ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധി പ്രസ്താവിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യുവതീ പ്രവേശന വിധിക്കെതിരെ നിയമ നിര്‍മ്മാണം സാധ്യമല്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. നിയമനിര്‍മ്മാണം എന്നത് ഭക്തരെ കബളിപ്പിക്കാനുള്ള പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു.
മൗലികാവകാശം സംരക്ഷിക്കാന്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ അതിനെ മറികടക്കാന്‍ നിയമനിര്‍മ്മാണം എളുപ്പമല്ല. പാര്‍ലമെന്റില്‍ നിയമ വകുപ്പ് മന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിയമനിര്‍മ്മാണമെന്നത് ഭക്തരെ കബളിപ്പിക്കാന്‍ പറഞ്ഞതാണ്. നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്ന് അന്ന് തന്നെ വ്യക്തമായിരുന്നിട്ടും ഇത് പ്രചരിപ്പിച്ച് ഭക്തരെ പറ്റിക്കുകയായിരുന്നുവെന്നും ബിജെപിയെയും കോണ്‍ഗ്രസിനെയും ഉന്നമിട്ട് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.