കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉരുല്‍പൊട്ടല്‍. കോട്ടയം എരുമേലി കണമല എഴുത്വാപുഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. വീടുകളിലുണ്ടായിരുന്നവരെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്.
പനന്തോട്ടം ജോസ്, തെന്നി പ്ലാക്കല്‍ ജോബിന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ജോബിന്റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കേറ്റു. ജോസിന്റെ വീട്ടിന്റെ കാര്‍പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി. ബൈപ്പാസ് റോഡും തകര്‍ന്നിട്ടുണ്ട്.
രാത്രി 11 മണിയോടെ തുടങ്ങിയ മഴ പുലര്‍ച്ചെ 5 മണി വരെ തുടരുകയായിരുന്നു. പുലര്‍ച്ചെ രണ്ടരക്ക് ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 4 മണിയോടെ അഗ്നിരക്ഷാസേന എത്തി. വീടുകളാകെ ചെളി നിറഞ്ഞ അവസ്ഥയിലാണ്. സമീപത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട കോന്നി കൊക്കത്തോട് ഒരേക്കര്‍ ഭാഗത്തും വെള്ളം കയറി. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതായും വിവരം ഉണ്ട്. നാലു വീടുകളില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. ഇതുവരേയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു.
കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറില്‍ ഉണ്ടായ മലവെള്ള പാച്ചിലില്‍ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലര്‍ച്ചെയോടെ ചെയ്ത മഴയെ തുടര്‍ന്നായിരുന്നു മലവെള്ള പാച്ചില്‍. ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. ആര്യങ്കാവ്, ഇടപ്പാളയം മേഖലകളിലെ വീടുകളുലും കടകളിലും വെള്ളം കയറി.