Kerala News

ആകാശപ്പാത വിടില്ല; തിരുവഞ്ചൂര്‍ ഉപവാസമിരിക്കും

കോട്ടയം ആകാശപ്പാത നിര്‍മാണവുമായി മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഉപവാസ സമരവുമായി എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജൂലൈ 6ന് ആകാശപാതയ്ക്ക് താഴെ ഉപവാസ സമരം നടത്തുമെന്നാണ് തിരുവഞ്ചൂര്‍ അറിയിച്ചത്. മന്ത്രിയുടെ പരാമര്‍ശം ഒരു ജനതയെ അപമാനിക്കാനാണെന്നും കോട്ടയത്ത് വന്ന് ആകാശപാതയുടെ നിര്‍മാണം ഒരിക്കല്‍ പോലും കാണാതെയാണ് മന്ത്രി ഗണേഷ് കുമാര്‍ ബിനാലെ പരാമര്‍ശം നടത്തിയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിന്റേത്. ആകാശപാത പൊളിച്ചു നീക്കുകയാണെങ്കില്‍ ബദല്‍ എന്തെന്ന് സര്‍ക്കാര്‍ പറയുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ആകാശപ്പാതയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് തിരുവഞ്ചൂര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് നിര്‍മാണവുമായി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഗണേഷ് കുമാര്‍ സഭയെ അറിയിച്ചത്. ആദ്യഘട്ടത്തില്‍ 5 കോടി രൂപ നിശ്ചയിച്ച പദ്ധതിക്ക് ഇപ്പോള്‍ 17.82 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. സ്വകാര്യ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നായിരുന്നു നിര്‍മാണം തുടങ്ങുന്ന സമയത്ത് ജില്ലാ കളക്ടര്‍ പറഞ്ഞത്. സൗജന്യമായി ഭൂമി വിട്ടുനല്‍കുമെന്നും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ബാക്കി സ്ഥലം ഏറ്റെടുക്കണമെങ്കില്‍ കോടിക്കണക്കിന് രൂപ വേണ്ടി വരും. പള്ളിയുടെയും തപാല്‍ വകുപ്പിന്റെയും സ്ഥലം ഏറ്റെടുക്കണം. ഇത്രയും തുക മുടക്കി നിര്‍മിച്ചാല്‍ പിന്നീട് തുടര്‍ വികസനവുമായി ബന്ധപ്പെട്ട് അത് പൊളിച്ചുനീക്കേണ്ട അവസ്ഥയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ബിനാലെയ്ക്ക് വന്ന ഏതോ കലാകാരന്‍ സ്ഥലത്തെ എംഎല്‍എയോടുള്ള ബന്ധം കൊണ്ട് ഉണ്ടാക്കിയ ശില്‍പമാണെന്നാണ് താന്‍ കരുതിയിരുന്നതെന്നും മന്ത്രിയായി ചുമതലയേറ്റ ശേഷമാണ് സ്‌കൈവോക്കാണെന്ന് മനസിലായതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇത്തരം നിര്‍മാണങ്ങള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് നല്‍കണമെന്നാണ് നിയമം. അത് ലംഘിച്ചാണ് കിറ്റ്‌കോയ്ക്ക് അന്നത്തെ മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് കരാര്‍ നല്‍കിയത്. നിലവില്‍ സൗജന്യമായി ഭൂമി കിട്ടുന്ന സാഹചര്യമില്ലെന്നും പണം കൊടുത്ത് സ്ഥലമേറ്റെടുക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റിക്ക് അധികാരമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT