വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ടുകച്ചവടത്തിന് ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് . ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും പിന്നീട് പുറത്തുവിടുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. ഇരു മണ്ഡലങ്ങളിലും ഈ പാര്‍ട്ടികള്‍ തമ്മില്‍ ഒത്തുകളിക്കുകയാണ്.
വോട്ടുകച്ചവടത്തിനുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് തങ്ങള്‍ക്ക് ലഭിച്ച ആധികാരികമായ വിവരമാണ്. ഇതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി കാസര്‍കോട് പറഞ്ഞു. ഇല്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിക്കട്ടെ, സിപിഎമ്മും ബിജെപിയും നിഷേധിക്കട്ടെയെന്നും അപ്പോള്‍ തെളിവ് പുറത്തുവിടാമെന്നും മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.