അശാസ്ത്രീയമായ 'മേഘത്തിയറി' പങ്കുവെച്ച ടെലിവിഷന്‍ അഭിമുഖത്തില്‍ നരേന്ദ്രമോദി പരസ്യപ്പെടുത്തിയത് ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍. ന്യൂസ് നാഷന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പാകിസ്താനെതിരായ വ്യോമാക്രമണം സംബന്ധിച്ച രഹസ്യങ്ങള്‍ മോദി വെളിപ്പെടുത്തിയത്. അതിര്‍ത്തി കടന്ന് ബലാകോട്ടില്‍ വ്യോമാക്രമണം നടത്തിയതിന്റെ പശ്ചാത്തല വിവരങ്ങള്‍ അദ്ദേഹം പുറത്തുവിടുകയായിരുന്നു. ദേശീയസുരക്ഷ മുന്‍നിര്‍ത്തി പങ്കുവെയ്ക്കാന്‍ പാടില്ലാത്ത തന്ത്രപ്രധാന കാര്യങ്ങള്‍ പ്രധാനമന്ത്രി തുറന്നുപറയുകയാണുണ്ടായത്.
അഭിമുഖത്തില്‍ നരേന്ദ്രമോദി പറഞ്ഞത്
‘ഫെബ്രുവരി 25 ന് രാത്രി 9 മണിയോടെ വ്യോമാക്രമണ പദ്ധതി സംബന്ധിച്ച് അവലോകനം നടത്തി. അടുത്ത വിശകലനയോഗം 12 മണിക്കായിരുന്നു. എന്നാല്‍ പൊടുന്നനെ കാലാവസ്ഥ മോശമായി. ആകാശം മേഘാവൃതമായിരുന്നു. പ്രത്യാക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിയാലോയെന്ന് യോഗത്തിലുണ്ടായിരുന്ന വിദഗ്ധര്‍ ചോദിച്ചു. എന്നാല്‍ എന്റെ മനസ്സില്‍ രണ്ട് കാര്യങ്ങളാണുണ്ടായിരുന്നത്. ഒന്ന് അതീവ രഹസ്യമാണ്. പരസ്യപ്പെടുത്താനാകില്ല. രണ്ടാമതായി ഞാന്‍ പറഞ്ഞു, ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും അറിവുള്ളയാളല്ല ഞാന്‍.പക്ഷേ നമുക്കൊരു ആനുകൂല്യമുണ്ട്. നിറയെ മേഘങ്ങളുണ്ട്, മഴയുമുണ്ട്. ഇത് നമുക്ക് അനുകൂലമാണ്. മേഘങ്ങള്‍ രക്ഷയാകും. പാകിസ്താന്റെ റഡാറില്‍ നിന്ന് രക്ഷപ്പെടാനാകും. എന്റെയൊരു തോന്നല്‍ പങ്കുവെച്ചപ്പോള്‍ അവര്‍ ആശയക്കുഴപ്പത്തിലായി. ഒടുവില്‍ ഞാന്‍ പറഞ്ഞു. മേഘങ്ങളുണ്ട് മുന്നോട്ടുപോകാം. ഞാന്‍ ഇത് ആദ്യമായി പുറത്തുവിടുകയാണ്. നമ്മുടെ ഉന്നതാധികാരികള്‍ക്ക് എന്താണ് തോന്നുകയെന്ന് അറിയില്ല. നരേന്ദ്രമോദി
മേഘങ്ങളുണ്ടെങ്കില്‍ റഡാറില്‍ നിന്ന് രക്ഷപ്പെടാമെന്ന പ്രധാനമന്ത്രിയുടെ വാദം പൊള്ളയാണ്. ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. ഏത് മോശം കാലാവസ്ഥയിലും സൂക്ഷ്മ ചലനങ്ങളും ഒപ്പിയെടുക്കാന്‍ റഡാറിനാകും. പ്രധാനമന്ത്രിയുടെ അറിവില്ലായ്മ വിടാം. എന്നാല്‍ തന്ത്രപ്രധാന വിവരങ്ങള്‍ പുറത്തുവിട്ട് ഗുരുതരവീഴ്ചയാണ് നരേന്ദ്രമോദിയില്‍ നിന്നുണ്ടായത്.
വ്യോമാക്രമണം മാറ്റാന്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു
മോശം കാലാവസ്ഥയായതിനാല്‍ വ്യോമാക്രമണം മാറ്റാന്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തുന്നു. അതായത് പ്രതികൂല കാലാവസ്ഥയില്‍ പറക്കാന്‍ സാധിക്കുമോയെന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചുവെന്നത് അദ്ദേഹം അടിവരയിടുകയാണ്. ശാസ്ത്രീയവും സാങ്കേതികവുമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി വിദഗ്ധര്‍ നിര്‍ദേശങ്ങള്‍ വെയ്ക്കുമ്പോള്‍ തീര്‍ത്തും അശാസ്ത്രീയ വാദങ്ങളിലൂടെ മോദി വ്യോമാക്രമണത്തിന് നിര്‍ദേശം നല്‍കിയെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. വിദഗ്ധാഭിപ്രായത്തെ ഒറ്റയടിക്ക് അശാസ്ത്രീയ വാദത്തിലൂടെ അദ്ദേഹം മറികടക്കുകയാണ്. മറ്റൊരു തരത്തില്‍ വൈദഗ്ധ്യമുള്ളവരുടെ വിലയേറിയ ആശയങ്ങള്‍ തള്ളി അവരെ ഇകഴ്ത്തുകയാണ് പ്രധാനമന്ത്രി. എത്ര കടുപ്പത്തില്‍ മേഘാവൃതമായാലും റഡാറില്‍ എന്തും പതിയുമെന്ന് ഏതെങ്കിലും വിദഗ്ധന്‍ മറുപടി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.
നാവികസേനാ നടപടികള്‍ പുറത്തുവിട്ട് ഗുരുതര വീഴ്ച
ഇന്ത്യന്‍ നാവികസേന കടല്‍മാര്‍ഗം ഒന്നില്‍ക്കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയെന്ന് പ്രധാനമന്ത്രി പറയുന്നു. ‘കറാച്ചിയാണ് ഇന്ത്യന്‍സേന ലക്ഷ്യമിടുന്നതെന്ന് തോന്നിപ്പിക്കാനായിരുന്നു ഇത്. കടല്‍മാര്‍ഗം ഇന്ത്യ ആക്രമണം അഴിച്ചുവിടുമെന്ന ഭയത്താല്‍ പാകിസ്താന്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. യുദ്ധക്കപ്പലുകള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യന്‍ മുന്നേറ്റം. കറാച്ചി ആക്രമിക്കപ്പെടുമെന്ന് തന്നെ പാകിസ്താന്‍ കരുതി. അങ്ങനെ ആശയക്കുഴപ്പമുണ്ടാക്കിയാണ് വ്യോമാക്രമണം സാധ്യമാക്കിയത്. ജെയ്‌ഷെ മുഹമ്മദിന്റെ ഭവല്‍പൂരിലെ ആസ്ഥാനമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന തോന്നലുമുണ്ടാക്കി. ഒരു സംഘം വിമാനങ്ങള്‍ ആദ്യം മുന്നേറി. ജെയ്‌ഷെ ആസ്ഥാനത്തിന് നേരെയായിരിക്കും ആക്രമണമെന്ന് പാകിസ്താന്‍ ഉറച്ചുവിശ്വസിച്ചു. എന്നാല്‍ നമ്മുടെ സംഘം വഴിതിരിഞ്ഞ് പോയി ആക്രമണം സാധ്യമാക്കിയത് അവര്‍ തിരിച്ചറിയാന്‍ വൈകി’. തന്ത്രപ്രധാന കൃത്യനിര്‍വ്വഹണത്തിന്റെ വിവരങ്ങള്‍ രാജ്യം രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. എന്നാല്‍ എങ്ങനെ ആക്രമണം സാധ്യമാക്കിയെന്ന് ഒരു ചാനലിനോട് എണ്ണിയെണ്ണിപ്പറയുകയാണ് പ്രധാനമന്ത്രി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്തുകരുതുമെന്ന് തനിക്കറിയില്ലെന്ന് മോദി പറയുന്നുണ്ട്. അതായത് ഇത്തരം കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. ആറാംഘട്ട തെരഞ്ഞെടുപ്പായിരുന്നു മോദിയുടെ ലക്ഷ്യമെന്ന് വ്യക്തം.
സമയാധിഷ്ഠിത നീക്കങ്ങള്‍ പരസ്യപ്പെടുത്തി
ബലാകോട്ട് വ്യോമാക്രമണം പുലര്‍ച്ചെ 3.30 ന് തുടങ്ങിയെന്നാണ് വ്യോമസേന ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഇത് 2.55 ന് തുടങ്ങിയെന്ന് മോദി വ്യക്തമാക്കുന്നു.
‘1.30ന് മുന്നേറ്റം തുടങ്ങി. നമ്മുടെ സമയം 2.55 ആയിരുന്നു. അതായിരുന്നു ഏറ്റവും മികച്ച സമയം. എല്ലാം നല്ല രീതിയില്‍ കലാശിച്ചെന്ന് 3.20 ന് എനിക്ക് വിവരം ലഭിച്ചു’.മോദി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
അതായത് നടപടിക്രമങ്ങള്‍ മുഴുവന്‍ സമയക്രമീകരണങ്ങള്‍ ഉദ്ധരിച്ച് മോദി തുറന്നുപറയുന്നു. രണ്ട് കാര്യങ്ങള്‍ മനസ്സില്‍ തോന്നിയെന്നും ആദ്യത്തേത് അതീവ പ്രാധാന്യമുള്ളതായതിനാല്‍ പങ്കുവെയ്ക്കുന്നില്ലെന്നാണ് മോദി പറഞ്ഞത്. മുഴുവന്‍ രഹസ്യങ്ങളും വെളിപ്പെടുത്താന്‍ അത്തരമൊരു വാദം പുകമറയാക്കിയെന്ന് വേണം കരുതാന്‍. തെരഞ്ഞെടുപ്പില്‍ ദേശീയസുരക്ഷാവാദം കടുപ്പിക്കുകയെന്ന തന്ത്രമാണ് നരേന്ദ്രമോദി പയറ്റിയത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ബലാകോട്ടില്‍ ഇന്ത്യന്‍ പ്രത്യാക്രമണം. വ്യോമാക്രമണത്തിന്റെ കഥയെന്ന പേരില്‍ ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മോദിയുടെ വാക്കുകള്‍ പങ്കുവെച്ചിരുന്നു. അഭിമുഖത്തിന്റെ ഒരു മിനിട്ട് വീഡിയോ സഹിതമായിരുന്നു പോസ്റ്റ്. എന്നാല്‍ മോദിയുടെ അശാസ്ത്രീയ വാദം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിതുറന്നു. തൊട്ടുപിന്നാലെ പ്രതിഷേധവും പരിഹാസവുമുയര്‍ന്നു. ഇതോടെ ബിജെപി പോസ്റ്റ് മുക്കി.