മുസ്ലിങ്ങള്‍ക്ക് പോകാന്‍ ലോകത്ത് 150 രാജ്യങ്ങളുണ്ടെന്നും ഹിന്ദുക്കള്‍ക്ക് ഇന്ത്യ മാത്രമേയുള്ളൂവെന്നും വാദിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. 1947 ലെ വിഭജന സമയത്ത് പാകിസ്താനില്‍ 22 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. നിരന്തര ഉപദ്രവങ്ങളും ബലാത്സംഗങ്ങളും പീഡനങ്ങളും കാരണം അവരുടെ എണ്ണം കേവലം 3 ശതനമായെന്നും രൂപാണി പറയുന്നു. അതുകൊണ്ട് അവിടുത്തെ ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലേക്ക് വരേണ്ടതുണ്ടെന്ന് പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചുകൊണ്ട് ബിജെപിയുടെ പ്രമുഖ നേതാവുകൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.
കടുത്ത ദുരിതത്തിലായ ഹിന്ദുക്കളുടെ സംരക്ഷണത്തിനായി കോണ്‍ഗ്രസ് നടപ്പാക്കാന്‍ ഉദ്ദേശിച്ചതാണ് ബിജെപി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ അത് നടപ്പാക്കിയപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്. മഹാത്മാഗാന്ധിയുടെയും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെയും ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായാണ് കോണ്‍ഗ്രസ് പൗരത്വ നിയമത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ രണ്ട് ശതമാനമായി ചുരുങ്ങിയെന്നും രൂപാണി പറയുന്നു. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഹിന്ദുക്കളും സിഖുകാരുമടക്കം രണ്ട് ലക്ഷത്തോളം പേര്‍ അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ എണ്ണം 500 മാത്രമാണെന്നും ഗുജറാത്ത് മുഖ്യമന്ത്രി അവകാശപ്പെട്ടു.
അത്തരത്തില്‍ പീഡനം അനുഭവിക്കുന്നവര്‍ തിരിച്ചുവരുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നമെന്നുമാണ് അദ്ദേഹത്തിന്റെ വാദം. പതിനായിരത്തോളം അഭയാര്‍ത്ഥികളാണ് ഗുജറാത്തിലുള്ളത്. ഇതില്‍ ഭൂരിപക്ഷവും ദളിതരാണ്. എന്നാല്‍ ഇവര്‍ക്ക് പൗരത്വം നല്‍കുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ദളിത് നേതാക്കളും വ്യക്തമാക്കേണ്ടതുണ്ടെന്നും രൂപാണി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ പിന്‍തുണച്ച് ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന് സമീപം സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് 33 റാലികളാണ് സംസഥാനത്ത് സംഘടിപ്പിക്കപ്പെട്ടത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം