മഴക്കെടുതിയേത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ഒരു ലക്ഷത്തിലധികം ദുരിതബാധിതരാണ് ക്യാംപുകളില്‍ കഴിയുന്നത്. പല ക്യാംപുകളിലും ഭക്ഷണസാമഗ്രികളും വസ്ത്രവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ദുരന്തമേഖലകളിലെ ക്യാംപുകളിലേക്ക് സഹായമെത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ വൊളന്റിയര്‍മാര്‍ കിണഞ്ഞു ശ്രമിക്കുകയാണ്. പലയിടത്തും സഹായം എത്തുന്നത് കുറവാണെന്നും വൈകുകയാണെന്നും വൊളന്റിയര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം മഞ്ചേരി ബോയ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് എത്രയും വേഗം സഹായമെത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സന്നദ്ധ പ്രവര്‍ത്തക ഷിംന അസീസ് ഉച്ചയോടെ ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
എറണാകുളം ജില്ലാഭരണകൂടത്തിന്റെ കീഴില്‍ കളമശേരി കുസാറ്റ് ക്യാംപസില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററും പ്രതിസന്ധി നേരിടുന്നുണ്ട്. സങ്കടകരമാണ് ഇവിടുത്തെ അവസ്ഥയെന്നും എന്താണ് നമുക്ക് പറ്റിയതെന്നും സന്നദ്ധപ്രര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ഷാഹിന നഫീസ ചോദിക്കുന്നു. ദുരന്തനിവാരണ സഹായങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അര്‍ജന്റ് ഹെല്‍പ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന സന്ദേശമിങ്ങനെ.
പ്രിയപ്പെട്ടവരെ, കൊച്ചിൻ യൂണിവേഴ്‌സിയിലെ കളക്ഷൻ സെന്ററിലാണ് ഞാനുള്ളത്. സങ്കടകരമാണ് അവസ്ഥ. വളരെ കുറച്ചു സാധനങ്ങളെ ഇവിടെ കിട്ടിയിട്ടുള്ളൂ. എറണാകുളത്ത് മാത്രം 150ൽ പരം ക്യാമ്പുകളാണ് ഉള്ളത്. ഇരുപതിനായിരത്തോളം പേരുണ്ട് ഇത്രയൂം ക്യാമ്പുകളിലായി. സാധനങ്ങൾ വേണമെന്ന് അസിസ്റ്റന്റ് കളക്ടർമാർ നിരന്തരം അഭ്യർത്ഥിക്കുന്നുണ്ട്. എന്താണ് നമുക്ക് പറ്റിയത്? കഴിയുന്നത്ര വേഗം താഴെ പറയുന്ന സാധനങ്ങൾ എത്തിക്കണേ. ബെഡ്ഷീറ്റ് /ബ്ലാങ്കറ്റ്, നാപ്കിൻസ്, അടിവസ്ത്രങ്ങൾ, നൈറ്റികൾ, ലുങ്കികൾ, etc. (10/8/2019 12 pm)
കൊച്ചിന്‍ യുണിവേഴ്‌സിറ്റിയില്‍ ഇന്നലെ ആയിരുന്നു എറണാകുളം ജില്ലയിലെ ക്യാംപുകളിലെ ആളുകള്‍ക്ക് വേണ്ട അവശ്യ വസ്തുക്കള്‍ സമാഹരിക്കുന്നതിനായി കളക്ഷന്‍ സെന്റര്‍ തുടങ്ങിയത്. പക്ഷേ ഇത്രയും സമയമായിട്ടും വളരെ കുറച്ചു സാധനങ്ങള്‍ മാത്രമേ എത്തിയിട്ടുള്ളുവെന്ന് കളക്ഷന്‍ സെന്ററിലെ വോളന്റിയറായ അജു ‘ദ ക്യു’വിനോട് പറഞ്ഞു.
സാധനങ്ങള്‍ തീരെ കിട്ടുന്നില്ല. അതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ മാക്‌സിമം ആളുകളെ അറിയിക്കാനാണ് ശ്രമിക്കുന്നത്. പെരുമ്പാവൂരില്‍ നിന്നൊരു ക്യാംപില്‍ നിന്ന് ആളുകള്‍ വന്നു അവര്‍ക്ക് കുറച്ചു സാധനങ്ങള്‍ കൊടുത്തു. ഇനി മറ്റ് ക്യാംപുകളിലേക്ക് കൊടുക്കാന്‍ വേണ്ടത്ര സാധനങ്ങള്‍ ഇല്ല. എല്ലാ സാധനങ്ങളും 50ല്‍ താഴെ എണ്ണം മാത്രമാണ് നിലവിലുള്ളത്. 10-20 പാക്കറ്റ് ബിസ്‌ക്കറ്റും, 30 ഓളം സാനിറ്ററി നാപ്കിന്‍സ്, വളരെ കുറച്ച് ഡ്രസ് ഐറ്റംസ് എന്നിങ്ങനെയാണ് സാധനങ്ങള്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം കുസാറ്റില്‍ ക്യാംപും കളക്ഷന്‍ സെന്ററും ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ആവശ്യത്തിന് സാധനങ്ങള്‍ ലഭിച്ചിരുന്നു.അജു