Kerala News

പോരാളി ഷാജിമാര്‍ക്ക് കടിഞ്ഞാണിടണം, കൊലക്കത്തിയുപയോഗിച്ചുള്ള ഗുണ്ടായിസത്തിന്റെ സൈബര്‍ രൂപമെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍

കൊലക്കത്തിയുപയോഗിച്ച് എതിരാളികളെ വകവരുത്തുന്ന അതേ ലാഘവത്തോടെ, സൈബര്‍ ഇടങ്ങളില്‍ തങ്ങളോട് അനുഭാവം പ്രകടിപ്പിക്കാത്തവരെയും ചോദ്യം ചോദിക്കുന്നവരെയും വളഞ്ഞും തിരിഞ്ഞും ആക്രമിക്കുന്നത് നേരത്തെ തന്നെ സിപിഎമ്മിന്റെ ശൈലിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. അതില്‍ ഒടുവിലത്തേതാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായത്. എതിരാളികളെ കരിവാരിത്തേക്കാന്‍ സൈബര്‍ ഇടങ്ങളില്‍ പോരാളി ഷാജിമാരെയിറക്കുന്ന സിപിഎം തന്ത്രം അവര്‍ തുടങ്ങിയിട്ട് കാലം കുറെയായി. ചിലര്‍ക്ക് അത് ഇപ്പോഴാണ് മനസിലായതെന്ന് മാത്രമെന്നും മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പില്‍.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

സൈബര്‍ ഇടത്തില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞ് ബിജെപി നേതാക്കന്‍മാരെ ഒളിഞ്ഞും തെളിഞ്ഞും വേട്ടയാടുന്നതിലായിരുന്നു ഇതുവരെ ഇവര്‍ക്ക് ഹരം. കേരളത്തിലെ ബിജെപി - സംഘപരിവാര്‍ നേതാക്കന്‍മാര്‍ക്ക് എത്രയോ ദുരനുഭവങ്ങള്‍ പറയാനുണ്ടാകും. അധികാരവും ആള്‍ബലവും ഉപയോഗിച്ച് സൈബര്‍ പോരാളികളെ എക്കാലവും സംരക്ഷിച്ചിരുന്നത് സിപിഎമ്മും അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരും തന്നെയാണ്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തകനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ഇടത്തില്‍ വാളോങ്ങിയത്. സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പറഞ്ഞത് മുഖ്യമന്ത്രിയുടെ അഭിപ്രായം അല്ലെങ്കില്‍ അത് തുറന്നു പറയാനുളള ആര്‍ജവം പിണറായി വിജയന് ഇനിയെങ്കിലും കാട്ടണം.

സംഘപരിവാര്‍ ഫാസിസമെന്നായിരുന്നു നാളിതുവരെ പല മാധ്യമങ്ങളും നിരീക്ഷകരും അലമുറയിട്ടിരുന്നത്. കളളക്കടത്തുകേസില്‍ മുഖ്യമന്ത്രിയോട് രണ്ടു ചോദ്യം ചോദിച്ചതോടെ, മാടമ്പളളിയിലെ യഥാര്‍ഥ മനോരോഗി ആരെന്ന് മനസിലായല്ലോ അല്ലേ?

എതിര്‍ക്കുന്നവരെയൊക്കെ പട്ടാപ്പകല്‍ ക്ലാസ് മുറിയിലും നടുറോഡിലും ഇല്ലാതാക്കിയവരാണ് സിപിഎമ്മുകാര്‍. ഒടുവില്‍ അധികാരത്തിന്റെ തണലില്‍ കൊലപാതകികള്‍ക്ക് സിപിഎമ്മിന്റെ താമ്രപത്രവും നല്‍കും . ആ ഗുണ്ടായിസത്തിന്റെ ഡിജിറ്റല്‍ രൂപമാണ് പോരാളി ഷാജിമാരിലൂടെ സിപിഎം ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് ചുരുക്കം. അതൊക്കെ ചോദിച്ചാല്‍ ' അതിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല ' എന്നങ്ങ് പറയാനെളുപ്പമാണ് സഖാവേ!

'ഞാന്‍ മാത്രമല്ല സാര്‍ അവനുമുണ്ട് ' എന്ന് പറഞ്ഞൊഴിഞ്ഞിട്ടും കാര്യമില്ല. നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളിലെ വിമര്‍ശനത്തെയും സൈബര്‍ ഇടങ്ങളിലെ തെറി വിളിയെയും ഒരേ തുലാസില്‍ അളന്ന അങ്ങയുടെ കരുതല്‍ അപാരം തന്നെ!

മാധ്യമപ്രവര്‍ത്തകരേയും കുടുംബങ്ങളേയും സൈബറിടത്തില്‍ അധിക്ഷേപിച്ചവരെ ഉടന്‍ പിടികൂടുമെന്നാണ് പത്രപ്രവര്‍ത്തക സംഘടനയുടെ പരാതിക്കൊടുവില്‍ സര്‍ക്കാരിന്റെ മറുപടി. ഇതിനായി പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സത്യാവസ്ഥ കണ്ടെത്താനാണെങ്കില്‍ ഡിജിപി നിയോഗിച്ച പൊലീസുകാര്‍ ആദ്യം കയറിച്ചെല്ലേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തന്നെയാണ്. ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെയാണ്. അതിനുളള ധൈര്യം ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പൊലീസിനില്ലെങ്കില്‍ ഈ അന്വേഷണം വെറും പ്രഹസനമാണ്!ഭരിക്കുന്ന സര്‍ക്കാരിന്റെ ഒത്താശയോടെ സൈബര്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്ന മറ്റേതൊരു സംസ്ഥാനമുണ്ട് കേരളമല്ലാതെ രാജ്യത്ത് ? ഇത്തരക്കാരെ പാലൂട്ടിവളര്‍ത്തുന്നത് മുഖ്യമന്ത്രിയും സര്‍ക്കാരും സിപിഎമ്മുമാണ് എന്നതിന്റെ തെളിവാണ് അവരെ തള്ളിപ്പറയാത്ത പിണറായി വിജയന്‍!

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT