Kerala News

'കട്ടന്‍ചായയും പരിപ്പുവടയും'; ഇ.പി.ജയരാജന്റെ ആത്മകഥയുടെ പേരില്‍ വിവാദം, ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ സംഭവിച്ചത്

ഉപതെരഞ്ഞെടുപ്പു ദിവസം വീണ്ടും വിവാദ നായകനായി ഇ.പി.ജയരാജന്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം ഇ.പി. ജയരാജന്‍ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു വിവാദമെങ്കില്‍ ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പു ദിവസം ജയരാജന്റെ ആത്മകഥയാണ് വിവാദമായത്. കട്ടന്‍ചായയും പരിപ്പുവടയും-ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരില്‍ ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നുവെന്ന് ഡിസി ബുക്‌സിന്റെ സോഷ്യല്‍ മീഡിയ പേജില്‍ അറിയിപ്പ് വന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പല അപ്രിയസത്യങ്ങളുടെയും തുറന്നു പറച്ചിലുകളുമായി ഇ.പി.ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും-ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം ഉടന്‍ വരുന്നുവെന്നായിരുന്നു അറിയിപ്പ്

ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസമായതിനാല്‍ ഇത് വിവാദമാകുന്നു. പുസ്തകത്തില്‍ വിവാദ പരാമര്‍ശങ്ങളെന്ന് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നു. പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി.സരിന്‍, മുന്നണിവിട്ട സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വര്‍ എന്നിവരെ പുസ്തകത്തില്‍ വിമര്‍ശിച്ചതായി വാര്‍ത്ത. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന് ആത്മകഥയില്‍ പറയുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു.

നിഷേധിച്ച് ജയരാജന്‍

വാര്‍ത്തകളായി പുറത്തുവന്ന ഒരു കാര്യവും താന്‍ എഴുതിയിട്ടില്ലെന്ന് ജയരാജന്‍ പ്രതികരിച്ചു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഉപതെരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരായി വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്ന് ജയരാജന്‍ പറഞ്ഞു. കട്ടന്‍ചായയും പരിപ്പുവടയും എന്നപേരില്‍ താന്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുമോ എന്ന് ചോദിച്ച ജയരാജന്‍ തന്നെയും പാര്‍ട്ടിയെയും നശിപ്പിക്കാനുള്ള ആസൂത്രിതമായ പദ്ധതിയാണ് ഇതെന്ന് പറഞ്ഞു.

പ്രസാധനം നീട്ടിയെന്ന് ഡിസി ബുക്‌സ്

തൊട്ടുപിന്നാലെ പ്രസാധനം നീട്ടിവെച്ചതായി ഡിസി ബുക്‌സിന്റെ അറിയിപ്പ്. നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം പ്രസാധനം കുറച്ചു ദിവസത്തേക്ക് നീട്ടി വെച്ചിരിക്കുകയാണെന്നും ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുമെന്നും ഡിസി ബുക്‌സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

എം.വി.ഗോവിന്ദന്‍

ജയരാജന്‍ പറഞ്ഞിടത്ത് താന്‍ നില്‍ക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. അതിനപ്പുറം ഒരു കാര്യവും പറയാനില്ല. വിഷയത്തില്‍ ജയരാജന്‍ തന്നെ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്ക് അതില്‍ കൂടുതലൊന്നും പറയാനില്ല. പുസ്തകം എഴുതുന്നതിന് ആളുകള്‍ പാര്‍ട്ടിയോട് അനുവാദം വാങ്ങേണ്ട ആവശ്യമില്ല. വിവാദം എല്‍ഡിഎഫിന് തിരിച്ചടിയാവില്ലെന്നും ഗോവിന്ദന്‍

കെ.സുധാകരന്‍

ആത്മകഥാ വിവാദം കാലത്തിന്റെ കണക്കുചോദിക്കലാണെന്ന് കെ.സുധാകരന്‍. പ്രസിദ്ധീകരണത്തെക്കുറിച്ച് ജയരാജന്‍ പറയുന്നത് ശുദ്ധ അസംബന്ധം. ഇപിയുടെ ചാട്ടം ബിജെപിയിലേക്കാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിന്റെ പക ഇപിക്ക് അടങ്ങിയിട്ടില്ലെന്നും സുധാകരന്‍

ഇ.പി.ജയരാജന്‍

മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി. ആത്മകഥയില്‍ പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. പുസ്തകത്തിന്റെ പേര്, കവര്‍ പേജ് എന്നിവയില്‍ തീരുമാനം ആയിട്ടില്ലെന്നും ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാര്‍ത്ത വന്നതില്‍ ഗൂഢാലോചനയെന്നും പരാതിയില്‍.

ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്‌സും മാതൃഭൂമിയും സമീപിച്ചിരുന്നു. ആരുമായും കരാറില്ല. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയായിട്ടില്ല. താനെഴുതാത്ത, തന്നോട് അനുവാദം ചോദിക്കാത്ത ആത്മകഥ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT