ഇടുക്കി രാജമല പെട്ടിമുടി മലയിടിച്ചിലില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള ദുരിതാശ്വാസത്തില്‍ വിവേചനമെന്ന പരാതിയുമായി സിപിഐ. ഉരുള്‍പൊട്ടി മരിച്ചവര്‍ക്ക് 5 ലക്ഷം രൂപയും വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് 10 ലക്ഷവും പ്രഖ്യാപിച്ചത് വിവേചനപരമാണ്. ഇടതു സര്‍ക്കാരിനു ചേരാത്ത നടപടിയാണിതെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. ദുരിതാശ്വാസ വിതരണത്തില്‍ വിവേചനം എല്‍ഡിഎഫ് സര്‍ക്കാരിനു ഭൂഷണമല്ല. പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവര്‍ പാവങ്ങളില്‍ പാവങ്ങളാണ്. അന്നന്നത്തെ അന്നത്തിനു വേണ്ടി കൂലിവേല ചെയ്യുന്നവര്‍. ഇവര്‍ക്കു ലഭിക്കുന്ന കൂലി കൊണ്ടാണ് കുടുംബം ഓരോ ദിവസവും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ശിവരാമന്‍. ന്യൂസ് 18 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പെട്ടിമുടി-കരിപ്പൂര്‍ ദുരന്തങ്ങളില്‍ ധനസഹായത്തില്‍ വിവേചനമുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവരും വിവേചനമാണെന്ന് വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. രണ്ട് ദിവസമായി നടക്കുന്ന തെരച്ചിലിലില്‍ 26 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ശനിയാഴ്ച സന്ധ്യയ്ക്ക് 6 വരെ നടത്തിയ തിരച്ചിലിനിടെ കണ്ടെടുത്ത 8 പേരും മരിച്ചിരുന്നു. ബാക്കിയുള്ള 40 പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. രാജമല ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സമീപത്തെ മൈതാനത്ത് മൂന്നു കുഴികളിലായി കൂട്ടത്തോടെയാണ് ശവസംസ്‌കാരം നടന്നത്. 81 പേര്‍ ലയങ്ങളിലുണ്ടെന്നായിരുന്നു ടാറ്റയുടെ കണക്ക്. ഉരുള്‍പൊട്ടല്‍ മേഖലയില്‍ മുഖ്യമന്ത്രി എത്താത്തത് വിവേചനമാണെന്ന് എം.പി ഡീന്‍ കുര്യാക്കോസും പറഞ്ഞു.
മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്
രാജമലയില്‍ ആദ്യഘട്ടത്തിലുള്ള ധനസഹായമാണ് പ്രഖ്യാപിച്ചത്. അവിടെ രക്ഷാപ്രവര്‍ത്തനം തന്നെ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി അതിനുശേഷമേ വിലയിരുത്താനാകൂ. നഷ്ടവും പിന്നീടേ കണക്കാക്കാനാകൂ. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ സഹായങ്ങളും ഉണ്ടാകും. പെട്ടിമുടിയില്‍ അഞ്ച് ലക്ഷവും കരിപ്പൂരില്‍ 10 ലക്ഷവും അനുവദിച്ചത് വിവേചമല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് പെട്ടിമുടിയില്‍. ഉറ്റവര്‍ നഷ്ടപ്പെട്ടുപോയ ജനതയെ ചേര്‍ത്തുപിടിക്കേണ്ട അവസ്ഥയാണ് വന്നുചേര്‍ന്നത്. ആളുകള്‍ക്ക് ജീവനോപാധിയും വാസസ്ഥലവും നഷ്ടപ്പെട്ടിട്ടുണ്ട്. അതെല്ലാം ഉറപ്പ് വരുത്താനുള്ള ബാധ്യത സാധാരണ നിലയില്‍ സര്‍ക്കാരിനുണ്ട്. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മാത്രമേ പ്രശ്നങ്ങള്‍ മനസിലാക്കാനാകൂ. സര്‍ക്കാര്‍ ദുരിതബാധിതരെ സംരക്ഷിക്കുകയും ചെയ്യും അവരോടൊപ്പം നില്‍ക്കുകയും ചെയ്യും. ഇപ്പോള്‍ നടത്തിയ ധനസഹായ പ്രഖ്യാപനം ആദ്യഘട്ടത്തിലുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജമലയില്‍ പോയില്ല, കോഴിക്കോട് പോയി എന്നൊരു പ്രചരണവും കണ്ടു. അതില്‍ രണ്ട് കാര്യമാണ് നോക്കേണ്ടത്. രക്ഷാപ്രവര്‍ത്തനമാണ് അതീവ ഗൗരവമായി നടക്കേണ്ടത്. അതിന് വിവിധ ഏജന്‍സികളെയും വിഭാഗങ്ങളെയും ഏകോപിപ്പിക്കണം. ആ പ്രവര്‍ത്തനം രാജമലയില്‍ ഇപ്പോഴും നടന്നുവരികയാണ്. ഇന്നലെത്തന്നെ രാജമലയില്‍ എത്തിപ്പെടാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അതിന് സാധിക്കാത്ത കാലാവസ്ഥയായിരുന്നു. മൂന്നാറിലെങ്കിലും എത്താന്‍ കഴിയുമോ എന്നും ആലോചിച്ചുവെങ്കിലും അതിന് സാധിക്കുന്ന സാഹചര്യമല്ലായിരുന്നു. ഇപ്പോള്‍ മന്ത്രിമാരായ എം എം മണിയും ഇ ചന്ദ്രശേഖരനും ദുരന്തസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.