സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ശിവസേന. എംഎല്‍എമാരെ സ്വാധീനിച്ച് പാര്‍ട്ടി പിളര്‍ത്താനുള്ള ബിജെപി ശ്രമിക്കുന്നതിനിടെയാണ് ശിവസേനയുടെ നിര്‍ണായക നീക്കം. ഗവര്‍ണറെ കണ്ട ബിജെപി നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചില്ല.
ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് ബാന്ദ്രയിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ ശിവസേന മാറ്റിയത്. ശിവസേനയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എമാരും റിസോര്‍ട്ടിലാണുള്ളത്. പാര്‍ട്ടി പിളര്‍ത്താനുള്ള ബിജെപിയുടെ ശ്രമത്തില്‍ വീഴരുതെന്ന് നിയമസഭ കക്ഷിയോഗത്തില്‍ ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ 56 അംഗങ്ങളും പങ്കെടുത്തു. രണ്ട് ദിവസം റിസോര്‍ട്ടില്‍ തങ്ങാനാണ് നിര്‍ദേശം.
ഇതിനിടെ ബിജെപി പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ശിവസേന സമ്മര്‍ദ്ദം ശക്തമാക്കിയതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചില്ല. ഒരുദിവസം മാത്രമാണ് സര്‍ക്കാരുണ്ടാക്കാന്‍ ശേഷിക്കുന്നത്.
ശിവസേനയുടെ ഇരുപത് എംഎല്‍എമാരുമായി ബിജെപി ചര്‍ച്ച നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ദേവന്ദ്ര ഫഡ്‌നാവിസുമായി ബന്ധമുള്ള എംഎല്‍എമാര്‍ ശിവസേനയിലുണ്ടെന്ന് ബിജെപി അവകാശപ്പെട്ടതോടെയാണ് റിസോര്‍ട്ടിലേക്ക് മാറ്റിയത്. ബിജെപി കുതിരക്കച്ചവടം നടത്താന്‍ ശ്രമിക്കുന്നതായി പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് ഒറ്റക്ക് അധികാരം പിടിക്കാനായിരുന്നു ബിജെപി തെരഞ്ഞെടുപ്പില്‍ ഇത്തവണ ലക്ഷ്യമിട്ടത്. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യവുമായി പകുതിയിലധികം സീറ്റുകളില്‍ ബിജെപി മത്സരിച്ചിരുന്നു. എന്നാല്‍ 288 അംഗ സഭയില്‍ 105 പേരെ വിജയിപ്പിക്കാനേ സാധിച്ചുള്ളൂ. ഒറ്റയ്ക്ക് അധികാരം കയ്യാളാന്‍ ഇറങ്ങി ബിജെപിക്ക് കഴിഞ്ഞ തവണ നേടിയ 122 സീറ്റുകള്‍ പോലും നേടാനായില്ല. 56 സീറ്റുള്ള ശിവസേനയെ കൂട്ടുപിടിച്ച് മാത്രമേ ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഭരണം സാധ്യമാകൂ. ആകെ 161 ആണ് എന്‍ഡിഎയുടെ അംഗബലം. മുഖ്യമന്ത്രി പദമടക്കം പങ്കിടുന്ന രീതിയിലുള്ള സഖ്യ ധാരണവേണമെന്ന് ശിവസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ ബിജെപി ഇതിന് വഴങ്ങാതിരുന്നതോടെയാണ് സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായത്. എന്‍സിപി 54 ഉം കോണ്‍ഗ്രസ് 44 ഉം ഇടത്താണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മറ്റ് യുപിഎ കക്ഷികള്‍ 7 ഇടത്തും ചെറു പാര്‍ട്ടികളും സ്വതന്ത്രരുമടക്കം 23 പേരുമാണ് നിയമസഭയിലെത്തിയത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം