News n Views

തോല്‍പിക്കാന്‍ ഗൂഡാലോചന നടത്തിയ മുതലാളിയും പി കെ ശശിയുടെ തട്ടകത്തിലെ വോട്ട് ചോര്‍ച്ചയും;പാലക്കാട് സിപിഎമ്മില്‍ പുതിയ വിവാദം 

THE CUE

യുഡിഎഫ് തരംഗത്തില്‍ 19 മണ്ഡലങ്ങളില്‍ ഇടതുപക്ഷം തോറ്റെങ്കിലും പാലക്കാട് കൈവിട്ടതാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്. ജയം ഉറപ്പിച്ച മണ്ഡലത്തിലെ തോല്‍വി യുഡിഎഫ് അനുകൂല തരംഗത്തിലൂടെ മാത്രമല്ലെന്നതിന്റെ സൂചന നല്‍കി കൊണ്ട് ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന എം ബി രാജേഷ് തന്നെ രംഗത്തെത്തി. തന്നെ തോല്‍പ്പിക്കാന്‍ ഗൂഡാലോചന നടന്നുവെന്നും സ്വാശ്രയ കോളേജ് മുതലാളിയാണ് ഇതിന് പിന്നിലെന്നുമാണ് രാജേഷിന്റെ ആരോപണം. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഉയര്‍ന്ന ആരോപണങ്ങളില്‍ ഈ മുതലാളിക്ക് പങ്കുണ്ട്. ചെറുപ്പുളശ്ശേരി പാര്‍ട്ടി ഓഫീസില്‍ പീഡനം നടന്നുവെന്ന വ്യാജ പ്രചരണത്തിന് പിന്നില്‍ കുപ്രസിദ്ധനായ സ്വാശ്രയ കോളേജ് മുതലാളി പ്രവര്‍ത്തിച്ചുവെന്നാണ് എം ബി രാജേഷ് പറയുന്നത്. ആരോപണം നീളുന്നത് വിവാദ സ്വാശ്രയ കോളേജ് മുതലാളിയുമായി ബന്ധമുണ്ടെന്ന് സിപിഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്ന പി കെ ശശിക്കെതിരെയാണ്.

പി കെ ശശിയുടെ തട്ടകമായ മണ്ണാര്‍ക്കാട് ഏരിയാകമ്മിറ്റിക്ക് കീഴിലെ വോട്ട് ചോര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. മണ്ണാര്‍ക്കാട്, കോങ്ങാട്, ഒറ്റപ്പാലം നിയമസഭ മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് ഈ ഏരിയാകമ്മിറ്റിക്ക് കീഴിലുള്ളത്. ഒറ്റപ്പാലം മണ്ഡലത്തിലെ തച്ചനാട്ടുകര , കോങ്ങാട് മണ്ഡലത്തിലെ കാരക്കുറിശ്ശി, തച്ചപ്പാറ, കാഞ്ഞിരപ്പുഴ എന്നീ പഞ്ചായത്തുകള്‍ക്ക് പുറമേ മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയും ആ മണ്ഡലത്തിലെ നാല് പഞ്ചായത്തുകളും ഈ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ്. എട്ട് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 43000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ നേടിയത്. ഇത്ര ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചതിന് പിന്നില്‍ ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ടെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ആരോപിക്കുന്നത്.

വോട്ടുറപ്പിക്കാനുള്ള ജാഗ്രത മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും നേതാക്കള്‍ പ്രചരണത്തിന് ഇറങ്ങിയില്ലെന്നും നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇടതുപക്ഷ മേഖലയായ അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലും എം ബി രാജേഷിന് ലീഡ് നേടാനായിട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലുള്ള പ്രദേശമാണ് മണ്ണാര്‍ക്കാട്. ഇവിടെ പി കെ ശശിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് സ്വാധീനമുണ്ട്. ഒപ്പം മുസ്ലിം ലീഗും സിപിഐയും ശക്തമായ മേഖലയും. സിപിഐ- സിപിഎം പോര് നിലനില്‍ക്കുന്ന മണ്ഡലമാണിത്. സിപിഐ വോട്ട് മറിച്ചെന്ന വാര്‍ത്തകളോട് സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല.

തോല്‍വിക്ക് കാരണം അടിയൊഴുക്കുകളാണെന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ എം ബി രാജേഷും പി കെ ശശിയുമായി നിലനില്‍ക്കുന്ന ആസ്വാരസ്യമാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ പോലും വോട്ട് മറിഞ്ഞതിന് പിന്നിലെന്ന് ഫല പ്രഖ്യാപനത്തിന് പിന്നാലെ ചര്‍ച്ചയായി. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനും വിമര്‍ശനം നേരിടുന്നുണ്ട്. എം ബി രാജേഷിനെ തോല്‍പ്പിക്കാന്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ ശ്രമിക്കുന്നുവെന്ന പരാതി ലഭിച്ചിട്ടും നേതൃത്വം ഗൗരവത്തില്‍ കണ്ടില്ലെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. പരാജയ കാരണം ചര്‍ച്ച ചെയ്യുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വിഷയം ഉയര്‍ത്തിക്കൊണ്ട് വരാനാണ് പി കെ ശശിയെ എതിര്‍ക്കുന്നവരുടെ ശ്രമം.

ആദ്യമായി മത്സരിച്ച 2009ല്‍ 1820 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയെ എം ബി രാജേഷ് തോല്‍പ്പിച്ചത്. ഗ്രൂപ്പ് വഴക്ക് രൂക്ഷമായ ഘട്ടത്തിലാണ് കണ്ണൂരില്‍ നിന്നും സതീശന്‍ പാച്ചേനിയെ കോണ്‍ഗ്രസ് പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയത്. എന്‍ എന്‍ കൃഷ്ണദാസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു വന്നിരുന്ന മണ്ഡലത്തില്‍ അവസാന മിനിട്ടിലാണ് രാജേഷിന്റെ ജയം. സിപിഎമ്മിലെ വിഭാഗിയത രൂക്ഷമായിരുന്ന ഘട്ടത്തിലെ തിരഞ്ഞെടുപ്പില്‍ വി എസ് പക്ഷം രാജേഷിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ രണ്ടാമൂഴത്തില്‍ എം പി വീരേന്ദ്രകുമാറിനെ 105300 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി രാജേഷ് കരുത്ത് കാട്ടി. ഈ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ മുന്നില്‍ രാജേഷല്ലാതെ മറ്റൊരു പേരും പരിഗണനയിലില്ലായിരുന്നു. മൂന്നാം വട്ടം മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടും നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജേഷ് മത്സരത്തിന് തയ്യാറായത്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT