Kerala News

'പൊക്കിളില്‍ നിന്ന് ചെങ്കൊടി വലിച്ചൂരി കുപ്പയാണ്ടിയുടെ തോളില്‍ കൈവെച്ച് സഖാവേ എന്ന വിളിച്ച ലോറന്‍സ്'; എം.എം.ലോറന്‍സിനെ ഓര്‍ക്കുമ്പോള്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തോട്ടി എന്ന കവിതയില്‍ കൊച്ചിയിലെ തൊഴിലാളി നേതാവായ എം.എം.ലോറന്‍സിനെ നമുക്ക് കാണാം.

'അപ്പോള്‍ കൊച്ചിയുടെ പിത്തം പിടിച്ച മണ്ണ്

നീരുകെട്ടിയ കാലുകള്‍ കവച്ചു നിന്ന്

അമറിക്കൊണ്ട്

ലോറന്‍സുചേട്ടനെ പെറ്റു.

പൊക്കിളില്‍നിന്ന് ചെങ്കൊടി

വലിച്ചൂരിയെടുത്തുയര്‍ത്തിച്ചെന്ന്

കുപ്പയാണ്ടിയുടെ തോളില്‍ കൈവെച്ച്

ലോറന്‍സുചേട്ടന്‍ വിളിച്ചു.

സഖാവേ...'

കൊച്ചിയിലെ തോട്ടിപ്പണിക്കാര്‍ക്കു വേണ്ടി യൂണിയന്‍ ഉണ്ടാക്കിയയാളാണ് ലോറന്‍സ്. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് രഹസ്യമായി പ്രവര്‍ത്തനം നടത്തി. പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ ക്രൂര മര്‍ദ്ദനമേറ്റ് ജയിലില്‍ കിടന്നു. പിന്നീട് പാര്‍ട്ടിയില്‍ ചുമതലകള്‍ ഏറെ വഹിച്ചു. 17-ാം വയസില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ ലോറന്‍സ് 95-ാം വയസില്‍ വിടവാങ്ങിയിരിക്കുന്നു.

സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും ഏറെക്കാലം പ്രവര്‍ത്തിച്ച ചരിത്രമുണ്ട് എം.എം.ലോറന്‍സിന്. ഇടുക്കി എംപിയായും എല്‍ഡിഎഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചു. വിഎസ് എന്ന അതികായനെ പലപ്പോഴും നേരിട്ടു തന്നെ വിമര്‍ശിച്ചു. കടുത്ത കമ്യൂണിസ്റ്റ് ആശയവാദിയായപ്പോളും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായി. തൊഴിലാളി പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ച മാര്‍ഗ്ഗദര്‍ശിയായി. ഇതിനെല്ലാം ഊര്‍ജ്ജം ലഭിച്ചത് പതിറ്റാണ്ടുകള്‍ നീണ്ട കമ്യൂണിസ്റ്റ് ജീവിതത്തില്‍ നിന്ന്. സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ നിന്ന് പാര്‍ട്ടിപ്രവര്‍ത്തനം ആരംഭിച്ച ലോറന്‍സ് 18-ാം വയസില്‍ പാര്‍ട്ടി അംഗമായി. പിന്നീട് എറണാകുളം ജില്ലാ കമ്മിറ്റിയംഗം, സംസ്ഥാന കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം, എല്‍ഡിഎഫ് കണ്‍വീനര്‍ എന്നീ ചുമതകളിലേക്ക് വളര്‍ന്നു. പാര്‍ട്ടിയിലുണ്ടായ വിഭാഗീയതയുടെ ചുഴിയില്‍ പെട്ട് ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. പിന്നീട് സംസ്ഥാന കമ്മിറ്റിയില്‍ വരെ തിരികെയെത്തി. സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതത്തിനാണ് അന്ത്യമായിരിക്കുന്നത്.

ഇടപ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ നിന്ന് ആരംഭിക്കുന്നു ലോറന്‍സിന്റെ ചരിത്രം. 1950 ഫെബ്രുവരി 28നായിരുന്നു ആ സംഭവം. മാര്‍ച്ച് 9ന് റെയില്‍വേ തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്കിന് അന്നത്തെ ജനറല്‍ സെക്രട്ടറി ബി ടി രണദിവെ ആഹ്വാനം ചെയ്തു. ഇതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഇടപ്പള്ളി, പോണേക്കരയില്‍ രഹസ്യ യോഗം ചേര്‍ന്നു. ഫെബ്രുവരി 27ന് വൈകിട്ടാണ് ലോറന്‍സ് അടക്കമുള്ളവര്‍ ഇതിനായി എറണാകുളത്തു നിന്ന് ട്രെയിനില്‍ ഇടപ്പള്ളിയില്‍ എത്തിയത്. ഇതിനിടെ രണ്ട് സഖാക്കളെ പോലീസ് പിടികൂടി ഇടപ്പള്ളി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും അവരില്‍ ഒരാള്‍ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതായും വിവരമറിഞ്ഞു. ജീവിച്ചിരിക്കുന്നയാളെ രക്ഷിക്കുന്നതിനായാണ് പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. ലോക്കപ്പില്‍ കിടന്നവരെ രക്ഷപ്പെടുത്താന്‍ സാധിച്ചതുമില്ല. ഒരു മാസത്തിന് ശേഷം പോലീസ് ലോറന്‍സിനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു. ക്രൂര മര്‍ദ്ദനമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. കൊല്ലാനായിരുന്നു പോലീസ് പദ്ധതിയിട്ടതെങ്കിലും പിന്നീട് അവര്‍ അതില്‍ നിന്ന് പിന്‍മാറി.

പാര്‍ട്ടി ചുമതലകളാണ് ലോറന്‍സ് ഏറെക്കാലം വഹിച്ചത്. 1967ല്‍ സിപിഎം ജില്ലാ സെക്രട്ടറിയായി. 1978 മുതല്‍ 98 വരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. 1986 മുതല്‍ 98 വരെ എല്‍ഡിഎഫ് കണ്‍വീനറായി. 1998ല്‍ സേവ് സിപിഎം ഫോറവുമായി ബന്ധപ്പെട്ട് തരംതാഴ്ത്തപ്പെട്ടു. പിന്നീട് നാല് വര്‍ഷത്തിന് ശേഷം 2002ല്‍ ജില്ലാക്കമ്മിറ്റിയിലേക്ക് മടങ്ങിയെത്തി. 2005ല്‍ സംസ്ഥാന കമ്മിറ്റിയിലേക്കും എത്തി. പാര്‍ട്ടിയില്‍ വിഭാഗീയത കത്തി നില്‍ക്കുന്ന കാലത്ത് സംസ്ഥാന സമിതിയില്‍ മടങ്ങിയെത്തി ലോറന്‍സ് വി.എസ്.അച്യുതാനന്ദനെതിരെ ശക്തമായ നിലപാട് പരസ്യമായി സ്വീകരിച്ച നേതാവായിരുന്നു. ഔദ്യോഗിക പക്ഷത്തിനൊപ്പമായിരുന്നു ലോറന്‍സ് നിലകൊണ്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് കൊച്ചിയിലെ തൊഴിലാളികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച ചരിത്രമുണ്ട് ലോറന്‍സിന്. എന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു ലോറന്‍സിന്റെ പോരാട്ടം.

കിഷ്കിന്ധാ കാണ്ഡം, വിശുദ്ധമായ കരുതലിന്‍റെ, സ്നേഹത്തിന്‍റെ ഗാഥ

ആ ത്രില്ലര്‍ ചിത്രം പോലെ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം: കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥാകൃത്ത് ബാഹുല്‍ രമേശ്

ദുരനുഭവങ്ങളില്‍ നോ പറയാത്തവരെ കുറ്റപ്പെടുത്തരുത്, എല്ലാവരും വരുന്നത് പ്രിവിലേജുള്ള ഇടങ്ങളില്‍ നിന്നാകില്ല: ദിവ്യപ്രഭ

സാരിയിലെ പാട്ടിൽ മനുഷ്യരില്ല, മുഴുവൻ ​ഗാനങ്ങളും എഐ ചെയ്തത്; എഐ സം​ഗീതം മാത്രമുള്ള ചാനൽ ആരംഭിച്ച് രാം ​ഗോപാൽ വർമ്മ

പോലീസ് സേനയുടെ മനോവീര്യം തകർക്കാൻ സമ്മതിക്കില്ല; ആരോപണം വന്നത് കൊണ്ട് എഡിജിപിയെ മാറ്റില്ല, നടപടി റിപ്പോർട്ട് ലഭിച്ച ശേഷം; മുഖ്യമന്ത്രി

SCROLL FOR NEXT