വിഖ്യാത മാസികയായ നാഷണല്‍ ജ്യോഗ്രഫിക്കിന്റെ വിശേഷാല്‍ പതിപ്പില്‍ ഇടംപിടിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോരാടിയ 5 കന്യാസ്ത്രീകള്‍. 'സ്ത്രീകള്‍ ഒരു നൂറ്റാണ്ടിന്റെ മാറ്റം' എന്ന് വിശേഷിപ്പിച്ചുള്ള പ്രത്യേക പതിപ്പിലാണ് കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളുടെ പോരാട്ടത്തിന് ആദരമര്‍പ്പിച്ചുള്ള കുറിപ്പുള്ളത്. സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള അഞ്ച് പേരുടെ ചിത്രവും കുറിപ്പുമാണ് വാഷിങ്ടണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാസികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഹ്ലാദപൂര്‍വം നില്‍ക്കുന്ന കന്യാസ്ത്രീകളാണ് ചിത്രത്തിലുള്ളത്. അതേസമയം ബിഷപ്പിന്റെ പേര് പരാമര്‍ശിക്കാതെയാണ് എഴുത്ത്.
വിവരണം ഇങ്ങനെ. ഒരു ബിഷപ്പ് പലതവണ തന്നെ ബലാത്സംഗം ചെയ്‌തെന്ന് കേരളത്തിലെ ഒരു കന്യാസ്ത്രീ സഭാ നേതാക്കളോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ നടപടികളൊന്നുമുണ്ടായില്ല. അതിനാല്‍ കന്യാസ്ത്രീകള്‍ പൊലീസിനെ സമീപിച്ചു. പിന്നാലെ സെപ്റ്റംബറില്‍ അഞ്ച് കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ പ്രതിഷേധമുയര്‍ത്തി ഹൈക്കോടതിക്ക് സമീപം സത്യാഗ്രഹം നടത്തി. രണ്ടാഴ്ച ഈ പോരാട്ടം നീണ്ടു. താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് അവകാശപ്പെട്ടെങ്കിലും ഒടുവില്‍ അറസ്റ്റിലായി.
അതേസമയം കന്യാസ്ത്രീകള്‍ക്ക് പിന്‍തുണ നല്‍കുന്നതിന് പകരം സഭ അവരുടെ പ്രതിമാസ അലവന്‍സ് റദ്ദാക്കുകയാണ് ചെയ്തത്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ ശാന്തരായി ഇരിക്കാനുള്ള മേലധികാരികളുടെ സമ്മര്‍ദ്ദം അവഗണിച്ചാണ് കന്യാസ്ത്രീകള്‍ പോരാട്ടത്തിനിറങ്ങിയത്. കന്യാസ്ത്രീകളുടെ പോരാട്ടത്തിന് പുറമെ സംസ്ഥാനത്ത് 2016 ല്‍ ആരംഭിച്ച പിങ്ക് പൊലീസ് സേനയെക്കുറിച്ചും മാസികയില്‍ ചിത്രസഹിതമുള്ള വിവരണമുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം