News n Views

എഞ്ചിനീയറിംഗ് ബിരുദധാരി, അവിവാഹിതന്‍; 1992 ലെ അഭിമുഖത്തില്‍ മോദിപറഞ്ഞത് 

THE CUE

1992 ലെ ഒരു അഭിമുഖത്തില്‍ നരേന്ദ്രമോദി പറഞ്ഞത് താന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന്. കന്നഡ വാരികയായ തരംഗയോടാണ് മോദി ഇത്തരത്തില്‍ പങ്കുവെച്ചത്. മോദിയുടെ അന്നത്തെ അവകാശവാദത്തിന്റെ ക്ലിപ്പിങ്ങുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 1992 ജനുവരി 26 ലക്കം തരംഗയിലാണ് മോദിയുടെ ഈ വാദം അച്ചടിച്ചുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് പ്രസിദ്ധീകരിച്ചത്. 1974 ല്‍ ജയപ്രകാശ് നാരായണ്‍ നയിച്ച നവനിര്‍മ്മാണ്‍ യാത്രയില്‍ പങ്കാളിയായിരുന്നെന്നും ഇതോടെയാണ് താന്‍ ഗുജറാത്തില്‍ ശ്രദ്ധിക്കപ്പെട്ടതെന്നും ശേഷം ആര്‍എസ്എസില്‍ സജീവമായെന്നുമാണ് മോദിയുടെ വാക്കുകള്‍. സംഘത്തിന്റെ സൗരാഷ്ട്ര വിഭാഗ് കാര്യകര്‍ത്തയായി തെരഞ്ഞെടുക്കപ്പെട്ടു.പിന്നീട് ആര്‍എസ്എസിന്റെയും ബിജെപിയുടെയും വികാസത്തിനായി പരിശ്രമിച്ചെന്നും മോദി തരംഗയോട് പറയുന്നു. താന്‍ അവിവാഹിതനാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

താന്‍ ബിരുദാനന്തര ബിരുദ ധാരിയാണെന്നാണ് ഈ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയില്‍ മോദി വ്യക്തമാക്കിയിരിക്കുന്നത്. ഇക്കുറി അദ്ദേഹം നല്‍കിയ വിവരങ്ങള്‍ ഇങ്ങനെ. 1967 ല്‍ ഗുജറാത്തില്‍ നിന്ന് എസ്എസ്എസി ബോര്‍ഡ് എക്‌സാം പാസായി. 1978 ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും 1983 ല്‍ അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. എന്നാല്‍ ഇത് രണ്ടും ഏത് വിഷയത്തിലാണെന്ന് വ്യക്തമാക്കിയിരുന്നില്ല. 2014 ലെ നാമനിര്‍ദേശ പത്രികയിലും ഇതുതന്നെയായിരുന്നു പരാമര്‍ശിച്ചിരുന്നത്. നരേന്ദ്രമോദി 62.3 ശതമാനം മാര്‍ക്കോടെ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിയിട്ടുണ്ടെന്നാണ് ഗുജറാത്ത് സര്‍വ്വകലാശാല വൈസ് ചൈന്‍സലറായിരുന്ന എംഎന്‍ പട്ടേല്‍ മുന്‍പ് മറുപടി നല്‍കിയത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ വിവാദമായപ്പോഴായിരുന്നു ഇത്. അതായത് എഞ്ചിനീയറിംഗ് ബിരുദധാരിയാണെന്ന് ഇതുവരെ രേഖകളിലൊന്നും കാണാനില്ല.

1987 കാലഘട്ടത്തില്‍ താന്‍ ഡിജിറ്റല്‍ ക്യാമറയും ഇ മെയിലും ഉപയോഗിച്ചിട്ടുണ്ടെന്ന മോദിയുടെ അവകാശവാദം വ്യാപക ട്രോളിന് ഇടയാക്കിയിരുന്നു. മേഘമുണ്ടെങ്കില്‍ റഡാറില്‍ നിന്ന് രക്ഷപ്പെടാം എന്ന് പരാമര്‍ശിച്ച അതേ അഭിമുഖത്തിലായിരുന്നു ഈ പ്രസ്താവനകളും. ഇതിന് പിന്നാലെയാണ് താന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണെന്ന 1992 ലെ മോദിയുടെ അവകാശവാദം വൈറലായിരിക്കുന്നത്. ടച്ച് സ്‌ക്രീന്‍ ഉപകരണങ്ങളില്‍ എഴുതുന്ന സ്‌റ്റൈലസ് പേനകള്‍ താന്‍ 90 കളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. 87-88 കാലത്ത് താന്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് എല്‍കെ അദ്വാനിയുടെ ചിത്രം പകര്‍ത്തുകയും അത് ഇ മെയില്‍ മുഖേന അയച്ചെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു.

87 ലാണ് ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ നിക്കോണ്‍ പുറത്തിറക്കുന്നത്. അന്ന് അതിന്‌ വന്‍ വില നല്‍കേണ്ടിയിരുന്നു. ദാര്യദ്ര്യത്തില്‍ കഴിഞ്ഞെന്ന് നിരന്തരം അവകാശപ്പെടുന്ന മോദിക്ക് അന്ന് അതെങ്ങനെ സ്വന്തമാക്കാന്‍ കഴിഞ്ഞെന്ന് വിമര്‍ശകര്‍ ചോദ്യങ്ങളുന്നയിച്ചിരുന്നു. കൂടാതെ 95 ലാണ് വിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയത്. പിന്നെങ്ങെനെ മോദിക്ക് ഇ മെയില്‍ അയയ്ക്കാന്‍ സാധിച്ചെന്നും ചോദ്യങ്ങളുയര്‍ന്നിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT