കാര്യക്ഷമമായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് പുത്തന്‍ പദ്ധതിയുമായി മലപ്പുറം നഗരസഭ. 'പ്ലാസ്റ്റിക് തരൂ, ഭക്ഷണം തരാം' എന്ന പേരിലാണ് പദ്ധതി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ ഉഴലുന്നവര്‍ക്കും അലക്ഷ്യമായി ഉപേക്ഷിക്കുന്നവര്‍ക്കുമെല്ലാം ഇവ ഇനി മുതല്‍ ഖനി എംആര്‍എഫ് യൂണിറ്റിലെത്തിക്കാം. അപ്പോള്‍ സൗജന്യമായി വയറുനിറയെ ഭക്ഷണം ലഭിക്കും. ഉച്ചയ്ക്ക് 12.30 മുതല്‍1.30 വരെയാണ് ഭക്ഷണസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണമാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അടുത്തതില്‍ ചായയും കടിയും നല്‍കുമെന്നും നഗരസഭാദ്ധ്യക്ഷ സിഎച്ച് ജമീല പറഞ്ഞു.
ഭക്ഷണം വേണ്ടാത്തവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അവര്‍ അറിയിച്ചു. ശനിയാഴ്ച പ്ലാസ്റ്റിക് കവറുകളുമായി എത്തിയ കളക്ടര്‍ ജാഫര്‍ മാലിക്കിന് ഭക്ഷണം കൈമാറി പി ഉബൈദുള്ള എംഎല്‍എയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടക്കം കുറിക്കലിന് മുന്നോടിയായി നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും എന്‍എസ്എസ് വളന്റിയര്‍മാരും റാലിയായി റോഡരികിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു.