Kerala News

ധനസഹായത്തില്‍ എന്തിനാണ് പെട്ടിമുടിയോട് വിവേചനം?, കരിപ്പൂരിലെത്തിയ മുഖ്യമന്ത്രി രാജമലയില്‍ എത്തേണ്ടതായിരുന്നുവെന്ന് രമേശ് ചെന്നിത്തല

കരിപ്പൂര്‍ വിമാനാപകടത്തില്‍ ധനസഹായമായി പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ച സര്‍ക്കാര്‍ പെട്ടിമുടി മലയിടിച്ചിലില്‍ മരിച്ചവര്‍ക്ക് 5 ലക്ഷം രൂപ പ്രഖ്യാപിച്ചത് വിവേചനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ കരിപ്പൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജമല സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം രാജമലയില്‍ എത്തിയില്ല. മുഖ്യമന്ത്രി ഈ പാവങ്ങളുടെ സങ്കടം കാണാന്‍ എത്തേണ്ടിയിരുന്നുവെന്നും രാജമലയില്‍ ഞായറാഴ്ച രാവിലെ എത്തിയ പ്രതിപക്ഷ നേതാവ് പറഞ്ഞു. രാജമലയിലെ സന്ദര്‍ശനം ഒരു തരത്തിലും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് കരുതിയാണ് കുറഞ്ഞ ആളുകള്‍ക്കൊപ്പം എത്തിയതെന്നും ചെന്നിത്തല. രാജമലയിലുള്ളവര്‍ക്ക് ധനസഹായത്തില്‍ വിവേചനമുണ്ടായി എന്ന തോന്നലുണ്ടായെന്നും പ്രതിപക്ഷ നേതാവ്.

രമേശ് ചെന്നിത്തലയുടെ പ്രതികരണം

രാജമല ദുരന്തബാധിതര്‍ക്ക് 5 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ ധനസഹായം നിശ്ചയിച്ചിരിക്കുന്നത്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ഈ തുച്ഛമായ തുക കൊണ്ട് ഒന്നുമാകില്ല. 10 ലക്ഷം രൂപ വീതം കരിപ്പൂര്‍ ദുരന്തത്തിനിരയായവര്‍ക്ക് അടിയന്തിര സഹായം അനുവദിച്ച സാഹചര്യത്തില്‍ എന്തിനാണ് ഈ വിവേചനം? ആദ്യഘട്ടസഹായം എന്നൊക്കെ പറഞ്ഞാണ് ഈ വിവേചനത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. രാജമലയിലെ വ്യക്തികള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ 10 ലക്ഷം രൂപ വീതം നല്‍കാന്‍ മുഖ്യമന്ത്രി സത്വര നടപടികള്‍ കൈക്കൊള്ളണം.

ഇടുക്കി രാജമല പെട്ടിമുടി മലയിടിച്ചിലില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള ദുരിതാശ്വാസത്തില്‍ വിവേചനമെന്ന പരാതിയുമായി സിപിഐ ജില്ലാ സെക്രട്ടറിയും രംഗത്ത് വന്നിരുന്നു. ആദ്യഘട്ട ധനസഹായമാണെന്നും വീഴ്ചയുണ്ടായില്ലെന്നുമാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്നലെത്തന്നെ രാജമലയില്‍ എത്തിപ്പെടാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അതിന് സാധിക്കാത്ത കാലാവസ്ഥയായിരുന്നു. മൂന്നാറിലെങ്കിലും എത്താന്‍ കഴിയുമോ എന്നും ആലോചിച്ചുവെങ്കിലും അതിന് സാധിക്കുന്ന സാഹചര്യമല്ലായിരുന്നു.
മുഖ്യമന്ത്രി

മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചത്

രാജമലയില്‍ ആദ്യഘട്ടത്തിലുള്ള ധനസഹായമാണ് പ്രഖ്യാപിച്ചത്. അവിടെ രക്ഷാപ്രവര്‍ത്തനം തന്നെ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ദുരന്തത്തിന്റെ വ്യാപ്തി അതിനുശേഷമേ വിലയിരുത്താനാകൂ. നഷ്ടവും പിന്നീടേ കണക്കാക്കാനാകൂ. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ സഹായങ്ങളും ഉണ്ടാകും. പെട്ടിമുടിയില്‍ അഞ്ച് ലക്ഷവും കരിപ്പൂരില്‍ 10 ലക്ഷവും അനുവദിച്ചത് വിവേചമല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് പെട്ടിമുടിയില്‍. ഉറ്റവര്‍ നഷ്ടപ്പെട്ടുപോയ ജനതയെ ചേര്‍ത്തുപിടിക്കേണ്ട അവസ്ഥയാണ് വന്നുചേര്‍ന്നത്. ആളുകള്‍ക്ക് ജീവനോപാധിയും വാസസ്ഥലവും നഷ്ടപ്പെട്ടിട്ടുണ്ട്. അതെല്ലാം ഉറപ്പ് വരുത്താനുള്ള ബാധ്യത സാധാരണ നിലയില്‍ സര്‍ക്കാരിനുണ്ട്. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് മാത്രമേ പ്രശ്നങ്ങള്‍ മനസിലാക്കാനാകൂ. സര്‍ക്കാര്‍ ദുരിതബാധിതരെ സംരക്ഷിക്കുകയും ചെയ്യും അവരോടൊപ്പം നില്‍ക്കുകയും ചെയ്യും. ഇപ്പോള്‍ നടത്തിയ ധനസഹായ പ്രഖ്യാപനം ആദ്യഘട്ടത്തിലുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജമലയില്‍ പോയില്ല, കോഴിക്കോട് പോയി എന്നൊരു പ്രചരണവും കണ്ടു. അതില്‍ രണ്ട് കാര്യമാണ് നോക്കേണ്ടത്. രക്ഷാപ്രവര്‍ത്തനമാണ് അതീവ ഗൗരവമായി നടക്കേണ്ടത്. അതിന് വിവിധ ഏജന്‍സികളെയും വിഭാഗങ്ങളെയും ഏകോപിപ്പിക്കണം. ആ പ്രവര്‍ത്തനം രാജമലയില്‍ ഇപ്പോഴും നടന്നുവരികയാണ്. ഇന്നലെത്തന്നെ രാജമലയില്‍ എത്തിപ്പെടാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അതിന് സാധിക്കാത്ത കാലാവസ്ഥയായിരുന്നു. മൂന്നാറിലെങ്കിലും എത്താന്‍ കഴിയുമോ എന്നും ആലോചിച്ചുവെങ്കിലും അതിന് സാധിക്കുന്ന സാഹചര്യമല്ലായിരുന്നു. ഇപ്പോള്‍ മന്ത്രിമാരായ എം എം മണിയും ഇ ചന്ദ്രശേഖരനും ദുരന്തസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT