മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കരസേനയുടെ സഹായം തേടി. യുവാവിനെ താഴെയെത്തിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് കരസേനയുടെ സഹായം തേടിയിരിക്കുന്നത്. ചെറാട് സ്വദേശി ബാബു ഇന്നലെയാണ് പാറയിടുക്കില്‍ കുടുങ്ങിയത്.
കരസേനയുടെ ദക്ഷിണ്‍ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബാംഗ്ലൂരില്‍നിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിണ്‍ ഭാരത് ഏരിയ ലഫ്. ജനറല്‍ അരുണ്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പര്‍വ്വതാരോഹണത്തിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാര്‍ഗമാണ് പുറപ്പെടുന്നത്. രാത്രി ഹെലികോപ്റ്റര്‍ യാത്ര അസാധ്യമായതിനാലാണ് റോഡ് മാര്‍ഗം എത്തുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററിന് യുവാവിന് സമീപത്തേക്ക് എത്താന്‍ കഴിഞ്ഞില്ല.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ബാബു മലകയറിയത്. മലയിറങ്ങുന്നതിനിടെ ബാബു പാറയിടുക്കില്‍ വീഴുകയായിരുന്നു. ഇയാള്‍ക്ക് പാറയിടുക്കില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിച്ചു.
ഇന്നലെ രക്ഷപ്രവര്‍ത്തകര്‍ ബാബുവിനരികെ എത്തിയിരുന്നെങ്കിലും രക്ഷിക്കാനായില്ല. ദേശീയ ദുരന്ത നിവാരണ സംഘവും രക്ഷപ്രവര്‍ത്തന ശ്രമങ്ങള്‍ തുടരുകയാണ്. ഭക്ഷണവും വെള്ളവും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.