News n Views

മോദിയെന്ന് കുഞ്ഞിനിട്ട പേര് അഫ്താബ് എന്നാക്കാന്‍ മുസ്ലിം കുടുംബം;’അത് ബന്ധുവായ മാധ്യമപ്രവര്‍ത്തകന്റെ വഞ്ചന’  

THE CUE

നവജാത ശിശുവിന് നരേന്ദ്ര ദാമോദര്‍ ദാസ് മോദിയെന്ന് പേരിട്ടത് മാറ്റാന്‍ ഉത്തര്‍ പ്രദേശിലെ മുസ്ലിം കുടുംബം. അഫ്താബ് ആലം മൊഹമ്മദ് എന്ന് രേഖകളില്‍ പേര് തിരുത്തണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരിക്കുകയാണ് കുടുംബം. മെയ് 23 ന് ജനിച്ച കുഞ്ഞിന് മുസ്ലിം കുടുംബം നരേന്ദ്ര മോദിയെന്ന് പേരിട്ടതായി വാര്‍ത്ത വന്നിരുന്നു. മോദി വീണ്ടും അധികാരത്തിലെത്തിയ തിയ്യതിയില്‍ കുഞ്ഞിന് മുസ്ലിം കുടുംബം അദ്ദേഹത്തിന്റെ പേരിട്ടു എന്നതിന് വന്‍ പ്രചാരമാണ് കൈവന്നത്. എന്നാല്‍ അര്‍ധ സഹോദരനായ മാധ്യമപ്രവര്‍ത്തകന്റെ നിര്‍ദേശപ്രകാരമാണ് മകന് നരേന്ദ്ര മോദിയെന്ന പേര് നല്‍കിയതെന്നും ഇത് പൊല്ലാപ്പായെന്നും അമ്മ മെഹ്നാസ് ബീഗം പറയുന്നു.

കുഞ്ഞിന് മോദിയുടെ പേരിട്ടതിന് ശേഷം സമുദായത്തില്‍ നിന്നും അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും എതിര്‍പ്പുയര്‍ന്നതായി മെഹ്നാസ് വ്യക്തമാക്കി. യുപി പറസ്പൂരിലെ മെഹ്‌റോര്‍ ഗ്രാമവാസികളാണ് കുടുംബം. കുഞ്ഞിന്റെ പേര് മാറ്റത്തിനും ജനന തീയ്യതി തിരുത്താനുമായി ജില്ലാ കളക്ടറെ അഭിസംബോധന ചെയ്ത് പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് മെഹ്നാസ്.

സംംഭവത്തെക്കുറിച്ച് മെഹ്നാസ് പറയുന്നതിങ്ങനെ. മെയ് 12 നാണ് കുഞ്ഞ് ജനിച്ചത്. കസിനും ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാനിലെ റിപ്പോര്‍ട്ടറുമായ മുഷ്താഖ് അഹമ്മദ് തന്നെ സമീപിച്ച് കുഞ്ഞിന് നരേന്ദ്ര ദാമോദര്‍ ദാസ് മോദിയെന്ന് പേരിടാന്‍ പറഞ്ഞു. കുഞ്ഞ് മോദി വീണ്ടും അധികാരത്തിലെത്തിയ മെയ് 23 ന് ജനിച്ചതാണെന്ന് പറയാനും ആവശ്യപ്പെട്ടു. ഇതോടെയാണ് മകന് മോദിയെന്ന് പേരിട്ടത്. തനിക്ക് എഴുത്തും വായനയുമൊന്നും അറിയില്ല. അതുകൊണ്ട് മുഷ്താഖ് പറഞ്ഞപ്രകാരം ചെയ്തു. മുഷ്താഖ് ഇത് തന്റെ പത്രത്തില്‍ വാര്‍ത്തയാക്കി. ഖമര്‍ അബ്ബാസ്, മുഷ്താഖ് അഹമ്മദ് എന്നിവരുടെ പേരിലാണ് ഹിന്ദുസ്ഥാനില്‍ വാര്‍ത്ത വന്നത്. കൂടാതെ മറ്റ് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ തന്നെക്കൊണ്ട് ഇക്കാര്യം പറയിപ്പിക്കുകയും ചെയ്തു.

എന്നാല്‍ പേരിട്ടതിന് ഭര്‍ത്താവില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായി. ഭര്‍ത്താവ് മുഹമ്മദ് മുഷ്താഖ് ദുബായില്‍ മേസണ്‍ ജോലി ചെയ്ത് വരികയാണ്. എല്ലാ മാസവും അദ്ദേഹം 4000 രൂപ അയയ്ക്കുമായിരുന്നു. കുഞ്ഞിന്റെ പേരിലെ പ്രശ്‌നത്തെ തുടര്‍ന്ന് അദ്ദേഹം ജൂണ്‍ മാസത്തിലെ പണം അയച്ചിട്ടില്ല. അടുത്ത ദീപാവലി സീസണിലാണ് അദ്ദേഹം നാട്ടിലെത്തുക. അപ്പോഴേ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് വ്യക്തമാക്കാനാകൂവെന്നും മെഹ്നാസ് പറയുന്നു. 7 വയസ്സുകാരി മന്താസിഹ ഫാത്തിമയും 4 വയസ്സുകാരി സോയ ഫാത്തിമയുമാണ് മറ്റ് രണ്ട് മക്കള്‍. ബന്ധുക്കള്‍ അകലുന്ന സ്ഥിതിയാണ് ഇപ്പോഴെന്നും മെഹ്നാസ് പറഞ്ഞു.

അതേസമയം ഇവരുടെ വാദം തള്ളി അര്‍ദ്ധ സഹോദരന്‍ മുഷ്താഖ് രംഗത്തെത്തി. കുഞ്ഞിന്റെ ജനന തിയ്യതി മെയ് 23 നാണെന്ന് മെഹ്നാസ് തന്നോട് കള്ളം പറയുകയായിരുന്നുവെന്നും മോദിയെന്ന് പേരിടാന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞ പ്രകാരമാണ് വാര്‍ത്തയാക്കിയതെന്നുമാണ് മുഷ്താഖിന്റെ വാദം.

അതേസമയം കുഞ്ഞ് മെയ് 12 നാണ് ജനിച്ചതെന്ന് പ്രസവം നടന്ന സര്‍ക്കാര്‍ ആശുപത്രിയുടെ സൂപ്രണ്ട് ഡോ. അശുതോഷ് ശുക്ല വ്യക്തമാക്കുന്നു. സാധാരണ പ്രസവമായിരുന്നുവെന്നും മെയ് 13 ന് തന്നെ യുവതി ആശുപത്രിവാസം അവസാനിപ്പിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. മെഹ്നാസ് നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് അത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നതെന്ന് ഹിന്ദുസ്ഥാന്‍ എഡിറ്റര്‍ കെകെ ഉപാദ്ധ്യായ് പറഞ്ഞു. എല്ലാ മാധ്യമപ്രവര്‍ത്തകരോടും അവര്‍ ഇതുതന്നെയാണ് പറഞ്ഞതെന്നും നരേന്ദ്രമോദിയെന്ന് തന്നെയാണ് ഇപ്പോഴും കുഞ്ഞിന്റെ പേരെന്നും ഉപാധ്യായ് പറയുന്നു.

മോദിയെന്ന് പേരിട്ടതിനെ തുടര്‍ന്ന് സമുദായത്തില്‍ നിന്ന് എതിര്‍പ്പുയരുന്നുണ്ടാകാമെന്നും അതേ തുടര്‍ന്നായിരിക്കാം യുവതി നിലപാട് മാറ്റിയതെന്നുമാണ് മുഷ്താഖിനൊപ്പം വാര്‍ത്ത തയ്യാറാക്കിയ ഖമര്‍ അബ്ബാസിന്റെ വാദം. വാര്‍ത്താ പ്രാധാന്യം നേടി 10-15 ദിവസത്തിന് ശേഷമാണ് അവര്‍ തള്ളിപ്പറയുന്നത്. മകന് ബഹിഷ്‌കരണം നേരിടേണ്ടി വരുമെന്ന ഭയമാകാം കാരണമെന്നും ഖമര്‍ ആരോപിച്ചു.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT