എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് നല്‍കുന്നത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മഹാരാജാവല്ല, ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണെന്ന് പിണറായി വിജയന്‍ ഓര്‍ക്കണമെന്നും സതീശൻ. നെറികെട്ട രാഷ്ട്രീയത്തിന്റെ ഇന്‍ക്യുബേറ്ററില്‍ വിരിയിച്ചെടുക്കുന്ന എസ്.എഫ്.ഐ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകൂവെന്നും അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിൽ സതീശൻ.
വി.ഡി.സതീശൻ സഭയിൽ പറഞ്ഞത്
നിങ്ങള്‍ ഏതു കാലത്താണ് ജീവിക്കുന്നതെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചോദിച്ചത് എക്‌സൈസ് മന്ത്രിയെ വല്ലാതെ പ്രകോപിപ്പിച്ചു. അത് വാചകങ്ങള്‍ക്ക് അടിവരയിട്ടു കൊണ്ട് വീണ്ടും ചോദുക്കുന്നു; നിങ്ങള്‍ ഏത് ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നത്? ക്രിമിനലുകള്‍ക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ വാക്കുകളുമാണ്. മുഖ്യമന്ത്രിയുടെ ഇന്നത്തെ നിയമസഭ പ്രസംഗം കാമ്പസുകളില്‍ വീണ്ടും അക്രമികള്‍ക്ക് അഴിഞ്ഞാടുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയരക്ഷകര്‍തൃത്വമാണ്. രക്ഷാ പ്രവര്‍ത്തനം നടത്തിയെന്ന് ഞാന്‍ അന്നു പറഞ്ഞു, പല പ്രാവശ്യം പറഞ്ഞു, ഇന്നും പറയുന്നു, എന്നും പറയും. മുഖ്യമന്ത്രിയുടെ ഈ വാക്കുകളില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അത് കേട്ടപ്പോള്‍ ഞങ്ങളാണ് കയ്യടിച്ചത്. കാരണം നിങ്ങള്‍ മാറില്ല, നിങ്ങള്‍ തിരുത്തില്ല എന്നുള്ള മുഖ്യമന്ത്രിയുടെ ഉറച്ച പ്രഖ്യാപനമാണ്. എന്ത് വൃത്തികേടുകളും എന്ത് ക്രിമിനല്‍ നടപടികളും കാണിക്കാന്‍ ആരെയും വേട്ടയാടാന്‍, ആരെയും തല്ലിക്കൊല്ലാന്‍ ചില ക്രിമിനലുകള്‍ക്ക് കൊടുത്തിരിക്കുന്ന ലൈസന്‍സ്! അത് കേരളത്തിലെ മുഖ്യമന്ത്രി തന്നെ കൊടുക്കുന്നത് കേരളത്തിലെ ജനങ്ങള്‍ കാണട്ടെ. അവര്‍ തന്നെ വിലയിരുത്തിക്കൊള്ളട്ടേ.
ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്ന ഒരു ചെറുപ്പാക്കാരനെ കോളജ് ഹോസ്റ്റലില്‍ വച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന് കെട്ടിത്തൂക്കിയപ്പോള്‍, അത് എങ്ങനെയാണ് സര്‍വദേശീയ സംഭവമാകുന്നത്? തന്റെ നിയോജക മണ്ഡലത്തിലെ ഒരു കുട്ടി, ഇരുണ്ട മുറിയില്‍ അടികൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോഴാണ് എം.എല്‍.എമാരായ എം. വിന്‍സെന്റും ചാണ്ടി ഉമ്മനും സ്‌റ്റേഷനില്‍ എത്തിയത്. സ്റ്റേഷനില്‍ എത്തിയ എം. വിന്‍സെന്റ് എം.എല്‍.എയെ 50 പൊലീസുകാരുടെ മുന്നില്‍ വച്ച് കയ്യേറ്റം ചെയ്യുന്നത് എങ്ങനെയാണ് സാര്‍വദേശീയ സംഭവമാകുന്നത്? മുഖ്യമന്ത്രിയാണ് ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ വേറെ കുറെ സംഭവങ്ങളിലേക്ക് പോയത്.
ഒരു ഇരുണ്ട മുറിയില്‍ കൊണ്ടു പോയി വിദ്യാര്‍ത്ഥി നേതാവിനെ കസേരയില്‍ ഇരുത്തി വിചാരണ ചെയ്ത് ക്രൂരമായി മര്‍ദ്ദിച്ചു. സിദ്ധാര്‍ത്ഥിന്റെ സംഭവമുണ്ടായപ്പോള്‍ ഇനിയും അത്തരം ഒരു സംഭവം കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് കേരളത്തിന്റെ മനസാക്ഷി കരുതിയത്. എന്നാല്‍ അതിന്റെ വേദന മാറുന്നതിന് മുന്‍പ് വീണ്ടുമൊരു ചെറുപ്പക്കാരനെ കസേരയില്‍ ഇരുത്തി ആള്‍ക്കൂട്ട വിചാരണ നടത്തി തല കമ്പിയില്‍ ഇടിപ്പിച്ച് ചവിട്ടിക്കൂട്ടി ക്രൂരമായി മര്‍ദ്ദിച്ചു. ശ്വാസം മുട്ടി പിടയുന്ന സമയത്ത് ഞാന്‍ സിദ്ധാര്‍ത്ഥനെ ഓര്‍ത്തു പോയെന്നാണ് സാന്‍ജോസ് പറഞ്ഞത്. ഹോസ്റ്റലിലെ ഇരുണ്ട മുറിയില്‍ കൊണ്ടു പോയി ഇതുപോലെ ക്രൂരമായി മര്‍ദ്ദിക്കാന്‍ ആരാണ് അനുവാദം നല്‍കിയത്? എന്നിട്ട് ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് പകരം എന്തിനാണ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയത്? ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞങ്ങളുടെ കുട്ടികള്‍ അവിടെ ധര്‍ണ്ണയിരുന്നത്. അവിടെ എന്തിനാണ് എസ്.എഫ്.ഐക്കാര്‍ വന്നത്? വെളുപ്പാന്‍കാലത്ത് അഞ്ച് മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചും കൂടെയുണ്ടായിരുന്നവരെ മര്‍ദ്ദിച്ചു. ഈ ക്രിമിനലുകള്‍ ഇങ്ങനെ പിറകെ നടന്നു. വിദ്യാര്‍ത്ഥികളെ ആക്രമിച്ച ക്രിമിനലുകളെ കുറിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇങ്ങനെ മറുപടി പറഞ്ഞത്.
നിങ്ങളുടെ നെറികെട്ട രാഷ്ട്രീയത്തിന്റെ ഇന്‍കുബേറ്ററില്‍ വിരിയിച്ചെടുക്കുന്ന ഈ ഗുണ്ടാപ്പട നിങ്ങളെയും കൊണ്ടേ പോകൂ. ഇവിടെ അലിഖിത നിയമവാഴ്ചയും പ്രാകൃതശിക്ഷാ രീതികളുമാണ്. സിദ്ധാര്‍ത്ഥിന്റെ കേസില്‍ പൊലീസ് കൊടുത്ത റിമാന്‍ഡി റിപ്പോര്‍ട്ടിലും ഹോസ്റ്റലില്‍ അലിഖിത നിയമവാഴ്ചയാണെന്നാണ് പറയുന്നത്. നിങ്ങളുടെ പൊലീസാണ് ഇത് എഴുതിക്കൊടുത്തത്. എന്നിട്ടാണ് ന്യായീകരിക്കുന്നത്. കൊയിലാണ്ടിയില്‍ പ്രിന്‍സിപ്പലിന്റെ മുഖത്തല്ലേ അടിച്ചത്. എന്നിട്ടാണ് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി, പ്രിന്‍സിപ്പലിന്റെ രണ്ടും കാലും കൊത്തിയെടുക്കുമെന്നും അവന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്നും അധ്യാപകരെ കൊണ്ടു പോകാന്‍ ഈ പൊലീസ് മതിയാകില്ലെന്നും രണ്ട് ആംബുലന്‍സ് കൂടി കൊണ്ടു വരേണ്ടി വരുമെന്നും പ്രസംഗിച്ചത്. ഇത് കേരളമാണോ?
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടപ്പെടുത്താന്‍ ശ്രമിക്കുന്ന തദ്ദേശ വകുപ്പ് മന്ത്രി പാര്‍ലമെന്ററികാര്യ വകുപ്പിന്റെ മന്ത്രി കൂടിയാണെന്ന് ഓര്‍ക്കണം. അദ്ദേഹം നടപടിക്രമങ്ങളൊക്കെ അറിയണം.
