മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 63 പേര്‍. മലപ്പുറം കവളപ്പാറയില്‍ മണ്ണിനടിയില്‍ പെട്ട ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ദുരന്തസ്ഥലത്ത് തെരച്ചിലിനായി സൈന്യം എത്തിയിട്ടുണ്ട്. മദ്രാസ് റെജിമെന്റിലെ 30 അംഗ സംഘമാണ് കവളപ്പാറയിലെത്തിയത്. കോഴിക്കോട് നിന്ന് കൂടുതല്‍ അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തും. കവളപ്പാറയില്‍ 54 പേരെ കണ്ടെത്താനുണ്ടെന്നാണ് അനുമാനം. ഇതില്‍ 20 കുട്ടികളും ഉള്‍പ്പെടുന്നു. മണ്ണിടിച്ചിലുണ്ടായ വയനാട് പൂത്തുമലയില്‍ എട്ടുപേരേയും കണ്ടെത്താനുണ്ട്.
വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ മഴ കുറഞ്ഞു. കണ്ണൂരിലും ഇടുക്കിയിലും മഴ തുടരുകയാണ്.
മഴതുടരുന്നതിനാല്‍ ഇടുക്കി ജില്ലയിലെ ആറ് ചെറിയ അണക്കെട്ടുകള്‍ തുറന്നു. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിലും മഴയുണ്ട്. 128 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ഉച്ചയ്ക്ക് 12 മണിയോടെ തുറക്കും. 12 മണിയോടെ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും.
വയനാട് എംപി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. മലപ്പുറത്ത് എത്തിയ ശേഷം വയനാട് പൂത്തുമല ഉള്‍പ്പെടെയുള്ള ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.