മോദി പ്രഭാവം മങ്ങുന്നതിന്റെ പ്രകടമായ ദൃഷ്ടാന്തമായി മഹാരാഷ്ട്ര-ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, അസം പൗരത്വ പട്ടിക തുടങ്ങിയവ തുറുപ്പുചീട്ടാക്കി 'മഹാവിജയം' കൊയ്യാനിറങ്ങിയ ബിജെപിക്ക് ഇരുസംസ്ഥാനങ്ങളിലും നിറം മങ്ങിയ വിജയം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും രണ്ടിടത്തുമായി 42 തെരഞ്ഞെടുപ്പ് റാലികളാണ് പങ്കെടുത്തത്. പ്രചരണത്തിന് ഇരുവരും നേരിട്ട് ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് കഴിഞ്ഞ നിയമസഭാ - ലോക്‌സഭാ ഫലങ്ങളെ അപേക്ഷിച്ച് തകര്‍ച്ച നേരിട്ടത്. ലോക്‌സഭയിലേക്ക് നേടിയ വന്‍ വിജയത്തിന്റെ വര്‍ധിത വീര്യത്തില്‍ ഇറങ്ങിയ ബിജെപിക്ക് അഞ്ചുമാസത്തിനിപ്പുറം അതേ പ്രകടനം കാഴ്ചവെയ്ക്കാനായില്ലെന്ന് ഫലം അടിവരയിടുന്നു. മഹാരാഷ്ട്രയില്‍ ലോക്‌സഭയിലേക്ക് ബിജെപിക്ക് 27.59 ശതമാനം വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി അത് 25.6 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഹരിയാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 58.02 ശതമാനം വോട്ട് നേടിയ ബിജെപി 36.45 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
ഒറ്റയ്ക്ക് ഭരണം പിടിക്കാനിറങ്ങി മഹാരാഷ്ട്രയില്‍ കൈപൊള്ളി
മഹാരാഷ്ട്രയില്‍ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ചയുണ്ടെങ്കിലും വന്‍ മുന്നേറ്റമുണ്ടാക്കാമെന്ന മോഹവും അവകാശവാദങ്ങളും അസ്ഥാനത്തായി. സംസ്ഥാനത്ത് ഒറ്റയ്ക്ക് അധികാരം പിടിക്കാമെന്ന ബിജെപി ലക്ഷ്യമാണ് നിഷ്പ്രഭമായത്. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യവുമായി പകുതിയിലധികം സീറ്റുകളില്‍ പാര്‍ട്ടി മത്സരിച്ചു. എന്നാല്‍ 288 അംഗ സഭയില്‍ 105 പേരെ വിജയിപ്പിക്കാനേ സാധിച്ചുള്ളൂ. ഒറ്റയ്ക്ക് അധികാരം കയ്യാളാന്‍ ഇറങ്ങിയവര്‍ക്ക് കഴിഞ്ഞ കുറി നേടിയ 122 സീറ്റുകള്‍ പോലും നേടാനായില്ല. 56 സീറ്റുള്ള ശിവസേനയെ കൂട്ടുപിടിച്ചേ ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഭരണം സാധ്യമാകൂ. ആകെ 161 ആണ് എന്‍ഡിഎയുടെ അംഗബലം. മുഖ്യമന്ത്രി പദമടക്കം പങ്കിടുന്ന രീതിയിലുള്ള സഖ്യ ധാരണവേണമെന്ന് ശിവസേന ആവശ്യപ്പെട്ടുകഴിഞ്ഞു. സഖ്യ സര്‍ക്കാരില്‍ ബിജെപിക്ക് വലിയ വിട്ടുവീഴ്ചകള്‍ നടത്തേണ്ടി വരും. പലപ്രഖ്യാപന ശേഷമുള്ള ശിവസേനയുടെ പ്രസ്താവനകള്‍ ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസും എന്‍സിപിയും നല്ല പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. എന്‍സിപി 54 ഉം കോണ്‍ഗ്രസ് 44 ഉം ഇടത്ത് വിജയിച്ചു. കഴിഞ്ഞ തവണ എന്‍സിപിക്ക് 41 ഉം കോണ്‍ഗ്രസിന് 42 ഉം എംഎല്‍എമാരായിരുന്നു. മറ്റ് യുപിഎ കക്ഷികള്‍ 7 ഇടത്തും ചെറു പാര്‍ട്ടികളും സ്വതന്ത്രരുമടക്കം 23 പേരും വിജയിച്ചിട്ടുണ്ട്. വീര്‍ സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുമെന്നടക്കമുള്ള വാദങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു എന്‍ഡിഎ ഗോദയിലിറങ്ങിയത്.എന്നാല്‍ കാര്‍ഷികമേഖലയിലെ തകര്‍ച്ചയും, സര്‍ക്കാരിന് വരള്‍ച്ചയെ ഫലപ്രദമായി നേരിടാനാകാത്തതും സാമ്പത്തിക പൊതുവിലുള്ള സാമ്പത്തിക മാന്ദ്യവുമെല്ലാം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു. സ്വന്തക്കാരെ തിരുകിക്കയറ്റിയും മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയും ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ കരുനീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിട്ടു.
ബിജെപിക്ക് പ്രഹരമേല്‍പ്പിച്ച് ഹരിയാന
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 10 സീറ്റുകളും തൂത്തുവാരിയ ബിജെപിക്ക് അഞ്ചുമാസത്തിനിപ്പുറം നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 46 അംഗങ്ങളെ വിജയിപ്പിക്കാനായില്ല. 40 ഇടത്താണ് ബിജെപി വിജയിച്ചത്. 75 സീറ്റുകള്‍ നേടാമെന്ന കണക്കുകൂട്ടലുമായി ഇറങ്ങിയ ബിജെപിക്കാണ് വന്‍ തകര്‍ച്ച നേരിട്ടത്. നിലംപരിശാകുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസ് 31 സീറ്റുകളുമായി നില മെച്ചപ്പെടുത്തി. 2014 ല്‍ ബിജെപിക്ക് ഹരിയാനയില്‍ 47 സീറ്റുണ്ടായിരുന്നു. അതാണ് 40 ആയി കുറഞ്ഞത്. കോണ്‍ഗ്രസിന് മുന്‍പ് 19 എംഎല്‍എമാരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അത് 31 ലേക്ക് വര്‍ധിപ്പിച്ചു. മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് ഹരിയാനയിലേത്.
ബിജെപിയുടെ രാജ്യസഭാ മോഹങ്ങള്‍ തകിടം മറിച്ച ഫലം
മഹാരാഷ്ട്രയിലും ഹരിയാനയിലും പരമാവധി എംഎല്‍എമാരെ വിജയിപ്പിച്ചാല്‍ രാജ്യസഭയിലും കരുത്ത് വര്‍ധിപ്പിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. രാജ്യസഭയില്‍ 19 എംപിമാരാണ് മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുന്നത്. നിലവില്‍ എന്‍ഡിഎയ്ക്ക് മഹാരാഷ്ട്രയില്‍ നിന്ന് 11 എംപിമാരാണുള്ളത്. കോണ്‍ഗ്രസിനും എന്‍സിപിക്കുമായി 8 പേരുണ്ട്. 2020 ലും 2022 ലുമായി യഥാക്രമം ഏഴും ആറും സീറ്റുകളില്‍ ഒഴിവുവരും. ഈ 13 ല്‍ ഇപ്പോള്‍ എന്‍ഡിഎയ്ക്ക് 7 സീറ്റുകളുണ്ട്. മഹാരാഷ്ട്രയില്‍ ഒരു എംപിയെ വിജയിപ്പിക്കണമെങ്കില്‍ 36 എംഎല്‍എമാര്‍ വേണം. എന്‍ഡിഎയ്ക്ക് ഇപ്പോള്‍ 161 സീറ്റുകളാണുള്ളത്. അതായത് സംസ്ഥാനത്ത് ആദ്യം ഒഴിവുവരുന്ന 7 സീറ്റുകളില്‍ നിലവിലെ സ്ഥിതിയില്‍ നാല് പേരെ മാത്രമേ എന്‍ഡിഎയ്ക്ക് ജയിപ്പിക്കാനാകൂ. യുപിഎയ്ക്ക് മഹാരാഷ്ട്രയില്‍ നിന്ന് രണ്ട് പേരെ രാജ്യസഭയിലേക്ക് അയയ്ക്കാന്‍ സാധിക്കും. ആകെയുള്ള അഞ്ചില്‍ ഹരിയാനയില്‍ നിന്ന് മൂന്ന് രാജ്യസഭാ എംപിമാരാണ് നിലവില്‍ ബിജെപിക്കുള്ളത്. 2020 ലും 2022 ലും രണ്ട് വീതം സീറ്റുകള്‍ ഒഴിവുവരും. ഹരിയാനയില്‍ ഒരു രാജ്യസഭാ എംപിയെ വിജയിപ്പിക്കണമെങ്കില്‍ 30 അംഗങ്ങളുടെ പിന്‍തുണ വേണം. അങ്ങനെയെങ്കില്‍ ബിജെപിക്ക് ഒരാളെയേ വിജയിപ്പിക്കാനാകൂ. കോണ്‍ഗ്രസിനും ഒരംഗത്തെ രാജ്യസഭയിലെത്തിക്കാം.
നിലവില്‍ രാജ്യസഭയില്‍ ബിജെപിക്ക് 82 എംപിമാരാണുള്ളത്. കോണ്‍ഗ്രസിന് 45 ഉം. മധ്യപ്രദേശ്, രാജസ്ഥാന്‍ ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ആണ് അധികാരം നേടിയത്. ഇവിടങ്ങളില്‍ പിന്നോക്കം പോയത് മഹാരാഷ്ട്ര, ഹരിയാന ഫലങ്ങളിലൂടെ മറികടക്കാമെന്ന ബിജെപി മോഹമാണ് പൊലിഞ്ഞത്. നിലവില്‍ ഛത്തീസ്ഗഡില്‍ നിന്ന് മൂന്നും മദ്ധ്യപ്രദേശില്‍ നിന്ന് 8 ഉം രാജസ്ഥാനില്‍ നിന്ന് 9 ഉം രാജ്യസഭാംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്. മധ്യപ്രദേശില്‍ ബിജെപിക്ക് 109 എംഎല്‍എമാരുണ്ട്. എന്നാല്‍ 58 എംഎല്‍എമാരാണ് ഒരു എംപിയെ വിജയിപ്പിക്കാന്‍ വേണ്ടത്. അങ്ങനെ വരുമ്പോള്‍ ഒരാളെ മാത്രമേ വിജയിപ്പിക്കാനാകൂ. രാജസ്ഥാനില്‍ 73 എംഎല്‍എമാരാണുള്ളത്. ഒരു അംഗത്തെ വിജയിപ്പിക്കാന്‍ കുറഞ്ഞത് 50 എംഎല്‍എമാര്‍ വേണ്ടതിനാല്‍ ഒരാളെ മാത്രമേ സഭയില്‍ അയയ്ക്കാന്‍ സാധിക്കൂ. ഛത്തീസ്ഗഡില്‍ പാര്‍ട്ടിക്ക് 15 എംഎല്‍എമാരേയുള്ളൂ. 30 പേരുണ്ടെങ്കിലേ ഒരാളെ തെരഞ്ഞെടുക്കാനാകൂ. ഫലത്തില്‍ ഛത്തീസ്ഗഡില്‍ നിന്ന് രാജ്യസഭാംഗത്തെ ലഭിക്കുകയുമില്ല. 2022 ലും ഇതേ സ്ഥിതിയായിരിക്കും.