ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ പാലക്കാട് സ്വദേശിയില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ച് എന്‍ഐഎ. കേരളത്തില്‍ ചാവേറാക്രമണത്തിന് ശ്രമം നടന്നതായി അറസ്റ്റിലായ റിയാസ് അബൂബക്കര്‍ വെളിപ്പെടുത്തിയെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. പുതുവത്സര ദിനത്തിലാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. ലക്ഷ്യമിട്ടത് വിനോദ സഞ്ചാരികളെയെന്നും എന്നാല്‍ കൂട്ടാളികളില്‍ നിന്ന് സഹകരണം ലഭിച്ചില്ലെന്നും റിയാസ് മൊഴി നല്‍കി. 29 കാരന്‍ അബു ദുജാനയെന്ന പേരിലും അറിയപ്പെടുന്നുവെന്ന് എന്‍ഐഎ പറയുന്നു. സംസ്ഥാനത്ത് ചാവേറാക്രമണം നടത്താന്‍ ശ്രമം നടത്തിയതായാണ് ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ സഹ്രാന്‍ ഹാഷിമുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ദേശീയ അന്വഷണ ഏജന്‍സി അറിയിച്ചു.
അതേസമയം റിയാസുള്‍പ്പെടെ കേരളത്തില്‍ നിന്ന് എന്‍ഐഎ പിടിയിലായവര്‍ക്കൊന്നും ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. ഐഎസ് ബന്ധമുണ്ടെന്ന സൂചനകളെ തുടര്‍ന്ന് ഞായറാഴ്ചയാണ് റിയാസിനെ എന്‍ഐഎ പിടികൂടിയത്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രാമായ സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങള്‍ താന്‍ പിന്‍തുടര്‍ന്നിരുന്നതായി ഇയാള്‍ മൊഴിനനല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെയായി വിവാദ മത പണ്ഡിതന്‍ സാകിര്‍ നായിക്കിന്റെ പ്രസംഗങ്ങളും പിന്‍തുടരുന്നുണ്ട്.
ഒളിവിലുള്ള ഭീകരന്‍ അബ്ദുള്‍ റാഷിദ് അബ്ദുള്ളയുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരുന്നതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ അടക്കം ഭീകരാക്രമണങ്ങള്‍ നടത്തണമെന്ന അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെ നിര്‍ദേശമുള്‍പ്പെടെയുള്ള ഓഡിയോ റെക്കോര്‍ഡുകള്‍ പിന്‍തുടര്‍ന്നിട്ടുണ്ട്. 2016 ല്‍ റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തിലാണ് കാസര്‍കോഡ് സ്വദേശികള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതെന്നാണ് ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്. വളപട്ടണം ഭീകരവാദ കേസിലുള്‍പ്പെട്ട അബ്ദുള്‍ ഖയൂം എന്നയാളുമായും ബന്ധപ്പെട്ടിരുന്നു. ഇദ്ദേഹം സിറിയയിലേക്ക് കടന്നതായാണ് വിവരം.
ഐഎസ് ബന്ധത്തിന്റെ പേരില്‍ 3 പേരെ എന്‍ഐഎ ചോദ്യം ചെയ്ത് വരികയാണ്. .അതേസമയം കേരളത്തില്‍ നിന്നാര്‍ക്കെങ്കിലും ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുള്ളതായി വ്യക്തമായിട്ടില്ലെന്ന് എന്‍ഐഎ സ്ഥിരീകരിക്കുന്നു. കാസര്‍കോട് പാലക്കാട് എന്നിവിടങ്ങളില്‍ എന്‍ഐഎ തിരച്ചില്‍ നടത്തിയിരുന്നു. ചിലരുടെ വീടുകളില്‍ നിന്ന് വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ തുടങ്ങിയവയുള്ള മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.
അതേസമയം ഇന്ത്യയിലും ഭീകരാക്രമണ സാധ്യതകളുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചിയിലടക്കം ഹോംസ്‌റ്റേകളിലും ഹോട്ടലുകളിലും താമസിക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. മാളുകളിലടക്കം പൊലീസ് പരിശോധനയും നടത്തിവരികയാണ്.
ശ്രീലങ്കയില്‍ സ്‌ഫോടനം ആസൂത്രണം ചെയ്തവരില്‍ ചിലര്‍ കേരളത്തില്‍ എത്തിയിരുന്നതായി സൂചനകളുണ്ട്. പ്രധാന ബുദ്ധികേന്ദ്രമായ സഹ്രാന്‍ ഹാഷിം 2016 ന്‌ശേഷം രണ്ട് തവണ കേരളത്തില്‍ എത്തിയതായാണ് എന്‍ഐഎയ്ക്ക് ലഭിച്ച വിവരം. സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങള്‍ നിരന്തരം പിന്‍തുടരുന്നവരാണ് കസ്റ്റഡിയിലുള്ള മൂന്നുപേരുമെന്നും എന്‍ഐഎ പറയുന്നു. സഹ്രാന്‍ ഹാഷിം കേരളത്തില്‍ എത്തിയത് സംബന്ധിച്ച് ഇവരില്‍ നിന്ന് വിവരങ്ങളും തെളിവുകളും തേടുകയാണ് പൊലീസ്.