തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ് സിറോ മലബാര്‍ സഭയുടെ നോമിനിയാണെന്ന പ്രചരണത്തെ തള്ളി സഭയുടെ വിശദീകരണം. ആരോപണങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശമാണെന്നും, മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം രാഷ്ട്ട്രീയ തീരുമാനമാണെന്നും സഭയുമായി ഇതിന് യാതൊരു ബന്ധമില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ സിറോ മലബാര്‍ സഭ.
തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജര്‍ ആര്‍ച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടെന്നും ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ബോധപൂര്‍വം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നും സീറോമലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി പറഞ്ഞു.
എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജോ ജോസഫിനെ ഇന്നലെയാണ് എല്‍ഡിഎഫ് തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
ഡോ. ജോ ജോസഫിനെക്കുറിച്ച് മന്ത്രി പി. രാജീവ്
തൃക്കാക്കര മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി എറണാകുളം ലിസി ആശുപത്രിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദനും സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോക്ടര്‍ ജോ ജോസഫിനെ നിശ്ചയിച്ചു.. 43 കാരനായ ഡോ ജോ ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ഡോക്ടര്‍ ജോ , കട്ടക്ക് എസ് സിബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃ നിരയുടെ ഭാഗമാണ്. ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.
പ്രോഗ്രസ്സീവ് ഡോക്ടേഴ്‌സ് ഫോറത്തിന്റെ എറണാകുളം ജില്ലയിലെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ജോ ഹാര്‍ട്ട് ഫൗണ്ടേഷന്റെ ട്രസ്റ്റിയായി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
ആനുകാലികങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് ലേഖനങ്ങള്‍ എഴുതാറുണ്ട്. 'ഹൃദയപൂര്‍വ്വം ഡോക്ടര്‍ ' എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. പ്രളയ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
പൂഞ്ഞാര്‍ കളപ്പുരയ്ക്കന്‍ കുടുംബാംഗമാണ്. കെ എസ് ഇ ബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര്‍ 30 ന് ചങ്ങനാശ്ശേരിയില്‍ ജനിച്ചു. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റായ ഡോക്ടര്‍ ദയാ പാസ്‌കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സുകാരി കുമാരി ജവാന്‍ ലിസ് ജോ, ആറാം ക്ലാസ്സുകാരി കുമാരി ജിയന്ന എന്നിവരാണ് മക്കള്‍.