സംസ്ഥാനത്ത് ഈ വര്‍ഷം 32 പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. എട്ട് ബീയര്‍ ആന്റ് വൈന്‍ പാര്‍ലറുകളും അനുവദിച്ചു. എറണാകുളം , തൃശ്ശൂര്‍ ജില്ലകളിലാണ് പുതിയ ബാറുകളില്‍ ഏറെയും അനുവദിച്ചിട്ടുള്ളത്. ബീയര്‍ ആന്റ് വൈന്‍ പാര്‍ലറുകളായിരുന്നവയ്ക്ക് വീണ്ടും ബാര്‍ അനുവദിച്ചതും കൂടി പരിഗണിക്കുമ്പോള്‍ 70 ബാറുകള്‍ ഈ വര്‍ഷം പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പൂട്ടിയതും ബീയര്‍ ലൈസന്‍സ് മാത്രമാക്കുകയും ചെയ്ത ഹോട്ടലുകളെല്ലാം ബാര്‍ അനുവദിച്ചതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിന് പുറമേയാണ് 32 ബാറുകള്‍ക്ക് കൂടി അനുമതി നല്‍കിയിരിക്കുന്നത്. ത്രീസ്റ്റാര്‍ പദവിയോ അതിന് മുകളിലോ ഉള്ള ഹോട്ടലുകള്‍ക്കാണ് ബാര്‍ അനുവദിക്കുന്നത്.
ഘട്ടം ഘട്ടമായി ലഭ്യത കുറയ്ക്കുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തില്‍ പറയുന്നത്. മദ്യവര്‍ജ്ജനമെന്ന ഇടതുമുന്നണിയുടെ പ്രഖ്യാപിത നയത്തിന് അനുസരിച്ച് ബോധവത്കരണ പദ്ധതികളും നടപ്പാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.