ടത്. മോഡിയുടെ കൂട്ടാളി അമിത്ഷായും രാജ്യത്തോട് മാപ്പ് പറയണം. 'രാഹുല്‍ജി, നിങ്ങള്‍ ഒരു പ്രസംഗം നടത്തി. അതിന് മാപ്പുപറയണം' എന്ന് ഇന്നലെ പാര്‍ലമെന്റില്‍ എന്നോട് പറഞ്ഞു. ഞാന്‍ സത്യം പറഞ്ഞതിന്റെ പേരില്‍ മാപ്പ് പറയില്ല. കോണ്‍ഗ്രസിലെ ആരും ക്ഷമചോദിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ഡല്‍ഹി രാം ലീല മൈതാനിയില്‍ നടത്തിയ സേവ് ഇന്ത്യ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
മാപ്പ് പറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധി എന്നാണ്. സത്യം പറഞ്ഞതിന്റെ പേരില്‍ ഞാന്‍ മാപ്പ് പറയേണ്ട കാര്യമില്ല.രാഹുല്‍ ഗാന്ധി
വിഭജനം സൃഷ്ടിക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജമ്മുകശ്മീരില്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍. അസമില്‍ നോക്കൂ, മിസോറാം, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, നരേന്ദ്ര മോഡി അവിടെയെല്ലാം എന്താണ് ചെയ്തതെന്നു കാണൂ. മോഡി ആ പ്രദേശങ്ങള്‍ക്കെല്ലാം തീവെച്ചു.
നരേന്ദ്ര മോഡി വന്നു 500, 1000 നോട്ടുകള്‍ നിരോധിച്ചു. കള്ളപ്പണം ഇല്ലാതാക്കാനാണ് എന്ന് പറഞ്ഞ് എല്ലാവരേയും പറ്റിച്ചു. പക്ഷെ എന്താണ് സംഭവിച്ചത്? അതില്‍ നിന്ന് മുക്തി നേടാന്‍ ഇതുവരെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആയിട്ടില്ല. രാജ്യത്തിന് ഒമ്പത് ശതമാനം വളര്‍ച്ചയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ആളുകള്‍ ഇന്ത്യയുടേയും ചൈനയുടേയും വിജയകഥകള്‍ പറഞ്ഞിരുന്നു. ഇരുവരേയും ചേര്‍ത്ത് ചിന്ത്യ എന്ന് വിളിച്ചു. പക്ഷെ, നമ്മുടെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ. ആളുകള്‍ കൈയില്‍ ഉള്ളിയുമായി നില്‍ക്കുകയാണ്. സവാള വില കിലോയ്ക്ക് 200 രൂപ വരെയെത്തി. ജിഡിപി നാല് ശതമാനത്തിലെത്തി. ബിജെപി അത് അളക്കുന്നതിനുള്ള മാനദണ്ഡം മാറ്റിയിട്ടും അത്രയുമേ എത്തിയുള്ളൂ. മുന്‍പത്തേതുപോലെ കൃത്യമായി പരിശോധിച്ചാല്‍ ജിഡിപി 2.5 ശതമാനമേ കാണൂയെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ എല്ലാ പൗരന്മാരും ശബ്ദമുയര്‍ത്തണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രസംഗിച്ചു. ഈ സാഹചര്യത്തില്‍ പോലും നാം ശബ്ദമുയര്‍ത്താതെ ഭയത്തിന്റെ ഇരുട്ടില്‍ പിന്നോട്ടടിച്ച് മിണ്ടാതിരുന്നാല്‍ ഭരണഘടന തകര്‍ക്കപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു.
നിശ്ശബ്ദരായാല്‍ ധാര്‍ഷ്ട്യക്കാരും നുണയന്‍മാരുമായ ആര്‍എസ്എസ് ബിജെപി നേതാക്കളുടേ അതേ ഉത്തരവാദിത്തമാണ് നമുക്ക് മേലും വരിക.പ്രിയങ്കാ ഗാന്ധി
പൗരത്വ നിയമം ഇന്ത്യയുടെ ആത്മാവ് തകര്‍ക്കുന്നതിനേക്കുറിച്ചോര്‍ത്ത് മോഡിയ്ക്ക് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒരു ആശങ്കയുമില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. കേന്ദ്ര സര്‍ക്കാരിന് തോന്നിയതുപോലെ എന്തും ചെയ്യാവുന്ന അന്തരീക്ഷമാണ് ഇപ്പോള്‍ ഉള്ളത്. ഒരു ആര്‍ട്ടിക്കിള്‍ അടിച്ചേല്‍പിക്കാന്‍, എടുത്തുകളയാന്‍, ഒരു സംസ്ഥാനത്തിന്റെ പദവി മാറ്റിക്കളയാന്‍. തോന്നിയതുപോലെ അവര്‍ രാഷ്ട്രപതി ഭരണം എടുത്തുകളയുകയും ചര്‍ച്ച പോലും ചെയ്യാതെ ബില്ലുകള്‍ പാസാക്കുകയാണെന്നും സോണിയ പ്രതികരിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം