News n Views

‘കോതമംഗലം പള്ളിയില്‍ തമ്പടിച്ചവരെ ഒഴിപ്പിക്കണം’; പള്ളി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

THE CUE

കോതമംഗലം ചെറിയ പള്ളി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. പള്ളി ഏറ്റെടുക്കുന്നതിനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പള്ളിയില്‍ തമ്പടിച്ചവരെ ഒഴിപ്പിച്ചിട്ട് വേണം ഏറ്റെടുക്കാനെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ക്രമസമാധാന പ്രശ്‌നമില്ലെന്ന് ഉറപ്പ് വരുത്തണം. അതിന് ശേഷമേ മതപരമായ ചടങ്ങുകള്‍ വിട്ടുനല്‍കാവൂ.
ഹൈക്കോടതി

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം ജില്ലാ കളക്ടര്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തേത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പള്ളികളില്‍ ഒന്നാണ് കോതമംഗലം മാര്‍തോമാ ചെറിയ പള്ളി. സുപ്രീം കോടതിവിധിയനുസരിച്ച് ഒക്ടോബര്‍ 28ന് പള്ളിയില്‍ പ്രവേശിക്കാനായി റമ്പാന്‍ തോമസ് പോളിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. യാക്കോബായ വിശ്വാസികളും പുരോഹിതരും പള്ളിക്ക് മുന്നില്‍ നിലയുറപ്പിച്ചതിനേത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്ക് തിരികെ പോകേണ്ടിവന്നു. ഓര്‍ത്തഡോക്സ് വിഭാഗത്തെ കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന് വ്യക്തമാക്കി ഒക്ടോബര്‍ 17ന് കോടതിവിധിയുണ്ടായിരുന്നു. തോമസ് പോള്‍ റമ്പാന് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

മലങ്കര സഭാ തര്‍ക്കം നാള്‍ക്കുനാള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് അറിയിച്ച് ഇതര ക്രിസ്തീയ സഭകള്‍ രംഗത്തെത്തിയിട്ടുണ്ട്. ലത്തീന്‍ സഭാ ആര്‍ച്ച് ബിഷപ് ഡോ. എം സൂസൈപാക്യം, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ത്തോമാ സഭാ മേലധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ്, സിഎസ്‌ഐ മധ്യകേരള ബിഷപ് തോമസ് കെ ഉമ്മന്‍ എന്നിവര്‍ ഇക്കാര്യം അറിയിച്ച് ഓര്‍ത്തഡോക്‌സ്, യാക്കോബായ മേലധ്യക്ഷന്‍മാര്‍ക്ക് കത്തയച്ചു. സഭാതര്‍ക്കം വേദനാജനകമായ സംഗതിയാണെന്ന് കത്തില്‍ പറയുന്നു. ശവസംസ്‌കാരം, പള്ളിപ്രവേശം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് ക്രൈസ്തവ സമൂഹത്തിന് വലിയ വേദന സൃഷ്ടിക്കുകയാണ്. സമവായത്തിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും സഭകള്‍ ആവശ്യപ്പെടുന്നു. സഭകളുടെ അനുരഞ്ജന നീക്കത്തെ സ്വാഗതം ചെയ്യുകയാണെന്നും സഹകരിക്കുമെന്നും യാക്കോബായ സഭ വ്യക്തമാക്കി. കത്തിനോട് ഓര്‍ത്തഡോക്‌സ് സഭ പ്രതികരിച്ചിട്ടില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT