News n Views

‘കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കള്‍’; മാവോയിസ്റ്റുകള്‍ക്ക് സാമ്രാജ്യത്വ പിന്തുണയുണ്ടെന്ന് കോടിയേരി 

THE CUE

അട്ടപ്പാടി മാവോയിസ്റ്റ് കൊലകളിലേയും പന്തീരാങ്കാവ് യുഎപിഎ കേസിലേയും സര്‍ക്കാര്‍ നടപടികള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങവേ വിശദീകരണവുമായി സിപിഐഎം. മാവോയിസ്റ്റുകളെ യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകാരായി കാണുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാവോയിസ്റ്റുകളെ വര്‍ഗശത്രുവായി സിപിഐഎം വിലയിരുത്തുന്നില്ല. എന്നാല്‍ അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടവരും കേരളത്തില്‍ താവളമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകള്‍ 'തോക്കിന്‍ കുഴലിലൂടെ വിപ്ലവം' എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ആരോപിച്ചു. ദേശാഭിമാനിയില്‍ 'നേര്‍വഴി' എന്ന പേരിലെഴുതുന്ന കോളത്തിലാണ് കോടിയേരിയുടെ പ്രതികരണം.

ഇന്ത്യയില്‍ ഇടതുപക്ഷ ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. ഇവിടെ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കരുതെന്ന ലാക്കോടെ ജനമനസ്സുകളെ തിരിക്കാനാണ് നോട്ടം. അതിന് കോര്‍പറേറ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും സാര്‍വദേശീയ മതതീവ്രവാദ സംഘടനകളുടെയും പിന്തുണ മാവോവാദികള്‍ക്ക് കിട്ടുന്നുണ്ട്.
കോടിയേരി ബാലകൃഷ്ണന്‍

മാവോയിസ്റ്റുകള്‍ക്ക് എതിരെയുള്ള അട്ടപ്പാടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പൊലീസ് നടപടി എല്‍ഡിഎഫിന്റെയോ, പിണറായി വിജയന്‍ സര്‍ക്കാരിന്റെയോ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. തോക്കും മറ്റ് ആയുധങ്ങളുമായി കാടുകളിലും മറ്റും തമ്പടിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുക എന്നതല്ല കേരള പൊലീസിന്റെ നയം. തോക്കേന്തി ഇവിടെ എത്തിയിട്ടുള്ള മാവോയിസ്റ്റുകള്‍ യഥാര്‍ഥ വിപ്ലവകാരികളാണെന്ന കാഴ്ചപ്പാട് സിപിഐ എമ്മിന് ഇല്ല. ഇക്കൂട്ടര്‍ അരാജകവാദികളും യഥാര്‍ഥ വിപ്ലവശക്തികളെ ക്ഷീണിപ്പിക്കാനുള്ള ശത്രുവര്‍ഗത്തിന്റെ കൈയിലെ കോടാലികളുമാണ്. ആയുധമേന്തിയവരാണെങ്കില്‍ പോലും അവരെയെല്ലാം പൊലീസിനെയോ, സൈന്യത്തിനെയോ ഉപയോഗിച്ച് ഉന്മൂലനം ചെയ്യുകയെന്ന നയം എല്‍ഡിഎഫിനോ, സിപിഐ എമ്മിനോ ഇല്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

യുഎപിഎ ഒരു കരിനിയമം ആണെന്നതില്‍ സിപിഐഎമ്മിന് ഒരു സംശയവുമില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ടു തട്ടിലെന്നവിധത്തിലള്ള ചിത്രീകരണം അസംബന്ധമാണ്. ഈ നിയമം പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല.
കോടിയേരി ബാലകൃഷ്ണന്‍

രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ഉപയോഗിച്ച നടപടി നിയമപരമായ പരിശോധനയിലൂടെ തിരുത്താനേ ഇനി സര്‍ക്കാരിന് കഴിയൂ. അത് സര്‍ക്കാര്‍ ചെയ്യും. നേരത്തെ ചിലര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി പുനഃപരിശോധിച്ച് തിരുത്തിയ അനുഭവം മറക്കരുത്. തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ള ആശയവ്യതിയാനക്കാര്‍ സിപിഐഎം ഉള്‍പ്പെടെയുള്ള കക്ഷികളില്‍ ചേക്കേറിയിട്ടുണ്ടോയെന്ന പരിശോധന അതത് പാര്‍ടികള്‍ നടത്തണമെന്നതാണ് ഇക്കാര്യത്തിലെ രാഷ്ട്രീയമായ മുന്നറിയിപ്പിന്റെ വിഷയം. എന്നാല്‍ ആശയവ്യതിയാനം ഉണ്ടാകുന്നവരെ ശരിയായ പ്രത്യയശാസ്ത്ര നിലപാടുകളിലേക്ക് എത്തിക്കണമെന്നാണ് ഈ പരിശോധനയില്‍ സിപിഐഎം നല്‍കുന്ന പ്രധാന ഊന്നലെന്നും കോടിയേരി കൂട്ടിച്ചേര്‍ക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT