മരടില്‍ സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ സാവകാശമാവശ്യപ്പെട്ട് ഉടമകള്‍. താമസക്കാരുടെ പുനരധിവാസം സംബന്ധിച്ച് കണക്കെടുപ്പിനെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടാണ് ഫ്‌ളാറ്റ് ഉടമകള്‍ ഒഴിയാന്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ടത്. ആല്‍ഫ, ജെയിന്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളിലാണ് ഞായറാഴ്ച റവന്യൂ സംഘമെത്തിയത്.
തങ്ങളെ ഒഴിപ്പിക്കാന്‍ എത്തിയതാണോയെന്ന് ആല്‍ഫയിലെത്തിയ ഉദ്യോഗസ്ഥ സംഘത്തോട് താമസക്കാര്‍ ചോദിച്ചു. അല്ലെന്നും വിവരശേഖരണം മാത്രമാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിനായി ഇപ്പോള്‍ നിര്‍ദിഷ്ട അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ മതിയെന്നും ധരിപ്പിച്ചു. സാധന സാമഗ്രികള്‍ മാറ്റുന്നതടക്കമുള്ള കാര്യങ്ങളുള്ളതിനാല്‍ ഒഴിയാന്‍ മൂന്ന് നാല് ദിവസം നല്‍കണമെന്ന് ഇവര്‍ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. എവിടേക്കാണ് മാറുന്നതെന്ന് അറിയാതെ അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നതെങ്ങനെയെന്ന് ഉടമകള്‍ അരാഞ്ഞു. വാടകയ്ക്കാണെങ്കില്‍ പണം സര്‍ക്കാര്‍ കൊടുക്കുമോയെന്നും സാധനങ്ങള്‍ മാറ്റാനുള്ള തുക ആര് നല്‍കുമെന്നും വ്യക്തമായി വിശദീകരിക്കണമെന്നും താമസക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങള്‍ തിങ്കളാഴ്ചത്തെ യോഗത്തിലാണ് തീരുമാനമാവുകയെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ തങ്ങള്‍ ധൃതിപിടിച്ച് ഇപ്പോള്‍ ഇറങ്ങേണ്ടതില്ലല്ലോയെന്ന് താമസക്കാര്‍ ചോദിച്ചു.
ബലം പിടിച്ച് ഓടിപ്പോകേണ്ടതുണ്ടോ, ഇന്ന് ഇറങ്ങിയില്ലെങ്കില്‍ വെടിവെച്ച് കൊല്ലുകയൊന്നുമില്ലല്ലോ. ഞങ്ങള്‍ക്ക് അറിയില്ല, അതുകൊണ്ട് ചോദിക്കുകയാണ്, ഇതില്‍ ക്ലാരിറ്റി വേണം. മൂലമ്പിള്ളിയില്‍ നിങ്ങള്‍ ആളുകളെ കുടിയൊഴിപ്പിച്ചത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. എന്താണ് നിങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഒരു കാര്യം ഉറപ്പാണ്. ഞങ്ങള്‍ പോയില്ലെങ്കില്‍ നിങ്ങള്‍ അടിച്ചോടിക്കും. ഇനി ആകപ്പാടെയുള്ളത് അഭിമാനമാണ് , ബാക്കിയെല്ലാം പോയി, അതുകൂടി കളയാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞങ്ങളുടെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. പക്ഷേ ഒഴിയാന്‍ മൂന്ന് നാല് ദിവസത്തെ സമയം തരണം. പാക്ക് ചെയ്യാനും ഒഴിയാനും സാധനങ്ങള്‍ മാറ്റാനും സമയം വേണം.ആല്‍ഫയിലെ ഫ്‌ളാറ്റ് ഉടമ
അതേസമയം തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് ചില ഉടമകളും വാടകക്കാരും ഒഴിഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു വിഭാഗം ഫ്ളാറ്റുടമകള്‍ നടത്തുന്ന നിരാഹാരസമരം തുടരുകയാണ്. ഉടമകളില്‍ ഒരാളായ ജയകുമാറാണ് ഹോളി ഫെയ്ത്ത് ഫ്ളാറ്റിനുമുന്നില്‍ നിരാഹാര സമരം നടത്തുന്നത്. ഒഴിയാന്‍ മതിയായ സമയം ലഭിച്ചില്ലെന്നും താല്‍ക്കാലിക നഷ്ടപരിഹാരം അതിന് മുന്‍പ് ലഭിക്കണമെന്നും ഫ്ളാറ്റുടമകള്‍ ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് നിവാസികള്‍ ഇന്ന് മുതല്‍ ഒഴിഞ്ഞു പോകണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ ഇതിനായി നിര്‍ബന്ധിക്കുകയോ ബലംപ്രയോഗിക്കുകയോ ചെയ്യില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക ചുമതലയുള്ള സബ്കളക്ടര്‍ സ്നേഹില്‍ കുമാര്‍ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു.ഒക്ടോബര്‍ മൂന്ന് വരെയാണ് ഒഴിയലിന് സമയം നല്‍കിയിരിക്കുന്നത്.