പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിന്റെ നിഴലിലായ പൊതുമരാമത്ത് മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ പരിഹസിച്ച് മന്ത്രി എം എം മണി. കമ്പിയില്ലേല്‍ കമ്പിയെണ്ണുമെന്ന് അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാതെ ഫെയ്‌സ്ബുക്കില്‍ കുറിക്കുകയായിരുന്നു വൈദ്യുതി മന്ത്രി.നേരത്തേ ഇബ്രാഹിംകുഞ്ഞിന് ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.
ഇന്ന് ഒരാളുടെ കഥ കഥ പുറത്തുന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും. മര്യാദയ്ക്കാണെങ്കില്‍ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണ് നിര്‍മ്മാണ കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയതെന്ന് കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് മേല്‍ കുരുക്ക് മുറുകിയത്.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ അന്നത്തെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷിന്റെ ശുപാര്‍ശയില്‍ മന്ത്രിയുടെ ഉത്തരവിന്‍മേലാണ് 8.25 കോടി നല്‍കിയതെന്നാണ് സൂരജിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് വിജിലന്‍സ്. ടി ഒ സൂരജിനെ കൂടാതെ ആര്‍ബിഡിസികെ മുന്‍ എജിഎം എംടി തങ്കച്ചന്‍, ആര്‍ഡിഎസ് കമ്പനി എംഡി സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.