Kerala News

ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കാണും, മറുപടിയില്ലാത്ത മോഹൻലാൽ ഇനിയെങ്കിലും ചിന്തിച്ച് തുടങ്ങട്ടെ; റിമ കല്ലിങ്കൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കാണുമെന്ന് റിമ കല്ലിങ്കൽ. റിപ്പോർട്ട് നടപ്പാക്കുന്നതിൽ ഇനി പ്രതീക്ഷ കോടതിയിലാണ്. ഡബ്ല്യുസിസിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളെ കൃത്യമായ ദിശയിൽ നയിക്കേണ്ട ബാധ്യത ഡബ്ല്യുസിസിക്കുണ്ട്. ഇനി ഇത് ആവർത്തിക്കില്ല എന്നെങ്കിലും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകണമെന്നും റിമ കല്ലിങ്കൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

റീമ കല്ലിങ്കലിന്റെ വാക്കുകൾ

മോഹൻലാലിന് ഈ വിഷയത്തിൽ ഉത്തരങ്ങൾ ഇല്ലെങ്കിൽ ഇനിയെങ്കിലും ചിന്തിച്ച് തുടങ്ങണം. ചിന്തിക്കുന്ന സമയത്താണല്ലോ പുതിയ മാറ്റങ്ങളും വിപ്ലവങ്ങളും ഉണ്ടാക്കുന്നത്. ഇതുവരെ ചിന്തിച്ചില്ലെങ്കിൽ ഇനിയെങ്കിലും ചിന്തിച്ച് തുടങ്ങണം. ഡബ്ല്യുസിസിയുടെ ക്രഡിബിലിറ്റി തകർക്കാൻ പലരും ശ്രമം നടത്തുന്നുണ്ട്. അത് വ്യക്തമായി മനസിലാകുന്നുണ്ട്. എന്നെയും ഓരോ അംഗങ്ങളെയും ടാർജറ്റ് ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളെ കൃത്യമായ ദിശയിൽ നയിക്കേണ്ട ബാധ്യത ഡബ്ല്യുസിസിക്കുണ്ട്. എനിക്കെതിരെ ഒരു വ്യാജ ആരോപണം വന്നപ്പോൾ എല്ലാ പ്രധാന മാധ്യമങ്ങൾ ഉൾപ്പടെ അത് വാർത്ത ചെയ്തു. പ്രത്യേക അന്വേഷണ സംഘം ഇതും അന്വേഷിക്കട്ടെ, ഇത്തരത്തിൽ ഒരു വിഷയം ഉണ്ടെങ്കിൽ അന്വേഷണ സംഘം നടപടി എടുക്കട്ടെ, സുചിത്ര തനിക്കതിരെ ഉന്നയിച്ച ആരോപണം വ്യാജമെന്ന് തെളിയിക്കേണ്ട ബാധ്യത എനിക്കുണ്ടല്ലോ, അതിനാലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

ഇനിയും നിങ്ങൾ കേസ് കൊടുക്കൂ എന്ന് പറഞ്ഞ് സർക്കാർ സ്ത്രീകളെ നിർബന്ധിക്കുന്നതിൽ എനിക്ക് വലിയ ബുദ്ധിമുട്ടുണ്ട്. സർക്കാരിലുള്ള വിശ്വാസം കൊണ്ടാണ് സ്ത്രീകൾ ഹേമ കമ്മിറ്റിയ്ക്ക് മുമ്പാകെ പരാതി നൽകിയത്. അക്കാര്യത്തിൽ കൃത്യമായ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പ്രശ്ന പരിഹാരങ്ങൾക്ക് നടപടി എടുക്കാൻ സർക്കാർ തയ്യാറാകുന്നതായി കാണുന്നേ ഇല്ല. അത് കൊണ്ട് തന്നെ ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കാണും. കൃത്യമായ ചോദ്യങ്ങൾ ചോദിക്കും. ഈ വിഷയം മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് തീരുമാനം.

പിണറായി വിജയനും മോഹൻലാലും മമ്മൂട്ടിയും ഫഹദ് ഫാസിലിന്റെ കരിയർ തകർക്കാനാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടത് എന്ന് സുചിത്ര ആ വീഡിയോയിൽ പറയുന്നുണ്ട്. അത് റിപ്പോർട്ട് ചെയ്യാൻ ഇവിടുത്തെ മാധ്യമങ്ങൾക്ക് ധൈര്യം ഉണ്ടോ എന്നാണ് ഞാൻ ചോദിച്ചത്. അത് ആരും വർത്തയാക്കിയില്ല. ഇതിന് പിന്നിൽ പവർ ഗ്രൂപ്പുണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങൾ മലയാളികൾ ചിന്തിക്കട്ടേ. ആ വീഡിയോയിലെ ഒരു മിനുട്ട് ഭാഗം മാത്രമാണ് എന്നെ കുറിച്ച് പറയുന്നത്, അത് എങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഞാനുൾപ്പടെ ഒരു കൂട്ടം ആളുകളുടെ ഏഴര വർഷത്തെ അധ്വാനമാണിത്. ഇത് വഴിയിൽ ഉപേക്ഷിക്കുമെന്ന് ആരും കരുതണ്ട.

കഴിഞ്ഞ ദിവസമാണ് തമിഴ് ഗായിക സുചിത്ര റിമ, ആഷിഖ് അബു എന്നിവർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. റിമയുടെയും ആഷിഖിന്റെയും വീട്ടിൽ വെച്ച് ലഹരി പാർട്ടി നടത്താറുണ്ടെന്നും റിമയെ സമാനമായ ഒരു കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സുചിത്ര വീഡിയോയിൽ പറഞ്ഞിരുന്നു. പ്രചരിക്കുന്നത് വ്യാജ വർത്തയാണെന്നും സുചിത്രക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌തെന്നും റിമ പ്രതികരിച്ചിരുന്നു

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT