സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന്റെ മൊഴി ചോര്‍ന്നതിന് പിന്നാലെ കസ്റ്റംസ് ടീമില്‍ വീണ്ടും മാറ്റം. ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരിനെതിരെയുള്ള സ്വപ്‌നയുടെ മൊഴി ചോര്‍ന്നത് അന്വേഷണ സംഘത്തില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ എസ് ദേവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്ന് മാറ്റി. മൊഴി ചോര്‍ന്നതില്‍ വകുപ്പ് തല അന്വേഷണത്തിനും തീരുമാനമായി.
സ്വപ്‌നാ സുരേഷിന്റെ മൊഴില്‍ അനില്‍ നമ്പ്യാരിനെ പരാമര്‍ശിക്കുന്നതും ബിജെപിക്ക് എതിരെയുള്ളതുമായ ഭാഗം മാത്രം ചോര്‍ന്നതില്‍ അസ്വാഭാവികതയുണ്ടെന്നാണ് കസ്റ്റംസ് ഉന്നതരുടെ വിലയിരുത്തല്‍. ഉത്തരവാദികളായവരെ വേഗത്തില്‍ കണ്ടെത്തണമെന്നാണ് കേന്ദ്രം നല്‍കിയ നിര്‍ദ്ദേശം. നേരത്തെ കസ്റ്റംസ് കമ്മീഷണഷര്‍ അനീഷ് രാജനെ പുനെയിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്വര്‍ണ്ണക്കടത്ത് നടന്ന ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിലേക്ക് ആരും വിളിച്ചില്ലെന്ന് അനീഷ് രാജന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗേജില്‍ സ്വര്‍ണ്ണക്കടത്ത് പിടിച്ച ദിവസം രണ്ട് തവണയാണ് സ്വപ്നയും അനില്‍ നമ്പ്യാരും ഫോണില്‍ സംസാരിച്ചത്. ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോണ്‍സുലര്‍ ജനറലിന് കത്ത് നല്‍കാന്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്. ബിജെപിയെ സഹായിക്കാന്‍ നേരത്തെ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായും സ്വപ്‌നാ സുരേഷിന്റെ മൊഴിയിലുണ്ടായിരുന്നു.