വയനാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി. വയനാട് ഒഴിഞ്ഞ് റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്ന രാഹുല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വയനാട് വിടാനുള്ള തീരുമാനം താന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയുമ്പോള്‍ തന്റെ കണ്ണുകളിലെ സങ്കടം നിങ്ങള്‍ കണ്ടിരിക്കണം. ഓരോ ദിവസവും താന്‍ അധിക്ഷേപം അഭിമുഖീകരിച്ചപ്പോള്‍ നിങ്ങളുടെ നിരുപാധികമായ സ്‌നേഹം സംരക്ഷിച്ചു. നിങ്ങള്‍ എന്റെ അഭയവും വീടും കുടുംബവുമായിരുന്നു. നിങ്ങള്‍ എന്നെ സംശയിച്ചതായി ഒരു നിമിഷം പോലും എനിക്ക് തോന്നിയിട്ടില്ല. തനിക്ക് സങ്കടമുണ്ട്. പക്ഷേ തന്റെ സഹോദരി പ്രിയങ്ക നിങ്ങളെ പ്രതിനിധീകരിക്കാന്‍ ഉണ്ടാകുമെന്നതില്‍ ആശ്വസിക്കുന്നതായും രാഹുല്‍ കുറിച്ചു.
പോസ്റ്റിലെ വാചകങ്ങള്‍
വയനാട്ടിലെ പ്രിയ സഹോദരീ സഹോദരന്മാരേ,
നിങ്ങള്‍ക്ക് സുഖമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് ആ തീരുമാനത്തെക്കുറിച്ച് പറയുമ്പോള്‍ എന്റെ കണ്ണുകളിലെ സങ്കടം നിങ്ങള്‍ കണ്ടിരിക്കണം.
എന്തു കൊണ്ടായിരിക്കണം ഞാന്‍ ഇങ്ങനെ ദുഃഖിതനാകുന്നത്...?
അഞ്ച് വര്‍ഷം മുമ്പാണ് ഞാന്‍ നിങ്ങളെ കണ്ടത്. നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ അഭ്യര്‍ഥിക്കാനായിരുന്നു അന്ന് ഞാന്‍ വന്നത്. ഞാന്‍ നിങ്ങള്‍ക്ക് അപരിചിതനായിരുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ വിശ്വസിച്ചു. അവാച്യമായ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങള്‍ എന്നെ സ്വീകരിച്ചു. നിങ്ങള്‍ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, നിങ്ങള്‍ ഏത് സമുദായത്തില്‍ നിന്നുള്ളയാളാണെന്നോ, ഏത് മതത്തില്‍ വിശ്വസിച്ചെന്നോ, ഏത് ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്നമായിരുന്നില്ല.
ഓരോ ദിവസവും ഞാന്‍ അധിക്ഷേപം അഭിമുഖീകരിച്ചപ്പോള്‍, നിങ്ങളുടെ നി നിരുപാധികമായ സ്‌നേഹം എന്നെ സംരക്ഷിച്ചു. നിങ്ങള്‍ എന്റെ അഭയവും, വീടും, കുടുംബവുമായിരുന്നു. നിങ്ങള്‍ സംശയിച്ചതായി ഒരു നിമിഷം പോലും എനിക്ക് തോന്നിയിട്ടില്ല. എന്നെ
പ്രളയകാലത്ത് കണ്ടത് ഞാന്‍ ഒരിക്കലും മറക്കില്ല. എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങള്‍. ജീവനും സ്വത്തും സുഹൃത്തുക്കളും എല്ലാം നഷ്ടമായവര്‍. എന്നിട്ടും നിങ്ങളില്‍ ഒരാള്‍ പോലും നിങ്ങളുടെ ഔന്നത്യം കൈവെടിഞ്ഞില്ല.
നിങ്ങള്‍ എനിക്ക് നല്‍കിയ എണ്ണമറ്റ പൂക്കളും ആലിംഗനങ്ങളും ഞാന്‍ എന്നും ഓര്‍മ്മിക്കും. നിങ്ങ ഓരോരുത്തരും ആത്മാര്‍ത്ഥമായ സ്‌നേഹവും ആര്‍ദ്രതയും എനിക്ക് നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ ചെറിയ പെണ്‍കുട്ടികള്‍ എന്റെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്ന ധൈര്യവും, സൗന്ദര്യവും, ആത്മവിശ്വാസവും ഞാന്‍ എങ്ങനെ മറക്കും. പാര്‍ലമെന്റില്‍ നിങ്ങളുടെ ശബ്ദമാകാന്‍ കഴിഞ്ഞത് ശരിക്കും സന്തോഷവും അഭിമാനവുമായിരുന്നു.
എനിക്ക് സങ്കടമുണ്ട്, പക്ഷേ ഞാന്‍ ആശ്വസിക്കുന്നു, കാരണം നിങ്ങളെ പ്രതിനിധീകരിക്കാന്‍ എന്റെ സഹോദരി പ്രിയങ്ക ഉണ്ടാകും. നിങ്ങള്‍ അവര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍, നിങ്ങളുടെ എംപി എന്ന നിലയില്‍ അവര്‍ മികച്ച ജോലി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.
റായ്ബറേലിയിലെ ജനങ്ങളില്‍ എനിക്ക് സ്‌നേഹമുള്ള ഒരു കുടുംബമുണ്ട്. നിങ്ങളെപ്പോലെ ഞാനെന്നും ആഴത്തില്‍ വിലമതിക്കുന്ന ഒരു ബന്ധവുമുണ്ട് എന്നതിലും എനിക്ക് ആശ്വാസമുണ്ട്. നിങ്ങളോടും റായ്ബറേലിയിലെ ജനങ്ങളോടുമുള്ള എന്റെ പ്രതിബദ്ധത, രാജ്യത്തുടനീളം പ്രചരിക്കുന്ന വിദ്വേഷത്തെയും അക്രമത്തെയും നമ്മള്‍ ഒന്നിച്ചു നിന്നു പരാജയപ്പെടുത്തും എന്നുള്ളതാണ്.
നിങ്ങള്‍ എനിക്കായി ചെയ്തതിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും സംരക്ഷണത്തിനുമുള്‍പ്പെടെ. നിങ്ങള്‍ എന്റെ കുടുംബ ത്തിന്റെ ഭാഗമാണ്, നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒപ്പം എന്നും ഞാനുണ്ടാകും.
ഹൃദയം നിറഞ്ഞ നന്ദി,
സ്‌നേഹം...