ദുരന്തഭൂമിയാണ് ഇപ്പോള്‍ രാജമലയിലെ പെട്ടിമുടി. ഉരുള്‍പൊട്ടലില്‍ ലയങ്ങളിലെ ജീവിതങ്ങളാണ് മണ്ണിനടിയിലായത്. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ത്ത സ്ഥലത്തേക്കാണ് മലയിടിഞ്ഞ് പതിച്ചത്. പെട്ടിമുടിയുടെ ദുരന്തത്തിന് മുമ്പുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കുന്നുകളും കൂറ്റന്‍ പാറകളും ചിത്രങ്ങളില്‍ കാണാം. താഴെ തേയിലത്തോട്ടങ്ങളും ലയങ്ങളും ചെറിയ റോഡുകളും കാണാം. ഇതെല്ലാം മണ്ണും കല്ലും മൂടി കിടക്കുകയാണിപ്പോള്‍.
ഇടമലക്കുടിക്ക് പോകുന്ന പ്രദേശത്താണ് പെട്ടിമുടി. തോട്ടം തൊഴിലാളികളും ഡ്രൈവര്‍മാരുടെയും കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയായിരുന്നു ഈ മേഖലയില്‍. വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളും നിലച്ചു. ഇന്നലെ രാത്രിയിലുണ്ടായ ദുരന്തം പുറംലോകം അറിയാന്‍ വൈകിയത് ജീവനുകള്‍ രക്ഷിക്കാന്‍ തടസ്സമായി.