കേരളീയം 2023 നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് വിവിധ വേദികളിലായി അരങ്ങേറും. നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരളീയം 2023 ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ. യൂസഫലി, രവി പിള്ള, ആരോഗ്യമേഖലയിലെ പ്രമുഖ വ്യക്തിത്വമായ ഡോ. എം.വി.പിള്ള എന്നിവരുള്‍പ്പെടെ വലിയൊരു നിര പങ്കെടുക്കും കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്.
കേരളീയം 2023 എന്ന മലയാളികളുടെ മഹോത്സവം കേരളത്തിന്‍റെ തനിമയെന്തെന്ന് ലോകത്തിനു മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതവര്‍ഗീയതയ്ക്ക് ഈ നാട്ടിലിടമില്ല എന്നു അടിവരയിട്ടു പറയേണ്ടതുണ്ട്. സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്‍റെ സംസ്കാരത്തെ ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നത്. ഏറ്റവും മികച്ച രീതിയില്‍ അതേറ്റെടുത്ത് വിജയിപ്പിക്കാന്‍ ഞാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വർഷവും കേരള പിറവി ദിനത്തോടനുബന്ധിച്ചു ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷമായാണ് കേരളീയം വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തെ അതിന്റെ സാംസ്കാരികവും തന്മയ ഭാവത്തോടും കൂടെ അവതരിപ്പിക്കൽ തുടങ്ങി വിവിധോദ്ദേശങ്ങളോടെയാണ് കേരളീയം വികസന-സാംസ്‌കാരിക-മഹോത്സവം സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. എക്സിബിഷന്‍, ട്രേഡ് ഫെയര്‍, ഭക്ഷ്യമേളകള്‍ തുടങ്ങി മറ്റെല്ലാ പരിപാടികളും രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ ഉണ്ടാകും.30 വേദികളിലായി 300ല്‍ അധികം കലാപരിപാടികള്‍ അരങ്ങേറും. 4100 ഓളം കലാകാരന്‍മാര്‍ പങ്കെടുക്കും. 8 വേദികളിലായാണ് ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. 425 സംരംഭകരാണ് പങ്കെടുക്കുന്നത്. വ്യവസായ മേഖലയിലെയും വിനോദ സഞ്ചാര, ഹോസ്പിറ്റാലിറ്റി, ആരോഗ്യമേഖലയിലെ സംരംഭങ്ങളുടെ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. മാനവീയം വീഥി മുതല്‍ കിഴക്കേകോട്ട വരെ പതിനൊന്ന് വേദികളിലായി, കേരളത്തിന്‍റെ തനത് രുചികള്‍ ഉള്‍പ്പെടുത്തി വ്യത്യസ്തമായ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. തട്ടുകട മുതല്‍ ഫൈവ് സ്റ്റാര്‍ വിഭവങ്ങള്‍ വരെ ഉള്‍പ്പെടുത്തിയ 150 ലധികം സ്റ്റാളുകള്‍ സജ്ജീകരിക്കുന്നു. കൂടാതെ, ഫുഡ് ഷോ, ഫുഡ് ബ്രാന്‍ഡിംഗ്, പരമ്പരാഗത ഭക്ഷണ വിഭവങ്ങളുടെ പ്രദര്‍ശനവും വില്‍പനയും എന്നിവയുമുണ്ടാകും.
ചലച്ചിത്ര അക്കാദമി കേരളീയത്തിന്‍റെ ഭാഗമായി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയില്‍ 100 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. 87 ഫീച്ചര്‍ ഫിലിമുകളും പബ്ളിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും നിര്‍മ്മിച്ച 13 ഡോക്യുമെന്‍ററികളുമാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികതയുടെ സഹായത്തോടെ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും മിഴിവ് വര്‍ധിപ്പിച്ച് പുനരുദ്ധരിച്ച അഞ്ചു ക്ലാസിക് സിനിമകളുടെ പ്രദര്‍ശനം മേളയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. മ്യൂസിയത്തില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനായി മൃഗങ്ങളുടെയും ചിത്രലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ക്കും. നിര്‍മാണ ചാരുതയെ എടുത്തറിയിക്കുന്ന വിധത്തിലുള്ള നിറങ്ങളും വെളിച്ചവും അണിനിരത്തിയാണ് സെക്രട്ടറിയേറ്റിലെ ദീപാലങ്കാരം.