സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ മഴക്കെടുതികള്‍. കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ(8), ലുബാന ഫാത്തിമ(7 മാസം) എന്നിവരാണ് മരിച്ചത്.
വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് വീട് തകര്‍ന്നതെന്നാണ് വിവരം. മാതാവ് സുമയ്യയും വീട്ടിലുണ്ടായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലം തെന്മലയില്‍ ഒഴുക്കില്‍പ്പെട്ട് വയോധികന്‍ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജ്(65) ആണ് മരിച്ചത്. വീട്ടിലേക്ക് പോകുന്ന വഴി തോട്ടിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്നതോടെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ചാലക്കുടി പുഴയോരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ ഉള്‍പ്പടെ വെള്ളം കയറി. തിരുവാലി ചെറ്റിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.