പ്രശസ്ത ചലച്ചിത്ര നടന്‍ സത്താര്‍ അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു വിയോഗം. 67 വയസ്സായിരുന്നു. കരള്‍ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് നാലിന് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും. മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചത് ആണ് അവസാന ചിത്രം. എണ്‍പതുകളില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളത്തില്‍ നിറഞ്ഞുനിന്ന നടനാണ് സത്താര്‍. സ്വഭാവ നടനായും വില്ലനായും പ്രേക്ഷകശ്രദ്ധ നേടി.
ആവുവയിലെ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ശേഷമായിരുന്നു സിനിമാ പ്രവേശം. 1975 ല്‍ എം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രമായിരുന്നു ആദ്യത്തേത്. 1976 ല്‍ വിന്‍സെന്റ് സംവിധാന ചെയ്ത അനാവരണത്തിലൂടെ നായകനായി. ശേഷം സ്വഭാവനടനായും വില്ലന്‍ വേഷങ്ങളിലുമാണ് കൂടുതലുമെത്തിയത്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഈ നാട്, ശരപഞ്ചരം, അവളുടെ രാവുകള്‍, ബെന്‍സ് വാസു എന്നിവ 80 കളിലെ ഹിറ്റ് ചിത്രങ്ങളായിരുന്നു. നടി ജയഭാരതിയായിരുന്നു അദ്യ ഭാര്യ. പിന്നീട് വേര്‍പിരിഞ്ഞു. നടന്‍ കൃഷ് ഇവരുടെ മകനാണ്.