തിരുവനന്തപുരം ലോ കോളജിലെ സംഭവം നിയമസഭയില്‍ അവതരിപ്പിച്ചപ്പോഴും മുഖ്യമന്ത്രി ഇതുപോലെ ന്യായീകരണം നടത്തി. ഞങ്ങളുടെ പെണ്‍കുട്ടികളെ നിലത്തിട്ട് ചവിട്ടിയപ്പോള്‍, സങ്കടം കൊണ്ടാണ് ആ വിഷയം നിയമസഭയില്‍ കൊണ്ടുവന്നത്. പിറ്റേ മാസം 21 അധ്യാപകരെ മുറിയില്‍ പൂട്ടിയിട്ട് ലൈറ്റ് ഓഫ് ചെയ്തു. പുറത്തിറങ്ങാന്‍ ശ്രമിച്ച അധ്യാപികയുടെ കൈ പിടിച്ച് തിരിച്ചു. ഒരു കേളജിലെ പ്രിന്‍സിപ്പലിന് പ്രതീകാത്മകമായി ശവപ്പെട്ടി ഒരുക്കിക്കൊടുത്തു. മറ്റൊരു പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി സംഘപരിവാറിന്റെ കാര്യം പറഞ്ഞല്ലോ. നിങ്ങളുടെ അധ്യാപക സംഘടനയില്‍ 29 വര്‍ഷം പ്രവര്‍ത്തിച്ച പ്രിന്‍സിപ്പലാണ് ആലത്തൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായത്. അവരെ നിങ്ങള്‍ കൊടുത്തതാണ്. മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചു. ഇതിനേക്കാള്‍ പ്രിന്‍സിപ്പലിനെ കത്തിക്കുന്നതായിരുന്നു നല്ലത്. എം.ജി സര്‍വകലാശാല കാമ്പസില്‍ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. അന്ന് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞ വാക്കുകള്‍ അണ്‍ പാര്‍ലമെന്ററി ആയതിനാല്‍ ഇവിടെ പറയാന്‍ പറ്റില്ല. മുഖ്യമന്ത്രി ഇപ്പോള്‍ ന്യായീകരിക്കുന്ന ഈ വിദ്യാര്‍ത്ഥി സംഘടനെ കുറിച്ച് റവന്യൂം മന്ത്രിയുടെ പാര്‍ട്ടിയുടെ പത്രമായ ജനയുഗം എഴുതിയത് ഫാഷിസ്റ്റ് കഴുകന്‍ കൂട്ടങ്ങള്‍ എന്നാണ്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ക്കാന്‍ പോയ എസ്.എഫ്.ഐക്കാര്‍ ആ പോയ പോക്കില്‍ ഗാന്ധി ചിത്രത്തിന് മാലയിടാന്‍ പോയതാണോ? നിങ്ങള്‍ സംഘപരിവാറിനെ സന്തോഷിപ്പിന്‍ വേണ്ടിയാണ് അത് ചെയ്തത്. നിങ്ങള്‍ എന്തിനാണ് ഏഷ്യാനെറ്റ് ഓഫീസ് അടിച്ചു തകര്‍ത്തത്? എ.ഐ.എസ്.എഫ് നേതാവ് സുമേഷ് സുധാകരന്‍ 123 ദിവസമാണ് എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടന്നത്. ഞങ്ങളെ ഇന്നുവരെ ഒരു കാമ്പസിലും കെ.എസ്.യു മര്‍ദ്ദിച്ചിട്ടില്ലെന്നും, ഞങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നതും ആക്രമിക്കുന്നതും എസ്.എഫ്.ഐക്കാരാണെന്നാണ് സുമേഷ് പറഞ്ഞത്. നിയമസഭയില്‍ ബഹളം വയ്ക്കുന്നതു പോലുള്ള ആള്‍ക്കാരാണ് റോഡില്‍ ഇറങ്ങിയും കുഴപ്പമുണ്ടാക്കുന്നത്.
എ.കെ.ജി സെന്ററില്‍ ബോംബ് എറിഞ്ഞതിനെതിരെ എന്തെല്ലാം വാര്‍ത്തകള്‍ വന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ കൃഷ്ണപിള്ളയുടെ പേരിലുള്ള സ്ഥാപനം തല്ലിത്തകര്‍ത്തത് നിങ്ങള്‍ തന്നെയല്ലേ? ചാപ്പ കുത്തിയ സംഭവത്തില്‍ ദേശാഭിമാനിയിലെ വാര്‍ത്ത വായിച്ചിട്ട് ഇവിടെ വന്ന് പറയരുത്.
കാമ്പസുകളില്‍ ഇടിമുറികളുണ്ടാക്കി, പൈശാചികമായ വേട്ട നടത്തി, എതിര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ആരെയും സമ്മതിക്കാതെ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. മുഖ്യമന്ത്രി ഇന്ന് നടത്തിയ പ്രസ്താവനയോടെ കാമ്പസുകളില്‍ ഇവരെ നിയന്ത്രിക്കാന്‍ ഒരാളും ഇല്ലാത്ത അവസ്ഥയുണ്ടാകും. നിങ്ങള്‍ ക്രിമിനലുകളെ പ്രോത്സാഹിപ്പിച്ചാല്‍ നിങ്ങളുടെ കൈവിട്ടുപോകും. അതിനെതിരെ അതിശക്തമായി പ്രതിഷേധിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ഥാനത്തിന് യോജിക്കാത്തതാണ്.
നവകേരള സദസ് ബസില്‍ യാത്ര ചെയ്തപ്പോള്‍ നിങ്ങള്‍ക്ക് തോന്നി നിങ്ങള്‍ മഹാരാജാവാണെന്ന്. നിങ്ങള്‍ മഹാരാജാവല്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്. അധികാരം കയ്യില്‍ വന്നപ്പോള്‍ അമിതമായ അധികാരം വന്നപ്പോള്‍ പാവപ്പെട്ട കുട്ടികളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയവനെ വരെ ന്യായീകരിച്ചപ്പോള്‍, നിങ്ങള്‍ ആ കുട്ടികളെ മുഴുവന്‍ മര്‍ദ്ദിച്ചപ്പോള്‍ നിങ്ങള്‍ മഹാരാജാവാണെന്നു കരുതി. നിങ്ങള്‍ മഹാരാജാവല്ലെന്നാണ് കേരളം നിങ്ങളെ ഓര്‍മ്മപ്പെടുത്തിയത്.